ശ്രേഷ്ഠമാക്കപ്പെട്ട മാസങ്ങളും ദിവസങ്ങളും ആഗതമാകുമ്പോൾ നമുക്ക് സന്തോഷവും പ്രതീക്ഷയുമുണ്ടാകണം. നന്മകൾക്ക് എത്രയോ ഇരട്ടി പ്രതിഫലം ലഭിക്കുന്ന മനോഹരമായ മുഹൂർത്തമാണ് പരിശുദ്ധ റമദാൻ. വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാൻ ഒരു കൊയ്ത്തുകാലമാണ്.
ഖുർആൻ അവതീർണമായ പരിശുദ്ധ മാസം. സംസ്കരണത്തിന്റെയും വിശുദ്ധിയുടെയും പാപമോചനത്തിന്റെയും സുവർണ ദിനങ്ങൾ. നോമ്പ് നിർബന്ധമാക്കിയത് ഭയഭക്തിയുണ്ടാകാൻവേണ്ടിയാണെന്നാണ് ഖുർആനിന്റെ അധ്യാപനം. ആത്മീയ പുരോഗതിക്കുവേണ്ടി ഈ സുദിനങ്ങൾ വിനിയോഗിക്കപ്പെടണം. നോമ്പുകാലത്തെ ഖുർആൻ പാരായണം മനസ്സിനെയും ശരീരത്തെയും സംസ്കരിക്കുവാനുള്ള അവസരമാക്കണം.
ശാരീരികവും ആത്മീയവുമായ രോഗങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് നിറവയർ. മഹാനായ മഖ്ദൂം ആത്മീയ രോഗങ്ങൾക്കുള്ള മരുന്നുകളെണ്ണിയതിൽ ഒന്നായിരുന്നു വയർ കാലിയാക്കിയിടൽ. അതിന്റെ ഗുണങ്ങൾ ലോകം തിരിച്ചറിഞ്ഞ് തുടങ്ങിയതിന്റെ ബാക്കിപത്രമായാണ്, യൂറോപ്പിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്ന സംസ്കാരം. അതുപോലെ, നോമ്പ് തുറപ്പിക്കലും ഭക്ഷണം നൽകലും അപരന്റെ ആരോഗ്യത്തിനും ആരാധനക്കും വേണ്ട ഒത്താശ നൽകലാണ്. നോമ്പുകാരന് ലഭിക്കുന്ന സമാനമായ പ്രതിഫലം ഒട്ടും കുറയാതെ തന്നെ നോമ്പ് തുറപ്പിച്ചവനും ലഭിക്കുന്നതാണ്. ആയതിനാൽ, കഴിയുന്നത്ര ആളുകളെ നോമ്പു തുറപ്പിക്കാൻ നമുക്ക് സാധിക്കണം.
വൈകാരികമായി അച്ചടക്കം കരസ്ഥമാക്കാനുള്ള ശ്രമങ്ങളും വിശ്വാസിയുടെ ഭാഗത്തു നിന്നുമുണ്ടാകണം. ദേഷ്യവും അസൂയയും പകയും വെടിയണം. തിരുനബി പഠിപ്പിക്കുന്നു: നോമ്പ് വിശ്വാസിക്ക് പരിചയാണ്. മോശമായ കാര്യങ്ങളിലോ വിവരദോഷികളുടെ വിനോദങ്ങളിലോ സമയം ചെലവഴിക്കരുത്.
നമ്മെ ആക്രമിക്കുന്നവരോടും അസഭ്യം വിളിക്കുന്നവരോടും, 'ഞാൻ നോമ്പുകാരനാണ്' എന്ന ബോധത്തിൽ, പ്രതികരിക്കാതെ മാറി നിൽക്കണം. താഴ്മയും കാരുണ്യവും പരിശീലിക്കാൻ ഈ സുദിനങ്ങളെ ഉപയോഗപ്പെടുത്തണം.
നിരാലംബരെ സഹായിക്കാനും നന്മകളിൽ വ്യാപൃതരാകാനും റമദാൻ മാസത്തിൽ പ്രത്യേക ഉത്സാഹം വേണം. റമദാനിൽ ധാരാളം ധർമം ചെയ്യുന്നവരായിരുന്നു തിരുനബി. നന്മകൾക്കു വേണ്ടി സമയം ചെലവഴിക്കുമ്പോൾ അകം തെളിഞ്ഞു തെളിഞ്ഞു വരും. അതു പുതിയൊരു ജീവിത ക്രമത്തെയും ശാരീരികവും ആത്മീയവുമായ ഉണർവിനെയും സമ്മാനിക്കും. വിശുദ്ധ റമദാൻ സമാഗതമായിട്ടും വേണ്ട വിധത്തിൽ അതിനെ സ്വീകരിക്കാൻ സാധിക്കാത്തവന് അല്ലാഹുവിന്റെ കോപമുണ്ടാകട്ടെ എന്ന് മലക്ക് ജിബ് രീലിന്റെ പ്രാർഥനക്ക് തിരുനബി ആമീൻ പറഞ്ഞ ചരിത്രം ഓർമയിലുണ്ടാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.