മദീന: ഹജ്ജ് കർമത്തിൽ മദീന ഇല്ലെങ്കിലും ഓരോ വിശ്വാസിയും എത്താൻ കൊതിക്കുന്ന നഗരമാണത്. മക്കയിലെത്തുന്ന വിശ്വാസികളിൽ ഭൂരിപക്ഷവും മദീനകൂടി സന്ദർശിച്ച ശേഷമാണ് മടങ്ങാറുള്ളത്. ഇസ്ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പുണ്യഭൂമിയാണ് മുഹമ്മദ് നബിയുടെ നഗരം എന്നറിയപ്പെടുന്ന മദീന. പ്രതിഫലം ആഗ്രഹിച്ച് തീർഥാടനം ചെയ്യാൻ അനുവദിച്ച ലോകത്തെ രണ്ടാമത്തെ പള്ളിയായ മസ്ജിദുന്നബവി ഇവിടെയാണ്. മുഹമ്മദ് നബി (സ) സ്ഥാപിച്ച മാതൃക ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനനഗരി കൂടിയായിരുന്നു മദീന മുനവ്വറ. ആദ്യകാലത്ത് യസ്രിബ് എന്നറിയപ്പെട്ടിരുന്ന പ്രദേശം മുഹമ്മദ് നബിയുടെ ആഗമനത്തോടെ മദീനത്തുന്നബവി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.
മദീനയിലെത്തിയ പ്രവാചകന്റെ 'ഖസ്വാഅ്' ഒട്ടകം മുട്ടുകുത്തിയ പ്രദേശത്താണ് എ.ഡി 622ൽ മസ്ജിദുന്നബവി നിർമിച്ചത്. വളരെ ചെറിയ കുടിൽ പോലെയായിരുന്നു അന്ന് പ്രവാചകന്റെ പള്ളി. മേൽക്കൂര ഈന്തപ്പനയോല മേഞ്ഞതും ചുവരുകൾ ചുട്ട ഇഷ്ടികകൊണ്ട് പണിതതുമായിരുന്നു. തൂണുകൾ ഈന്തപ്പനത്തടികളായിരുന്നു. നമസ്കരിക്കുന്നിടത്ത് ഒന്നും വിരിക്കാൻ ഇല്ലാത്തതിനാൽ മണലിലായിരുന്നു പ്രാർഥന നടത്തിയിരുന്നത്. പള്ളിയോട് ചേർന്ന് കിഴക്കുഭാഗത്തായി പ്രവാചക പത്നിമാർക്ക് കുടിലുകൾ പണിതിരുന്നു. അവിടെയായിരുന്നു പ്രവാചകന്റെ താമസവും. ആ വീടുകളുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ മുഹമ്മദ് നബിയുടെയും ഏറ്റവും അടുത്ത സഹചാരികളായ ഖലീഫ അബൂബക്കർ, ഖലീഫ ഉമർ എന്നിവരുടെ ഖബറുകളുള്ളത്. വിവിധ കാലഘട്ടങ്ങളിലെ ഭരണാധികാരികൾ ജനത്തിരക്കിൽനിന്ന് സംരക്ഷിക്കാൻ പണിത മതിൽക്കെട്ടുകൾക്കകത്ത് മണലിൽതന്നെയാണ് മുഹമ്മദ് നബിയുടെ ഖബർ.
മസ്ജിദുന്നബവി ആദ്യമായി വികസിപ്പിച്ചത് ഖലീഫ ഉമറിന്റെ കാലത്താണ്. ചുവരുകൾ പൊളിച്ച് പുതുക്കിപ്പണിത് വിസ്തീർണം വർധിപ്പിച്ചു. പള്ളിയിൽ ആദ്യമായി പായ വിരിക്കുകയും ചെയ്തു. പിന്നീട് മൂന്നാം ഖലീഫ ഉസ്മാനിന്റെ കാലത്തും പള്ളി വികസിപ്പിച്ചു. തൂണുകൾ ഇരുമ്പും ഈയവും ഉപയോഗിച്ച് പണിതു. ചുവരുകളുടെ കല്ലുകൾ നന്നായി രൂപപ്പെടുത്തിയതും തേക്കുകൊണ്ട് മേൽക്കൂര പണിതതും പ്രസംഗപീഠം (മിഹ്റാബ്) സ്ഥാപിച്ചതും ഈ കാലത്താണ്. പിന്നീട് പള്ളി വികസിപ്പിച്ചത് ഉമവി ഭരണാധികാരിയുടെ കാലത്താണ്. അന്നത്തെ മദീന ഗവർണറായിരുന്ന ഉമറുബ്നു അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ റോമിൽനിന്ന് മാർബിളും അത്യപൂർവ പരവതാനിയും കൊണ്ടുവരുകയുണ്ടായി. റോമിൽനിന്നുതന്നെയുള്ള എൺപതോളം വിദഗ്ധ ജോലിക്കാരാണ് പള്ളി പുതുക്കിപ്പണിതത്. ആദ്യമായി മിനാരങ്ങളുണ്ടാക്കിയതും മുഹമ്മദ് നബിയുടെയും മറ്റും ഖബറുകൾ പള്ളിക്കകത്താക്കി വികസിപ്പിച്ചതും ഈ കാലത്താണ്. പിന്നീട് അബ്ബാസിയ ഭരണകാലത്ത് മസ്ജിദുന്നബവിയുടെ വിസ്തീർണം 8,900 ചതുരശ്ര മീറ്ററായി വികസിപ്പിച്ചു. ഹിജ്റ 678ലാണ് ആദ്യമായി പ്രവാചകന്റെ ഖബറിന് മുകളിൽ ഖുബ്ബ സ്ഥാപിച്ചത്. തുർക്കിയിലെ ഉസ്മാനിയ ഖലീഫമാരുടെ കാലത്ത് മസ്ജിദുന്നബവിയിൽ നിരവധിതവണ വികസന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പള്ളിയുടെ വിസ്തീർണം 10,303 ചതുരശ്രമീറ്ററായി വർധിപ്പിച്ചു.
