‘‘വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരാരോ അവർക്ക് പരമകാരുണികൻ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്, തീർച്ച.’’ വീണ്ടും പരിശുദ്ധമാസത്തിന്റെ പുണ്യദിനങ്ങൾ എത്തി. നല്ല കർമങ്ങൾക്ക് നന്മ ലഭിക്കുന്ന ഭൂമിയിലെ പുണ്യപൂക്കാലങ്ങളുടെ ഒരുമാസം. എവിടെയും പടച്ചതമ്പുരാനെ സ്തുതിച്ചുകൊണ്ട് മാത്രം നടന്നുനീങ്ങുന്ന സഹോദരങ്ങളുടെ വിശുദ്ധി നിറഞ്ഞ വ്രതത്തിന്റെ ഒരുമാസം. ആരാധനകർമങ്ങൾ മുഴങ്ങിക്കേൾക്കുന്ന, ആത്മീയത നിറഞ്ഞുനിൽക്കുന്ന ഭൂമിയിൽ ആരാധനാലയങ്ങളിൽ എപ്പോഴും വിശുദ്ധ ഖുർആൻ പാരായണവും അതിൽക്കൂടി ലഭിക്കുന്ന ആത്മീയതയുടെ ആഴവുമാണ് നോമ്പ് തുടങ്ങിക്കഴിഞ്ഞാലുള്ള ഓരോ ദിനവും. കഷ്ടതയും പട്ടിണിയും എന്താണെന്നും അത് ഭൂമിയിൽ എങ്ങനെയെന്നും മറ്റുള്ളവരോടൊപ്പം നിന്ന് മനസ്സിലാക്കി എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ട് സഹായ ഹസ്തങ്ങൾ നീളുമ്പോഴേ പടച്ചതമ്പുരാന്റെ അനുഗ്രഹത്തിന് നമ്മളോരോരുത്തരും അർഹരായി തീരുകയുള്ളൂ.
ആത്മശുദ്ധീകരണം മനസ്സിനെയും ശരീരത്തെയും എന്തിന് സ്വന്തം പ്രവൃത്തിയെപ്പോലും മാറ്റിമറിക്കാൻ സാധിക്കും. ശുദ്ധിയിൽനിന്ന് വിശുദ്ധിയിലേക്കും കർമങ്ങളിൽനിന്ന് സത്കർമങ്ങളിലേക്കും നീങ്ങിക്കഴിയുമ്പോൾ ബാക്കി കാര്യങ്ങൾ സൃഷ്ടികർത്താവ് നോക്കിക്കൊള്ളും. സ്രഷ്ടാവിന്റെ വാക്കുകളെ അക്ഷരംപ്രതി അനുസരിക്കുക എന്നതാണ് നമ്മുടെ കടമ. ക്ഷമയും കരുതലും നല്ല മനസ്സും വിശ്വാസവുമുണ്ടെങ്കിൽ പിന്നീടുള്ള കാര്യങ്ങൾ പടച്ചതമ്പുരാൻ നോക്കിനടത്തും. ഈ പരിശുദ്ധമായ പുണ്യമരുഭൂമിയിൽ, പവിഴങ്ങളുടെ സ്വർഗീയ ദ്വീപിൽ എത്തി വർഷങ്ങൾ കുറെ കടന്നുപോയി. അതുപോലെ ഓരോ വർഷത്തിനുള്ളിലും പുണ്യറമദാൻ മാസവും വന്നുപോയി. എഴുതാൻ നല്ലത് സ്വന്തം അനുഭവമോ അതോ മറ്റുള്ളവരോടൊപ്പം പങ്കുവെച്ചതായ നിമിഷങ്ങളോ.... മനസ്സിന്റെ കടലാസിൽ കുറിച്ചു നോക്കിയാൽ ആ തുലാസ്സിന്റെ തട്ടിൽ എല്ലാം ഒരുപോലെ കാണും.
