കാട്ടാക്കട: ഉഗ്രവിഷമുള്ള പാമ്പുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമായി സഞ്ചിയിലാക്കുന്ന വനംവകുപ്പ് ജീവനക്കാരി താരമാകുന്നു. പരുത്തിപ്പള്ളി ഓഫിസിലെ റാപിഡ് റെസ്പോൺസ് ടീം അംഗവും ബീറ്റ് ഓഫിസറുമായ റോഷിനി ജി.എസാണ് വനംവകുപ്പിന്റെ ശാസ്ത്രീയ പരിശീലനത്തിനുശേഷം പാമ്പുകളെ പിടികൂടുന്നത്.
കഴിഞ്ഞ ദിവസം വെള്ളനാട് പുനലാൽ ഐസകിന്റെ വീട്ടുവളപ്പിൽ ഭീതിപരത്തിയ പാമ്പിനെ സഞ്ചിയിലാക്കിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് റോഷിനി താരമായത്. പാമ്പിനെ പേടിച്ച് നാട്ടുകാര്‍ നില്‍ക്കുമ്പോഴാണ് റോഷ്നി സ്ഥലത്തെത്തിയത്. പൊത്തിൽ ഒളിച്ച മൂര്‍ഖനെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി പ്രത്യേക സഞ്ചിക്ക് അരികിലെത്തിക്കുകയും പാമ്പിനെ ഇതിനുള്ളിലേക്ക് കയറ്റുകയും ചെയ്തു. ഇതെല്ലം ഒന്നര മിനിറ്റിൽ കഴിഞ്ഞു.
2017ല്‍ വനം വകുപ്പിൽ ജോലിയില്‍ പ്രവേശിച്ച റോഷിനി 2019ലാണ് പാമ്പുപിടിത്തം പരിശീലിച്ചത്. അണലി ഉൾപ്പെടെ ചുരുക്കം ചില പാമ്പുകളെയേ പിടിച്ചിട്ടുള്ളൂ. പാമ്പുകളുടെ വേദനിപ്പിക്കാതെ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ ഇവയെ പിടിക്കാൻ പാടുള്ളൂ. പാമ്പിനെ കണ്ടാൽ ഉപദ്രവിക്കാതെ വനം വകുപ്പിനെ അറിയിച്ചാൽ ഉദ്യോഗസ്ഥരോ ലൈസൻസുള്ള പാമ്പ് പിടിത്തക്കാരോ സ്ഥലത്തെത്തി ഇവയെ പിടികൂടും. പാമ്പുകളെ കണ്ടാല്‍ വിവരം അറിയിക്കാൻ സർപ്പ (Snake Awareness Rescue and Protection App) എന്ന ആപ്പും വനം വകുപ്പിന്റേതായുണ്ട്. ആര്യനാട് കുളപ്പട സരോവരത്തിൽ സഹകരണവകുപ്പ് സീനിയർ ഇൻസ്പെക്ടർ സജിത്ത് കുമാർ എസ്.എസ് ആണ് റോഷിണിയുടെ ഭർത്താവ്. മക്കൾ: ദേവ നാരായണൻ, സൂര്യനാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.