സൗദി ഭരണകൂടത്തിന്റെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് 1926ൽ ഹിജാസിന്റെ ഭരണമേറ്റെടുത്ത കാലത്ത് 300 ദശലക്ഷം റിയാൽ മസ്ജിദുന്നബവിയുടെ വികസനത്തിനായി നീക്കിവെച്ചു. 1929ൽ ആരംഭിച്ച വിപുലീകരണം സഊദ് രാജാവിന്റെ ഭരണകാലമായ 1953ലാണ് പൂർത്തിയായത്. ശേഷം ഫൈസൽ രാജാവിന്റെ കാലത്ത് പള്ളിയുടെ ആറിരട്ടി വലുപ്പത്തിൽ അതിന്റെ പടിഞ്ഞാറുഭാഗത്ത് താൽക്കാലിക ഷെഡ് നിർമിച്ചു. ഹജ്ജിനും ഉംറക്കും എത്തുന്ന തീർഥാടകരുടെ എണ്ണം വൻതോതിൽ വർധിച്ചതിനാൽ കാലാകാലങ്ങളായി വീണ്ടും പള്ളി വികസിപ്പിക്കേണ്ടിവന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ഇപ്പോൾ ഏറക്കുറെ പൂർത്തിയാക്കിവരുന്നത്. സ്വർഗപ്പൂന്തോപ്പുകളിലൊരു പൂന്തോപ്പ് എന്നറിയപ്പെടുന്ന 'റൗദ ശരീഫ്' മസ്ജിദുന്നബവിയിൽ സദാ ജനസമൃദ്ധമായ പുണ്യപ്രദേശമാണ്. നബിയുടെ ഖബറിനും 'മിംബറി'നുമിടയിലുള്ള കൊച്ചു ചത്വരമാണ് റൗദ ശരീഫ്. മുഹമ്മദ് നബി സ്വർഗത്തോപ്പ് എന്ന് വിശേഷിപ്പിച്ച മസ്ജിദുന്നബവിക്കകത്തെ ഒരു പ്രത്യേക സ്ഥലമാണ് റൗദ. മറ്റൊരാൾക്ക് തടസ്സമുണ്ടാക്കാത്ത രീതിയിൽ അവിടെവെച്ചുള്ള നമസ്കാരത്തിനും പ്രാർഥനകൾക്കും ഏറെ ശ്രേഷ്ടതയുണ്ട്. മുഹമ്മദ് നബിയുടെ പാദസ്പർശം ഏറ്റവുമധികം പതിഞ്ഞ പുണ്യസ്ഥലമാണിത്. 'എന്റെ വീടിനും മിംബറിനും ഇടക്കുള്ള ഭാഗം സ്വർഗപൂന്തോപ്പുകളിലൊന്നാണ്' എന്ന നബിവചനം ആ ഭാഗത്ത് മുകളിലായി അലങ്കരിച്ചെഴുതിയിട്ടുണ്ട്.
നിലവിൽ 1,65,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പള്ളിയുടെ അകത്ത് 2,57,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. ടെറസിൽ 90,000 പേർക്കുള്ള സൗകര്യം വേറെയുമുണ്ട്. ചുറ്റുമുള്ള മാർബിൾ പതിച്ച മുറ്റവുംകൂടി ഉപയോഗിച്ചാൽ ഏഴുലക്ഷത്തിലധികം പേർക്ക് ഒന്നിച്ച് നമസ്കരിക്കാൻ കഴിയും. തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് മസ്ജിദുന്നബവിയിൽ ഇപ്പോൾ സൗകര്യപ്പെടുത്തിയിരിക്കുന്നത്. പള്ളിയുടെ വാസ്തുശില്പ ചാരുതയും അത്യാധുനിക സംവിധാനങ്ങളും ഏറെ മികവുറ്റതാണ്. 72 മീ. വീതം ഉയരമുള്ള 10 മിനാരങ്ങളും മുറ്റത്ത് തണൽവിരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുള്ള കുടകളുമുണ്ട്. 41 വാതിലുകളാണ് പള്ളിക്കുള്ളത്. മുഹമ്മദ് നബിയുടെ ഖബറിടം സന്ദർശിക്കാൻ പ്രവേശിക്കുന്ന മുൻവശത്ത് വലതുഭാഗത്തുള്ള 'ബാബുസ്സലാമാ'ണ് ഒന്നാം നമ്പർ കവാടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.