ജിദ്ദ: ഇന്ത്യൻ ഫോട്ടോഗ്രാഫർ പകർത്തിയ 115 വർഷം മുമ്പുള്ള ഹജ്ജിന്റെ കാഴ്ചകളുടെ പുസ്തകം പുറത്തിറങ്ങി. കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രററിയാണ് ഗവേഷകനായ ഡോ. സാഹിബ് ആലം അൽനദ്വി തയാറാക്കിയ 'ഇരുഹറമുകളും ഹജ്ജിന്റെയും കാഴ്ചകളും ഹാജി അഹ്മദ് മിർസയുടെ ലെൻസിലൂടെ' എന്ന പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്.
240 പേജുകളുള്ള പുസ്തകത്തിൽ പുരാതന ഭൂപടങ്ങളിലും ഡ്രോയിങുകളിലും മിനിയേച്ചറുകളിലും ഇരുഹറമുകളെക്കുറിച്ചുള്ള ആമുഖം ഉൾപ്പെടുന്നു. ഇന്ത്യൻ ഫോട്ടോഗ്രാഫറായ അഹ്മദ് മിർസ പകർത്തിയ ഇരുഹറമുകളുടെയും പുണ്യ സ്ഥലങ്ങളുടെയും ഫോട്ടോഗ്രാഫുകളാണ് ഇതിലുള്ളത്. ആദ്യകാല ഇന്ത്യൻ അച്ചടി സംസ്കാരത്തിൽ ഇരുഹറമുകൾ, ഫോട്ടോഗ്രാഫർ അഹമ്മദ് മിർസയുടെ വിവർത്തനം, ദബ്ബാസിന്റെ ആൽബത്തിലൂടെ ഇരുഹറമുകളുടെ മിർസയുടെ ചിത്രങ്ങളുടെ വിവർത്തനവും പഠനവും, ബ്രിട്ടീഷ് ലൈബ്രറി ആൽബത്തിലൂടെ ഇരുഹറമുകളുടെ മിർസയുടെ ചിത്രങ്ങളുടെ വിവർത്തനവും പഠനവും എന്നീ തലക്കെട്ടിലുള്ള നാല് അധ്യായങ്ങളാണ് ഗവേഷകൻ ഇതിലുൾക്കൊള്ളിച്ചിട്ടുള്ളത്.
ഹാജി അഹമ്മദ് മിർസയുടെ ഒരു കൂട്ടം ഫോട്ടോഗ്രാഫുകളുടെ വായന, വിശകലനം, ശാസ്ത്രീയ നിരീക്ഷണം എന്നിവയും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. 1907ൽ ഹജ്ജിനായി മക്കയിൽ വന്ന ആദ്യത്തെ ഇന്ത്യൻ പ്രഫഷനൽ ഫോട്ടോഗ്രാഫറായി ഹാജി അഹ്മദ് മിർസയെ കണക്കാക്കുന്നു. അതിനാൽ മക്കയിലെ തന്റെ സാന്നിധ്യം പ്രയോജനപ്പെടുത്തി ഹജ്ജിന്റെയും ഹറമുകളെയും സംബന്ധിച്ച വ്യതിരിക്തവും വിശിഷ്ടവുമായ ഫോട്ടോകൾ പകർത്തി ലോകത്തിന് സമർപ്പിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഡൽഹിയിലെ തന്റെ സ്റ്റുഡിയോയിൽ പ്രിൻറ് ചെയ്തു. ഹജ്ജ് ഉംറ തീർഥാടകർക്കും ഇത്തരത്തിലുള്ള ചിത്രങ്ങളിലും കാർഡുകളിലും താൽപ്പര്യമുള്ളവർക്കെല്ലാം വിൽക്കുന്നതിനായി മക്കയിലേക്കും മദീനയിലേക്കും അദ്ദേഹം അവ കയറ്റുമതി ചെയ്തു.
ഇന്ത്യയിലെ മുഗളന്മാരെക്കുറിച്ചുള്ള തന്റെ ഗവേഷണ പ്രബന്ധം തയാറാക്കാൻ തുടങ്ങിയ കാലം മുതൽ മിർസയുടെ ഫോട്ടോ ശേഖരണത്തിന്റെ തിരക്കിലായിരുന്നു പുസ്തകം തയാറാക്കിയ ഗവേഷകൻ. പുസ്തകത്തിന്റെ ആമുഖത്തിൽ തന്റെ തെരച്ചിലിനിടയിൽ ഡൽഹിയിലെ ഹാജി അഹമ്മദ് മിർസയുടെ സ്റ്റുഡിയോയിൽനിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ച ചിത്രങ്ങളും കാർഡുകളും ആൽബങ്ങളും സംബന്ധിച്ച് വിവരിക്കുന്നുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയിലുണ്ടെന്നും ബദർ ഈസ അൽഹാജിന്റെ 'പിക്ചേഴ്സ് ഫ്രം ദ പാസ്റ്റ്' എന്ന പുസ്തകത്തിലും വില്യം വെസിയുടെ 'ദ കിങ് ഓഫ് സൗദി അറേബ്യ: ദ ഏർലി ഫോട്ടോഗ്രാഫേഴ്സ്' എന്ന പുസ്തകത്തിലും മിർസയുടെ ചിത്രങ്ങൾ പരാമർശിക്കുന്നതായി ഗവേഷകൻ വ്യക്തമാക്കുന്നുണ്ട്.
ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നിർമിക്കുന്നതിൽ മിർസയ്ക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്നും ഉറുദു ഭാഷയിലുള്ള വിശദീകരണങ്ങളും അഭിപ്രായങ്ങളും കൊണ്ട് അവയെ അലങ്കരിക്കുകയും ചെയ്തുവെന്ന് ഗവേഷകൻ പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. ഹജ്ജ് നിർവഹണത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ പകർത്തിയ മിർസയുടെ മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും ചിത്രങ്ങൾക്ക് ആധുനിക കാലത്ത് വലിയ പ്രധാന്യമുണ്ടെന്നും വിവിരിക്കുന്നു. മക്ക ഹറം, മസ്ജിദുന്നബവി, അറഫ, ബാബ് അൽഅൻബരിയ, ഖൈഫ് പള്ളി, മിന, അൽ മുഅലാ, ബഖീഅ് മഖ്ബറകൾ, ഖുബാഅ്, ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങൾ എന്നിവ ആഴത്തിൽ ചിത്രീകരിക്കാൻ മിർസ ശ്രമിച്ചിട്ടുണ്ട്.
ഇരുഹറമുകളുടെ മിനിയേച്ചറുകളും ഡ്രോയിങുകളും നിർമിക്കുന്നതിൽ ഇന്ത്യക്കാരുടെ താൽപ്പര്യം, ഇന്ത്യൻ അച്ചടി സംസ്കാരത്തിൽ ആദ്യകാലം മുതൽ ഇരുഹറമുകളുടെ ചിത്രങ്ങൾക്കുള്ള സ്ഥാനം, 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ഇരുഹറമുകളുടെയും വിശുദ്ധ സ്ഥലങ്ങളുടെയും ഫോട്ടോകൾ പകർത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയ നിരവധി ഇന്ത്യൻ ഫോട്ടോഗ്രാഫർമാരെയും പുസ്തകത്തിൽ ഗവേഷൻ പരാമർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.