ശാന്തിയുടെയും സ്നേഹത്തിന്റെയും ആഘോഷത്തിന്റെയും നക്ഷത്രങ്ങളാണ് ക്രിസ്മസ് കാലത്ത് മാനത്ത് വിരിയുന്നത്. സർവ ജനത്തിനും ഉണ്ടാകേണ്ട മഹാ സന്തോഷമായി പുൽക്കൂട്ടിൽ അവതാരം ചെയ്ത ക്രിസ്തുനാഥന്റെ ജൻമദിനം.
മനുഷ്യ ജീവിതം അതിന്റെ പൂര്‍ണതയിലെത്തുന്നത് സ്നേഹവും ത്യാഗവും സമാധാനവുമെല്ലാം മുറുകെപ്പിടിക്കുമ്പോഴാണ് എന്നാണ് ക്രിസ്തു ലോകത്തെ പഠിപ്പിച്ചത്. തന്നെത്തന്നെ ശൂന്യനാക്കി കാലിത്തൊഴുത്തിലാണ് ദൈവപുത്രൻ പിറന്നത്. ആ മഹാത്യാഗം മനുഷ്യരെ രക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. ലോകമെമ്പാടുമുള്ള വിശ്വാസികളെ സംബന്ധിച്ചിടത്തോളം ക്രിസ്തു അസാധാരണമായൊരു നക്ഷത്ര വെളിച്ചമാണ്. ആ വെളിച്ചത്തിലേക്കുള്ള യാത്രയാണ് ഓരോ വിശ്വാസിയുടേയും ജീവിതം.
വാനനിരീക്ഷകരായ മൂന്നു ജ്ഞാനികള്‍ ലോകത്തിന്റെ മൂന്നു കോണുകളില്‍നിന്നും നക്ഷത്രം കണ്ട് ഇറങ്ങിപ്പുറപ്പെട്ടവരാണ്. ആകാശത്തിലെ നക്ഷത്ര വെളിച്ചം പിന്‍ചെന്ന ജ്ഞാനികളെപ്പോലെ രക്ഷയുടെ വെളിച്ചമായ ക്രിസ്തുവിനെ കണ്ടെത്താൻ നമുക്കേവർക്കും ബാധ്യതയുണ്ട്. യേശു ക്രിസ്തുവിന്റെ ജന്മദിനമാഘോഷിക്കാന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം ഈ പ്രവാസഭൂമിയും ഒരുങ്ങിക്കഴിഞ്ഞു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് സന്തോഷത്തിന്റെയും പ്രതീക്ഷയുടേയും സുദിനമായി ഈ ക്രിസ്മസിനെ നമുക്ക് മാറ്റിത്തീർക്കാം.
സഹിഷ്ണുതയും സമാധാനവും മുഖമുദ്രയാക്കിയ ഈ മണ്ണിന്റെ ചൈതന്യത്തിന് നിരക്കുന്ന രീതിയിൽ നമുക്ക് സന്തോഷത്തോടെ ക്രിസ്മസിനെ വരവേൽക്കാം. ഇത്തവണ ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷൻ ന്യൂഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് വിരുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് എന്റെ ക്രിസ്മസ് ആഘോഷം. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.