തീർഥാടകവാഹനങ്ങൾ പിടിച്ചിട്ടു; പൊൻകുന്നത്തും എരുമേലിയിലും റോഡ്​ ഉപരോധം

എരുമേലി/ പൊൻകുന്നം: പമ്പയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ എരുമേലിയിലും പൊൻകുന്നത്തും പൊലീസ് തീർഥാടകവാഹനങ്ങൾ തടഞ്ഞിട്ടതിനെ തുടർന്ന്​ വൻ പ്രതിഷേധം. രണ്ട്​ സ്ഥലങ്ങളിലും തീർഥാടകർ റോഡ്​ ഉപരോധിച്ചു. എരുമേലിയിൽ പലതവണ റോഡ് ഉപരോധിച്ച തീർഥാടകരുമായി പൊലീസ് വാക്കേറ്റം ഉണ്ടായതായും നടുറോഡിൽ ഉന്തും തള്ളും നടന്നതായും നാട്ടുകാർ ആരോപിച്ചു.

തീർഥാടകവാഹനങ്ങൾ പമ്പയിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികമായി എത്തിത്തുടങ്ങിയതോടെ പമ്പാപാത കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിലകപ്പെട്ടു. ഇതോടെയാണ്​ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ പൊലീസ് പിടിച്ചിട്ടത്​. പമ്പയിലെ തിരക്കിന് അയവുവരുന്നതിന് അനുസരിച്ചാണ് പിടിച്ചിട്ട വാഹനങ്ങൾ കടത്തിവിട്ടുകൊണ്ടിരുന്നത്. എന്നാൽ പലയിടങ്ങളിലായി വാഹനങ്ങൾ മണിക്കൂറുകളോളം പിടിച്ചിട്ടതോടെ തീർഥാടകർ എരുമേലിയിലെ പ്രധാന റോഡുകൾ തടഞ്ഞു.

ഞായറാഴ്ച വൈകിട്ട് തീർഥാടകവാഹനങ്ങൾ റോഡിന് കുറുകേയിട്ടും റോഡിൽ കുത്തിയിരുന്നും തടസ്സം സൃഷ്ടിച്ചു. ഇതോടെ സ്ത്രീകളടക്കമുള്ള ദീർഘദൂരയാത്രക്കാർ രാത്രിയിലും മണിക്കൂറോളം വഴിയിൽ അകപ്പെട്ടു. സർക്കാർ ആശുപത്രിയിലേക്കുള്ള റോഡിലും തീർഥാടകർ തടസം സൃഷ്ടിച്ചതോടെ രോഗികളുമായെത്തിയ ആംബുലൻസ് അടക്കം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. നാട്ടുകാർ ഇടപെട്ടാണ് അത്യാവശ്യവാഹനങ്ങൾ കടത്തിവിട്ടത്. കെ.എസ്.ആർ.ടി.സി ബസുകൾക്കും സർവിസ് നടത്താൻ കഴിയാതായതോടെ ബസ് സ്റ്റേഷനിലും തീർഥാടകരുടെ വൻതിരക്കാണ്​ അനുഭവപ്പെട്ടത്​. തീർഥാടകരുടെ പ്രതിഷേധം വർധിച്ചതോടെ കൂടുതൽ പൊലീസ്​ പ്രദേശത്ത് വിന്യസിപ്പിച്ചു.

പൊൻകുന്നം ഗവ.ഹൈസ്‌കൂൾ മൈതാനത്താണ്​ വാഹനങ്ങൾ പിടിച്ചിട്ടത്​. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള സ്വാമിമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ച് ശരണംവിളിയുമായി റോഡിൽ തടിച്ചുകൂടി. പൊലീസ് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പൊൻകുന്നത്ത് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തിരക്ക് പരിഗണിച്ച് ഞായറാഴ്ച രാത്രി 7.30ഓടെയാണ് വാഹനങ്ങൾ തടഞ്ഞ് സ്‌കൂൾ മൈതാനത്തേക്ക് കയറ്റിയത്. ഇളങ്ങുളം ക്ഷേത്രമൈതാനത്തും പൊലീസ് അയ്യപ്പന്മാരുടെ വാഹനങ്ങൾ പിടിച്ചിട്ടു.

Tags:    
News Summary - Road blockade at Ponkunnam and Erumeli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.