ദോഹ: മരുഭൂമിയിലെ മസറകളിലും തൊഴിലാളി ക്യാമ്പുകളിലും കാത്തിരിക്കുന്ന മനുഷ്യർക്കായി ഭക്ഷണപ്പൊതിയുമായി നോമ്പുകാലത്തും വിശേഷ ദിവസങ്ങളിലും പാഞ്ഞെത്തുന്ന സിദ്ദീഖ് വേങ്ങരക്ക് സുഹൃത്തുക്കൾ കാത്തുവെച്ച സർപ്രൈസാണ് ഈ പെരുന്നാൾ.
23 വർഷം നീണ്ട പ്രവാസത്തിനിടയിൽ നോമ്പും പെരുന്നാളുമെല്ലാം വിശക്കുന്ന മനുഷ്യർക്കിടയിൽ ചെലവഴിക്കാൻ സിദ്ദീഖ് ഇഷ്ടപ്പെടുമ്പോൾ, കടലുകൾക്കപ്പുറത്ത് പ്രിയതമ സഫീറയും മാതാവ് സൽമയും പ്രാർഥനകളുമായി കൂട്ടുചേരലാണ് പതിവ്. എന്നാൽ, ഈ ബലിപെരുന്നാൾ ഇവർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബുധനാഴ്ച പെരുന്നാൾ നമസ്കാരം കഴിഞ്ഞ്, ഉച്ചഭക്ഷണപ്പൊതിയുമായി സിദ്ദീഖ് മരുഭൂമിയിലേക്ക് വണ്ടിയുമായി പുറപ്പെടുമ്പോൾ ഒപ്പം സഫീറയും ചേരും.
പെരുന്നാൾ കൂടാൻ കടൽകടന്നെത്തിയ മക്കളായ ഹനൂൻ ഫാത്തിമയും അഹമ്മദ് ഇസ്സയും ഇഹാൻ സിദ്ദീഖും ബാപ്പച്ചിയുടെ കഥകളിൽ കേട്ടറിഞ്ഞ മരുഭൂമിയിലെ പെരുന്നാൾ അടുത്തറിയും. രണ്ടുപതിറ്റാണ്ട് മുമ്പ് പ്രവാസത്തിലെത്തിയ ശേഷം ഒരുതവണ മാത്രമാണ് സിദ്ദീഖ് നാട്ടിൽ പെരുന്നാൾ കൂടിയത്. എന്നാൽ, അതാവട്ടെ മറ്റു പല കാര്യങ്ങളുടെയും ടെൻഷനിലായിപ്പോയി. പിന്നെയൊരിക്കലും നോമ്പിനോ പെരുന്നാളിനോ നാട്ടിൽ കൂടാൻ കഴിഞ്ഞിട്ടില്ല.
ഖത്തറിൽ പല നാട്ടുകാരായ മനുഷ്യർ തന്നെ കാത്തിരിക്കുമ്പോൾ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കാനുള്ള ആഗ്രഹങ്ങൾ മാറ്റിവെച്ച് സിദ്ദീഖ് ഇവിടെ കൂടുകയാണ് പതിവ്. ഇതിനിടയിൽ മൂന്നുവർഷം മുമ്പ് കുടുംബത്തെ സന്ദർശന വിസയിൽ എത്തിക്കാൻ ശ്രമിച്ചപ്പോൾ കോവിഡിന്റെ വരവിൽ അതും മുടങ്ങി.
ഇതെല്ലാമറിയുന്ന കൂട്ടുകാരാണ് പത്തുദിവസം മുമ്പ് ഉമ്മയെയും ഭാര്യയെയും മക്കളെയും ദോഹയിലെത്തിച്ചത്. യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം രഹസ്യമാക്കി പൂർത്തിയാക്കി, രണ്ടുദിവസം മുമ്പ് മാത്രം അവർ സിദ്ദീഖിന് മുന്നിൽ സർപ്രൈസ് പൊട്ടിച്ചു. ഹമദ് വിമാനത്താവളത്തിലെത്തിയ കുടുംബത്തിന് സുഹൃത്തുക്കളെല്ലാം ചേർന്ന് സ്നേഹോഷ്മളമായ വരവേൽപ് നൽകി.
റയ്യാനിലെ വീട്ടിൽ ഇപ്പോൾ ആനന്ദത്തിന്റെ വലിയ പെരുന്നാൾതന്നെയാണ്. ബാപ്പച്ചിക്കൊപ്പം പെരുന്നാൾ കൂടാൻ ഏറെ കൊതിച്ച ഹനൂനും ഇസ്സക്കും ഇഹ്സാനും ഒരു മാസക്കാലം നീളുന്ന സന്തോഷപ്പെരുന്നാൾ. 15 വർഷം പിന്നിട്ട വിവാഹജീവിതത്തിൽ സഫീറക്കും ഇത് ഏറെ മുഹബ്ബത്തുള്ള ആദ്യ പെരുന്നാൾ. മകനും കുടുംബവും സന്തോഷനിമിഷങ്ങൾ ആനന്ദമാക്കുന്നത് കാണുമ്പോൾ ഉമ്മ സൽമക്കും കണ്ണും മനസ്സും നിറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.