അമ്പലപ്പുഴ: പഠിക്കാനും കളിക്കാനും മിടുക്കിയായ നിദ ഫാത്തിമയുടെ വിയോഗം നാട്ടുകാർക്ക് ഞെട്ടലായി. കുഞ്ഞനുജന് പൊന്മുത്തം നല്കി നിറചിരിയോടെ ഉമ്മക്ക് റ്റാറ്റ നല്കി അവൾ പോയത് മരണത്തിലേക്കായിരുന്നുവെന്നത് ആർക്കും ഉൾക്കൊള്ളാനാകുന്നില്ല.
പിതാവ് ഷിഹാബിന്റെ അടുത്ത സുഹൃത്തായിരുന്നു സൈക്കിള്‍ പോളോ പരിശീലകന് ജിതിന് രാജ്. അദ്ദേഹത്തിന്റെ നിർദേശത്തെത്തുടർന്നാണ് നിദ ഫാത്തിമയെ സൈക്കിള്‍ പോളൊ പരിശീലനത്തിനയച്ചത്. ദിവസങ്ങള്‍കൊണ്ട് നിദ കളിയിലെ മിന്നുംതാരമായി.
മൂന്ന് മാസത്തെ പരിശീലനം കൊണ്ടാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയത്. നാട്ടുകാര്‍ക്ക് കുഞ്ഞ് മകളായിരുന്നു. എത്ര പ്രായമായവരെയും ഒന്നും വിളിക്കാതെ കടന്നുപോകുമായിരുന്നില്ല. വളഞ്ഞവഴി ഏഴരപ്പീടികയിലുള്ള കുടുംബവീട്ടില്‍ കൂട്ടുകുടുംബമായായിരുന്നു താമസം. അടുത്തിടെ ഷിഹാബും കുടുംബവും കാക്കാഴം വ്യാസ ജങ്ഷന് സമീപത്തുള്ള വാടകവീട്ടിലേക്ക് മാറിയിരുന്നു.
അവിടെയും നാട്ടുകാര്‍ക്കിടയില്‍ നിദ ഏറെ പ്രിയപ്പെട്ടവളായിരുന്നു. സൈക്കിള്‍ പോളോ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുത്ത വിവരം അറിഞ്ഞതോടെ നാട്ടുകാരും വീട്ടുകാരും ഏറെ പ്രതീക്ഷയോടെയാണ് അവളെ യാത്രയയച്ചത്. പിന്നീട് കുട്ടിയുടെ മരണവിവരം ടി.വിയിലൂടെ കേട്ടത് നാട്ടുകാർക്ക് തികച്ചും അവിശ്വസനീയമായിരുന്നു.
അമ്പലപ്പുഴ: വാരിപ്പുണർന്ന് ഇളം കവിളിൽ മുത്തം നൽകി നാഗ്പുരിലേക്കയച്ച കുഞ്ഞുമകളുടെ വിയോഗ മറിഞ്ഞ് മാതാവ് അൻസിലയുടെ നിർത്താതെയുള്ള നിലവിളിക്ക് മുന്നിൽ പതറി ബന്ധുക്കൾ. നിദ ഫാത്തിമ ഏതാനും ദിവസം മുമ്പാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പുരിലേക്ക് പോയത്.
വ്യാഴാഴ്ചയാണ് മരണവിവരം അറിയുന്നത്. ഈ വിവരം അറിഞ്ഞതു മുതൽ കരഞ്ഞ് തളർന്നുവീണ മാതാവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിഷമിക്കുകയാണ്. നിദ ഫാത്തിമയുടെ സഹോദരൻ 3ാം ക്ലാസുകാരൻ നബീലിന്റെ നിലവിളിയും അസഹനീയമാണ്. കരഞ്ഞുതളർന്ന അൻസിലയെ നെഞ്ചുവേദനയെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സ്പോർട്സ് കൗണ്‍സില്‍ വഹിക്കും -മന്ത്രി
അമ്പലപ്പുഴ: നിദ ഫാത്തിമയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ വഹിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. ഇതിന് അഞ്ചുലക്ഷം രൂപ സ്പോർട്സ് കൗണ്‍സില്‍ അനുവദിച്ചു. നാഗ്പുരിലെ ആശുപത്രിയിലും മൃതദേഹം കൊണ്ടുവരാനും വേണ്ടിവരുന്ന ചെലവുകളാണ് സ്പോർട്സ് കൗണ്‍സിൽ വഹിക്കുന്നത്.
കൗണ്‍സിൽ പ്രതിനിധികൾ നാഗ്പുരിലെ അധികൃതരുമായും കുട്ടിയുടെ ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാൻ കത്തയച്ചിട്ടുണ്ട്. കുട്ടിയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് നീതിയുക്തമായ നടപടി ഉണ്ടാകണമെന്നാണ് കത്തിലെ ആവശ്യം.
കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടവും മറ്റു കാര്യങ്ങളും ഏകോപിപ്പിക്കാൻ ജില്ല കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഗ്പുരിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികൾ ആശുപത്രിയിൽ സജീവമായി സഹായത്തിന് രംഗത്തുണ്ട്. നിദ ഫാത്തിമയുടെ വീട്ടിലെത്തിയും ആശുപത്രിയിൽ കഴിയുന്ന മാതാവ് അന്‍സിലയെ കണ്ടും മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.