ഇടുക്കി: പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്താൽ സായുജ്യമടഞ്ഞ് ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി.
ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ ശനിയാഴ്ച വൈകീട്ട് 6.46നാണ് മകരജ്യോതി തെളിഞ്ഞത്. ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ ജ്യോതിയെ വണങ്ങി. 5528 ഭക്തരാണ് ഇത്തവണ മകരജ്യോതി ദർശനത്തിന് പുല്ലുമേട്ടിലെത്തിയത്.
വള്ളക്കടവ് വഴി 1390, സത്രം വഴി 2010, ശബരിമലയിൽനിന്ന് 2411 പേരടക്കം 5528 പേരാണ് പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്തിന് എത്തിയത്. ഇതിൽ 283 പേര് മകരജ്യോതി ദർശനത്തിന് മുന്നേ ശബരിമലയിലേക്ക് മടങ്ങി. പുല്ലുമേട്ടിലെ കനത്ത മൂടല്‍മഞ്ഞ് ദര്‍ശനത്തിന് വ്യക്തത കുറച്ചെങ്കിലും ഭക്തർ ആവേശത്തിലായിരുന്നു. പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പഭക്തർ മകരജ്യോതി ദിനത്തിലെ സായംസന്ധ്യയെ ശരണം വിളികളാല്‍ മുഖരിതമാക്കി. മകരജ്യോതി ദർശിച്ച ശേഷം ഏഴ് മണിയോടെയാണ് പുല്ലുമേട്ടില്‍നിന്നു ഭക്തരുടെ മടക്കം തുടങ്ങിയത്.കോവിഡിന് ശേഷം ഇതാദ്യമായാണ് പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിന് അവസരമൊരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചത്. സുരക്ഷ ഗതാഗത ക്രമീകരണങ്ങൾക്കായി 1400 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും സേവനരംഗത്ത് ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിർമിച്ചിരുന്നു.
കെ.എസ്.ആർ.ടി.സി കുമളി ഡിപ്പോയിൽനിന്ന് വള്ളക്കടവ്- കോഴിക്കാനം റൂട്ടിൽ 65 ബസ് സർവിസ് നടത്തി. കലക്ടർ ഷീബ ജോർജ്, റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ്, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, എ.ഡി.എം ഷൈജു പി. ജേക്കബ്, സബ് കലക്ടർ അരുൺ എസ്. നായർ, ഡെ. കലക്ടർ കെ. മനോജ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജ്യോതിഷ് ജെ. ഒഴാക്കൽ, പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസ്, തഹസിൽദാർ പി.എസ്. സുനികുമാർ തുടങ്ങിയവർ പുല്ലുമേട്ടിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.