റമദാനെപ്പറ്റി അറിയാതെപോയ കാലം കഴിഞ്ഞ് അറിയുന്ന സമയം വന്നപ്പോഴാണ് ഇത്രമാത്രം വിശുദ്ധിയും കരുതലും നോമ്പിനുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് എന്നത് എന്റെ ജീവിതത്തിലെ ഒരു ഭാഗ്യമാണ്. നന്മതിന്മകളെ കുറിച്ച് ചിന്തിച്ച് എല്ലാ തിന്മകളിൽനിന്നും ഒരു മോചനം ലഭിക്കാൻ കാത്തിരിക്കുന്ന നിമിഷം. തെറ്റുകൾ ഏറ്റുപറയുമ്പോൾ കിട്ടുന്ന മനസ്സും ജീവിതവുമാണ് ഭൂമിയിലെ ഏറ്റവും നല്ലസമയം. മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ചുകൊണ്ടുള്ള ഒരു തപസ്സാണ് വിശ്വാസികളുടെ മുപ്പതു ദിവസമെന്ന് പറയുന്നത്. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ആരുമില്ലാത്ത ഈ ദേശത്ത് കൂടെയുള്ളവരോടൊപ്പവും സ്നേഹിതരോടുകൂടെയും കഴിയുന്ന ഓരോ ദിവസവും അവർ നോൽക്കുന്ന നോമ്പിന്റെ ഒരു ഭാഗമായിത്തീരുക, അവരോടൊപ്പം തുടരുക എന്ന് പറയുന്നത് ഈ ദേശത്ത് ഒരു സൗഭാഗ്യമായി കരുതുന്നു. പ്രിയരോടൊപ്പം കഴിയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന കാര്യം ഒരു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പിഴവ് സംഭവിക്കാതെ സൂക്ഷിക്കുക എന്ന കാര്യമാണ്. നോമ്പ് എത്തുന്നതിനു മുമ്പേ പ്രിയപ്പെട്ടവർക്കൊപ്പം നിൽക്കുക.
കഠിനമായ ചൂടിലും എല്ലാം മറന്ന് നോമ്പുനോറ്റ് പടച്ചവന്റെ നാമം പറഞ്ഞുവരുന്നവന്റെ മുന്നിൽ സ്നേഹത്തോടെ സംസാരിക്കുക, അവരുടെ ആവശ്യങ്ങളെ മനസ്സിലാക്കുക, ഇതൊക്കെ എനിക്ക് പറഞ്ഞും മനസ്സിലാക്കിയും തന്നത് ഞാൻ അറിയാത്ത ദേശത്ത് എത്തിയപ്പോൾ തമ്പുരാൻ കാണിച്ചുതന്ന, എന്റെ പ്രിയപ്പെട്ടവരാണ്. ഇന്ന് അവരാണ് എന്റെ സഹോദരങ്ങൾ... എന്റെ സഹോദരങ്ങൾക്ക് ഒപ്പമിരുന്ന് നോമ്പുതുറക്കുമ്പോൾ കുടിക്കുന്ന വെള്ളത്തിനുപോലും സ്രഷ്ടാവിന്റെ അനുഗ്രഹമുണ്ടായിരുന്നു. നോമ്പെന്നാൽ പ്രാർഥനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറ്റുള്ളവരെ മനസ്സിലാക്കുക കൂടിയാണെന്നും പറഞ്ഞുതന്നത് ഈ പവിഴദ്വീപിലെ ജീവിതമാണ്.
കുറെ പുസ്തകങ്ങൾ ജീവിതത്തിൽ വായിച്ചു. ഇനി വായിക്കാനുള്ളത് വിശുദ്ധ ഖുർആൻ ആണെന്ന് പറഞ്ഞപ്പോൾ എനിക്കു വായിക്കാൻ അതിന്റെ മലയാള പരിഭാഷ കൊണ്ടുതന്ന എന്റെ പ്രിയപ്പെട്ടവർ. സത്യത്തിൽ ഇതൊക്കെ പടച്ചവന്റെ തീരുമാനമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുക. എന്ത് സംഭവിച്ചാലും സ്രഷ്ടാവ് അറിയാതെ ഒന്നുമില്ല. ഓരോ നോമ്പിനും സ്വയം നിയന്ത്രിതമാകാൻ കഴിയുക എന്നു പറയുന്നത് മറ്റുള്ളവരുടെ മുന്നിൽ ഒരു നല്ല കാര്യമാണ്. ചിട്ടകളെ അനുസരിക്കുക. എല്ലാം കാണുന്ന, എല്ലാറ്റിന്റെയും ഉടയവൻ നമ്മൾ അറിഞ്ഞും അറിയാതെയും എപ്പോഴും നമ്മോടൊപ്പമുണ്ട്. ഓരോ ദിവസവും ഓരോ നിമിഷവും സർവശക്തന്റെ കരുതൽ ഉണ്ടാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.