കുവൈത്ത് സിറ്റി: കോവിഡ് സകല വാതിലുകളും അടച്ചിട്ട കാലം. സ്കൂളില്ല, കൂട്ടുകാരെ കാണാനാകില്ല, പുറത്തിറങ്ങാനും വയ്യ. ഫിദക്ക് അന്ന് ആകെ കൂട്ട് പുസ്തകങ്ങളായിരുന്നു. വായിച്ച് വായിച്ച് പല കഥകളും കഥാപാത്രങ്ങളും മനസ്സിൽ നിറഞ്ഞു. പിന്നെ അവിടെ പുതിയ കഥകളും കഥാപാത്രങ്ങളും നിറഞ്ഞു. അവ മനസ്സിൽനിന്ന് ഇറങ്ങിപ്പോകാതെയായി. അതെല്ലാം പകർത്തിവെച്ചാലോ എന്നൊരു ചിന്ത മനസ്സിലെത്തി.
വൈകിയില്ല, ഫിദ എഴുതിത്തുടങ്ങി. പൂർത്തിയായപ്പോൾ അതിനൊരു നോവൽ രൂപം വന്നു. ഫിദ അതിനൊരു പേരിട്ടു- ‘എ കൺവർജന്റ്സ് ഓഫ് ഫേറ്റ്സ്’. പിന്നെ അതിന്റെ പിറകെതന്നെയായിരുന്നു ഫിദ ആൻസി. രണ്ടു വർഷത്തെ എഴുത്തിനും മിനുക്കുപണികൾക്കും ശേഷം ഫിദ ആൻസിയുടെ ആദ്യ നോവൽ ഈ മാസം പുറത്തിറങ്ങി. കേരളത്തിലെ പ്രസാധകരായ ഇ- ഗ്രന്ഥയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഫാന്റസി രൂപത്തിലാണ് നോവൽ. പ്രധാന കഥാപാത്രത്തിന്റെ സഹോദരൻ മരിക്കുന്നതും അതിലെ പ്രതിയെ കണ്ടുപിടിക്കാൻ നടത്തുന്ന ശ്രമങ്ങളും നോവലിനെ മുന്നോട്ടുനയിക്കുന്നു. 400 പേജിന് മുകളിലുള്ള നോവൽ ഇംഗ്ലീഷിലാണ്.
പത്താം ക്ലാസ് വിദ്യാർഥിനിയായ ഫിദ ആൻസി ചെറുപ്പംമുതലേ വായനയുടെയും എഴുത്തിന്റെയും മേഖലയിലുണ്ട്. ഫാന്റസി, സയൻസ് ഫിക്ഷൻ, മോട്ടിവേഷനൽ പുസ്തകങ്ങൾ എന്നിവയിലാണ് കൂടുതൽ താൽപര്യം. കഥകളും കവിതകളും നേരത്തേ പലയിടത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂൾതലത്തിൽ നിരവധി അവാർഡുകളും സമ്മാനങ്ങളും ഫിദക്ക് ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലാണ് വായനയും എഴുത്തും.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ, കുവൈത്തിൽ ബെഹ്ബാനി മോട്ടോഴ്സിൽ ജോലി ചെയ്യുന്ന ബഷീർ ആൻസി, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് അധ്യാപികയായ ഷഫ്ന ആൻസി എന്നിവരാണ് രക്ഷിതാക്കൾ. മുഹമ്മദ് അൽ സയാൻ, ഹന ആൻസി എന്നിവർ സഹോദരങ്ങളാണ്. കുടുംബം ഒന്നടക്കം ഫിദയുടെ എഴുത്തിന് പിന്തുണയുമായുണ്ട്. ആ പിന്തുണയിൽ എഴുത്തിന്റെ വഴിയേ പോകാനാണ് ഫിദയുടെ താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.