മനാമ: വൈവിധ്യം ബഹ്റൈന്റെ കണ്ണാടിയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. നാലുദിവസത്തെ ബഹ്റൈൻ സന്ദർശനത്തിന് സമാപനം കുറിച്ച് മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ നടന്ന പ്രാർഥന സംഗമത്തിലും ബിഷപ്പുമാർ, വൈദികർ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദർശനത്തിനിടെ രാജ്യത്ത് കണ്ട വൈവിധ്യങ്ങൾ അഭിനന്ദനീയമാണ്. ഈ രാജ്യത്ത് അധിവസിക്കുന്ന ജനങ്ങളിൽ മാത്രമല്ല, ഇവിടത്തെ ഭൂപ്രകൃതിയിലും വൈവിധ്യം നിറഞ്ഞുനിൽക്കുന്നു. ഭൂരിഭാഗവും മരുഭൂമിയാണെങ്കിലും ഒട്ടനവധി സസ്യജാലങ്ങളും ജീവിവർഗങ്ങളും ഇവിടെ വളരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബഹുമത, ബഹുസംസ്കാര സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപെടുമ്പോൾ പാലിക്കേണ്ട വിശ്വസ്തതയും ആദരവും പരമപ്രധാനമാണെന്ന് മാർപാപ്പ പറഞ്ഞു. സഹജീവികളോട് സംവദിക്കുമ്പോൾ വിശ്വസ്തരാകണമെങ്കിൽ, നമുക്കിടയിൽതന്നെ സാഹോദര്യത്തോടെ ജീവിക്കേണ്ടതുണ്ട്. ആരെയും അപഹസിക്കാതെ, ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിച്ചുകൊണ്ട്, സ്വന്തം സമൂഹങ്ങളിൽ നമുക്ക് അങ്ങനെയാകാം.
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ജീവിക്കുന്ന അടയാളങ്ങളായി നമ്മുടെ ആരാധനാലയങ്ങളിലും നമുക്ക് അങ്ങനെ പെരുമാറാം. അനുദിന ആരാധനകളിലും ക്ഷമയിലും സ്നേഹത്തിന്റെ ഇഴയടുപ്പമുണ്ടാകാൻ നമ്മുടെ കുടുംബങ്ങളിൽ നമുക്കങ്ങനെയാകാം. സാഹോദര്യത്തിന്റെയും സംവാദത്തിെന്റയും അക്ഷീണപോരാളികളായി, നാം ജീവിക്കുന്ന ബഹുമത, ബഹുസംസ്കാര സമൂഹങ്ങളിലും നമുക്ക് അങ്ങനെയാകാം -മാർപാപ്പ പറഞ്ഞു.
ഉച്ചക്ക് മാർപാപ്പക്കും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബിനും സഖീർ എയർബേസിൽ ഹമദ് രാജാവിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തങ്ങൾക്ക് നൽകിയ സ്വീകരണത്തിന് ഹമദ് രാജാവിന് നന്ദി രേഖപ്പെടുത്തിയാണ് ഇരുവരും മടങ്ങിയത്. സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് മാർപാപ്പ വിമാനത്തിൽനിന്ന് രാജാവിന് ശബ്ദസന്ദേശം അയക്കുകയും ചെയ്തു. രാജാവിനും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുന്നുവെന്ന് സന്ദേശത്തിൽ മാർപാപ്പ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.