കക്കോടി: രാമായണ മാസാരംഭത്തിന് ദിവസങ്ങൾക്ക് മുന്നേ കക്കോടി മോരീക്കര മേലാൽ മോഹനന് ഒരുക്കം തുടങ്ങണം. യൂട്യൂബ് തിരഞ്ഞ് നല്ല രാമായണ പാരായണം വീട്ടിൽ കേൾപ്പിക്കുന്ന ഇക്കാലത്ത് മേലാൽ മോഹനനും കുടുംബവും പൂർവികർ അനുവർത്തിച്ച ശീലത്തിന് ഒട്ടും മാറ്റം വരുത്തിയിട്ടില്ല. തലമുറകൾ കൈമാറിക്കിട്ടിയ താളിയോലയിൽ വിരചിത രാമായണം വായിച്ചുകൊണ്ടാണ് കർക്കടക മാസാരംഭത്തിന് തുടക്കംകുറിക്കുന്നത്.
തന്റെ മുത്തച്ഛന് കുട്ടൻ പെരുവണ്ണാനിൽനിന്നാണ് ഇത് കൈമാറിക്കിട്ടിയത് എന്നു മാത്രമെ അറിയൂ. പ്രദേശത്തെ പ്രമാണിമാരുടെ വീടുകളിൽ രാമായണ പാരായണം നടത്തിയിരുന്നത് കുട്ടൻ പെരുമണ്ണാനായിരുന്നു. വറുതിക്കാല കർക്കടകത്തെ മറികടക്കാൻ ഉപജീവനത്തിനായി അഞ്ചിടങ്ങഴി നെല്ലും തേച്ച് കുളിച്ച് വരാൻ ഒരു കുപ്പി എണ്ണയും കോടി മുണ്ടും പ്രതിഫലവും ഓരോ വീട്ടിൽ നിന്നും പ്രമാണിമാർ കൊടുത്തിരുന്ന കഥ പിതാവ് പറഞ്ഞത് മോഹനന് ഓർമയുണ്ട്.
താളിയോല രാമായണത്തിലായിരുന്നു പിതാവ് അപ്പുക്കുട്ടി വൈദ്യർ പാരായണം നടത്തിയിരുന്നത്. 1955 ൽ രാമായണത്തിന്റെ പുസ്തക പകർപ്പും പിതാവ് വാങ്ങി ഉപയോഗിച്ചിരുന്നു. ആ പുസ്തകവും മോഹനന്റെ നിധി പേടകത്തിലുണ്ട്. ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന അമൂല്യമായ നിരവധി താളിയോല ഗ്രന്ഥവും പേടകങ്ങളും മോഹനൻ സൂക്ഷിക്കുന്നുണ്ട്. ഇടക്ക് ഇവ പൊടി തട്ടിയും ജൈവ ലായനികളും ഇലച്ചാർത്തുകളും തേച്ച് വെയിലേൽപ്പിക്കും. അക്ഷരങ്ങൾക്ക് കൂടുതൽ മിഴിവേകാൻ മഞ്ഞളും ചില പ്രത്യേക പച്ചിലകളുമാണ് തേക്കുന്നത്. അതിനാൽ തെളിഞ്ഞു വരുന്ന നാരായക്കുറികൾ കണ്ണിന് വലിയ പ്രയാസമില്ലാത്തവർക്ക് എളുപ്പം വായിക്കാനാവും.
1985 ൽ അനാരോഗ്യത്താൽ രാമായണ പാരായണം നടത്താൻ മോഹനനോട് പിതാവ് ആവശ്യപ്പെടുകയായിരുന്നു. അന്നുമുതൽ രാമായണ പാരായണവും വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങളും മോഹനന്റെ കിടപ്പുമുറിയിലും ജീവിതത്തിലും ഇടംപിടിച്ചു. മോട്ടോർ വാഹന വകുപ്പിൽനിന്ന് ജൂനിയർ സൂപ്രണ്ടായി വിരമിച്ച മോഹനൻ നിരവധി അംഗീകാരങ്ങൾ നേടിയ നാടക നടനും ഫുട്ബാൾ സംഘാടകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.