വിശുദ്ധ പലായന ഓർമയിൽ ഒരു ഹിജ്റ വർഷം കൂടി

യാംബു: ഹിജ്റ (1444) പുതുവർഷത്തിന് തുടക്കമായി. പ്രവാചകൻ മുഹമ്മദും അനുചരന്മാരും മക്കയിൽനിന്നും മദീനയിലേക്ക് വിശുദ്ധ പലായനം ചെയ്ത സ്മരണകൾ അയവിറക്കിയാണ് പുതുവർഷത്തെ വിശ്വാസികൾ വരവേൽക്കുന്നത്. ക്രിസ്തുവർഷം 622 മുതലാണ് ഹിജ്റ വർഷത്തിന് തുടക്കം കുറിച്ചത്. 130 കോടിയിലേറെയുള്ള മുസ്‌ലിംകൾ അനുഷ്ഠാനങ്ങൾക്കും മറ്റും അവലംബിക്കുന്ന കാലഗണനക്രമമാണിത്. ലോകത്ത് വ്യത്യസ്ത കലണ്ടറുകൾ ഉണ്ടെങ്കിലും അവക്കിടയിലെ സമാനതകൾ മാനവികതയുടെ ഏകതയാണ് പ്രകടമാക്കുന്നത്.

സന്ധ്യയോടെ ദിനാരംഭം കുറിക്കുന്ന ഹിജ്‌റ കലണ്ടറിൽ 354 ദിനങ്ങളാണുള്ളത്. ഹിജ്‌റ കലണ്ടറിലെ ദിനങ്ങളുടെയും മാസങ്ങളുടെയും ക്രമവും നാമവുമൊക്കെ പൗരാണിക കാലം മുതലുള്ളതാണ്. പ്രാരംഭ മാസമായ മുഹർറവും ഏഴാമത്തെ മാസമായ റജബും ഹജ്ജ് കാലമായ ദുൽഖഅദ്, ദുൽഹജ്ജ് എന്നീ മാസങ്ങളും പഴയകാലം മുതലേ യുദ്ധനിരോധിത മാസങ്ങളായി അറിയപ്പെടുന്നവയാണ്. സമാധാനം എന്ന അർഥമുള്ള 'ഇസ്‌ലാം' എന്ന പദത്തെ അന്വർഥമാക്കുന്നതാണ് ഇത്. ഒമ്പതാം മാസമായ റമദാൻ വ്രതാനുഷ്ഠാനത്തിലും മറ്റു സുകൃതങ്ങളിലും വിശ്വാസികൾ കൂടുതൽ മുഴുകുന്ന മാസമാണ്.

രണ്ടാം ഖലീഫയായ ഉമറിന്റെ കാലത്താണ് ഹിജ്‌റയെ അടിസ്ഥാനമാക്കിയ കലണ്ടറിന് ആരംഭം കുറിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗം നടന്നപ്പോൾ കാലഗണന എവിടെ നിന്നാരംഭിക്കണമെന്ന ചർച്ച വന്നു. ചിലർ പ്രവാചകന്റെ ജനനവുമായും മറ്റു ചിലർ അദ്ദേഹത്തിന്റെ വിയോഗവുമായും ബന്ധപ്പെട്ടും വർഷം കണക്കുകൂട്ടണമെന്ന വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി.

എന്നാൽ ഖലീഫ ഉമർ അതെല്ലാം തള്ളിക്കളഞ്ഞു. ഇസ്‌ലാം ഒട്ടും പൊറുപ്പിക്കാത്ത വ്യക്തിപൂജ, വീരാരാധന തുടങ്ങിയ ദുഷ്പ്രവണതകൾക്ക് ഇത് വഴിവെക്കുമെന്ന ആശങ്കയായിരുന്നു ഖലീഫക്ക്. നാലാം ഖലീഫ അലി, മുഹമ്മദ് നബി മക്കയിൽനിന്ന് മദീനയിലേക്ക് പലായനം (ഹിജ്‌റ) ചെയ്തതിനെ അടയാളമാക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചു. ഒടുവിൽ എല്ലാവരും ഈ അഭിപ്രായം അംഗീകരിച്ചു. ഇതാണ് ഹിജ്‌റ കലണ്ടറിന്റെ തുടക്കം.

മക്കയിൽനിന്ന് മദീനയിലേക്കുള്ള ഹിജ്റ നടന്നത് ക്രി. 622 സെപ്റ്റംബറിലാണ്. അപ്പോൾ പ്രവാചകന് 53 വയസ്സായിരുന്നു. ഹിജ്റ ഒരു ഒളിച്ചോട്ടമോ കേവലം പലായനമോ അല്ല; അതൊരു മഹാത്യാഗമായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടു​ത്തുന്നത്. പ്രവാചകൻ ഹിജ്‌റ നടത്തിയത് മുഹർറം മാസത്തിലല്ല, റബീഉൽ അവ്വൽ മാസത്തിലാണ്. ഹിജ്‌റ നടത്തിയ വർഷം ആദ്യ വർഷമായി എണ്ണിത്തുടങ്ങിയെങ്കിലും വർഷത്തിലെ മാസഘടനയിൽ മാറ്റമുണ്ടായില്ല.

മുഹർറം തന്നെ ആദ്യമായി നിശ്ചയിച്ചു. ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തിയ ചരിത്രകാരന്മാരെല്ലാം സംഭവങ്ങൾ കുറിച്ചുവെക്കാൻ ഹിജ്‌റ വർഷ തീയതിയാണ് ഉപയോഗിച്ചിരുന്നത്. ലോകം അംഗീകരിച്ച കലണ്ടറുകളിൽ പ്രമുഖസ്ഥാനം ഹിജ്‌റ കലണ്ടറിനുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മീയപരമായി ഏറെ വിശുദ്ധി കല്പിക്കപ്പെടുന്ന മാസം കൂടിയാണ്. ഹിജ്‌റ കലണ്ടറിൽ റമദാൻ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട മാസമായി പരിഗണിക്കുന്നതും മുഹർറമാണ്.

Tags:    
News Summary - Another Hijra year to commemorate the holy exodus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.