കാശിയിൽ പാതി കൽപാത്തിയെന്നാണ്. അത്രക്കുണ്ട് ഈ അഗ്രഹാരവീഥികളുടെ പെരുമ. കൽപാത്തിക്ക് തമിഴ്നാട്ടിലെ മയിലാടുതുറൈയുമായി അഭേദ്യ ബന്ധമുണ്ട്. ഏഴ് നൂറ്റാണ്ട് മുമ്പ് തമിഴ്നാട്ടിലെ തഞ്ചാവൂർ - മയിലാടുതുറൈ മേഖലയിൽനിന്ന് കുടിയേറിയ ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ അനുരണനങ്ങളാണ് കൽപാത്തി രഥോത്സവത്തിൽ പ്രതിഫലിക്കുന്നത്. മയിലാടുതുറൈക്ക് മായാവരം എന്നായിരുന്നു പഴയ പേര്. ബ്രാഹ്മണർ മാത്രമല്ല, അവരോടൊപ്പം മറ്റു പല ജനവിഭാഗങ്ങളും കൽപാത്തിയിലും പരിസരങ്ങളിലുമെത്തി താമസം ഉറപ്പിച്ചു.
കൽപാത്തി രഥോത്സവം നടക്കുന്ന നാളുകളിൽ (തമിഴ് മാസം ഐപ്പശിയുടെ അവസാന 10 ദിവസങ്ങളിൽ) ഇതേ ആചാരാനുഷ്ഠാനങ്ങളുമായി തഞ്ചാവൂരിലെ മായാവരത്തും രഥോത്സവം ഉണ്ടാകും. കൂടാതെ സമീപ ഗ്രാമമായ അയ്യപ്പുരത്തിൽ ശിവരാത്രി ദിനത്തിൽ ആരംഭിക്കുന്ന ‘മഹാഭാരത മഹോത്സവം’ ഇതേ ആചാര അനുഷ്ഠാനങ്ങളുടെ തമിഴ്നാട്ടിലെ മായവരുത്തും തെങ്കാശിയിലും നടക്കുന്നു.
തമിഴ്നാട് കുംഭകോണം സൂര്യനാർകോവിൽ വാമദേവ ശിവകിര യോഗികൾ അധീനം പരമ്പരയിലെ 28ാമത് പരമാചാര്യർ സ്വാമി മഹാലിംഗ ദേശീകരുടെ സാന്നിധ്യത്തിൽ കൽപാത്തി ഇത്തവണ ധന്യമായി. കൽപാത്തി സംസ്കൃതിയും രഥോത്സവത്തിന്റെയും പ്രഭവ സ്ഥാനമായ മായാവരം, തഞ്ചാവൂർ, കുംഭകോണം പ്രദേശങ്ങളിലെത്തി കൽപാത്തി ഗ്രാമം പ്രതിനിധികൾ അവിടെത്തെ ആചാര്യന്മാരെയും പുരോഹിതന്മാരെയും രഥോത്സവത്തിന് ക്ഷണിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് യോഗികൾ കൽപാത്തിയിലെത്തിയത്.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രഥോത്സവത്തോടനുബന്ധിച്ച് എത്തിച്ച ധ്വജങ്ങൾ കാശിയിൽ നിന്നായിരുന്നു.
ആദ്യകാലത്ത് വിശ്വനാഥക്ഷേത്രത്തിലെ രഥം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് പ്രസന്ന മഹാഗണപതി ക്ഷേത്രവും മന്തക്കര മഹാഗണപതി ക്ഷേത്രവും ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രവും രഥങ്ങൾ നിർമിക്കുകയും ഉത്സവത്തിൽ പങ്കുചേരുകയും ചെയ്തു.
തഞ്ചാവൂരിൽനിന്ന് ബ്രാഹ്മണർ മാത്രമല്ല, പല കച്ചവടക്കാരും തൊഴിൽ മേഖലയിലുള്ളവരെയും കൂട്ടിക്കൊണ്ടുവന്നു എന്നാണ് പറയുന്നത്. അതിനാലാണ് കൽപാത്തിയും തഞ്ചാവൂരും തമ്മിലെ ബന്ധം ഇന്നും നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.