മകര ജ്യോതി ദർശിച്ച് തീർഥാടകർ; ഭക്തിസാന്ദ്രം ശബരിമല

ശബരിമല: തിരുവാഭരണ വിഭൂഷിതനായ അയ്യനെ കൺകുളിർക്കെ തൊഴുത് പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകര ജ്യോതിയുടെ ദർശന പുണ്യവുമായി തീർഥാടക ലക്ഷങ്ങൾ. വൈകിട്ട് ആറേ മുക്കാലോടെ തിരുനടയിൽ നടന്ന ദീപാരാധനാ വേളയിൽ സന്നിധാനത്ത് മുഴങ്ങിയ മണിനാദത്തിനും ശരണ മന്ത്രങ്ങൾക്കുമൊപ്പം വാനിൽ മകര നക്ഷത്രം ഉദിച്ചുയർന്നു. പിന്നാലെ തീർത്ഥാടക ലക്ഷങ്ങൾ കാത്തിരുന്ന മകര ജ്യോതി കൂടി പൊന്നമ്പലമേട്ടില്‍ തെളിഞ്ഞതോടെ ഭക്തരുടെ ശരണം വിളി ഉച്ചസ്ഥായിയിൽ എത്തി. 

സന്നിധാനത്തിനു പുറമെ താഴെ തിരുമുറ്റം, സന്നിധാനം ഗസ്റ്റ് ഹൗസ്, മാളികപ്പുറം, അന്നദാനമണ്ഡപത്തിന് സമീപം, പാണ്ടിത്താവളം,  കൊപ്രാക്കളം, ശരംകുത്തി, നീലിമല, ഹിൽ ടോപ്പ്, ഇലവുങ്കൽ, നിലയ്ക്കൽ, പുല്ലുമേട്, പാഞ്ചാലിമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ മകരജ്യോതി ദർശനം നടത്തി.

വെള്ളിയാഴ്ച രാത്രി മുതൽ തന്നെ സന്നിധാനവും പരിസരവും തീർഥാടകരാൽ നിറഞ്ഞിരുന്നു. വൈകിട്ട് അഞ്ചോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തി. ഈ സമയം ശ്രീകൃഷ്ണപ്പരുന്ത് കൊടിമരത്തിന് മുകളില്‍ വട്ടമിട്ട് പറന്നു. ശരംകുത്തിയിൽ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.എസ് ശാന്തകുമാർ , അസി. എക്സിക്യൂട്ടീവ് ഓഫീസർ രവികുമാർ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തെത്തിച്ചു. ആറരയോടെ പതിനെട്ടാം പടി കയറിവന്ന തിരുവാഭരണ പേടകം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ് ജീവൻ, സ്പെഷ്യൽ കമ്മീഷണർ എം മനോജ്, എം.എൽ.എമാരായ പ്രമോദ് നാരായണൻ , കെ.യു. ജെനീഷ് കുമാർ എന്നിവർ ചേർന്ന് കൊടിമര ചുവട്ടിൽ നിന്നും സോപാനത്തേക്ക് സ്വീകരിച്ചാനയിച്ചു.

തുടർന്ന് തന്ത്രി കണ്ഠരര് രാജീവര് , മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിന് ഉള്ളിലെത്തിച്ചു. തുടർന്ന് 6.45ഓടെ ആയിരുന്നു തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും മകര ജ്യോതി ദർശനവും നടന്നത്.

ശബരിമലയിലെ അഭൂതപൂർവമായ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും വൻ ക്രമീകരണങ്ങളാണ് വിവിധ സേനകൾ സംയുക്തമായി ഒരുക്കിയത്. മകരവിളക്ക് ദർശന ശേഷം മലയിറങ്ങുന്ന ഭക്തരുടെ സുരക്ഷ പൊലീസ് ഉറപ്പാക്കുന്നതിനായി സന്നിധാനം - പമ്പ പാതയിൽ പൊലീസിന്‍റെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മലയിറങ്ങുന്ന തീർഥാടകരുടെ മടക്കയാത്രയ്ക്കായി കെ.എസ്.ആർ.ടി.സി അധികമായി 1000 ബസുകൾ ഒരുക്കിയിരുന്നു. 

Tags:    
News Summary - Sabarimala makara jyoti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.