ജിദ്ദ: നീണ്ട 46 വർഷത്തിന്റെ കാത്തിരിപ്പിനുശേഷം ഇമാം അബ്ദുൽ റഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടി 70 കാരിയായ സൗദി വനിത സൽവ അൽ ഒമാനി ശ്രദ്ധേയയാകുന്നു. ഇച്ഛാശക്തിയും മനക്കരുത്തുമുണ്ടെങ്കിൽ ഒന്നും അധികം ദൂരെയല്ല എന്നു തെളിയിച്ചുകൊണ്ടാണ് യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങിൽ സൽവ ബിൻത് അബ്ദുറഹ്മാൻ അൽഅമാനി സർട്ടിഫിക്കറ്റ് സ്വീകരിച്ചത്.
നാലര ദശകത്തിലേറെ നീണ്ട ഇടവേളക്കുശേഷം പഠനം പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തിലൂടെ സൽവ സർവകലാശാലാ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് സോഷ്യോളജി കോഴ്സിലേക്ക് പ്രവേശനം നേടുകയായിരുന്നു. 17ാം വയസ്സിൽ ഹൈസ്കൂളിൽ നിന്ന് മികച്ച ഗ്രേഡോടെയാണ് സൽവ അൽഅമാനി പഠനം പൂർത്തിയാക്കിയത്. ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞതിനാൽ തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ജീവിത സാഹചര്യങ്ങളും വെല്ലുവിളിയായി. പഠനം തുടരാനുള്ള അഭിനിവേശം ഈ കാലഘട്ടത്തിലുടനീളം യുവതിയുടെ ഹൃദയത്തിലും മനസ്സിലും ഒളിഞ്ഞുനിന്നിരുന്നു. 2016ൽ പഠനം തുടരാനായി ശ്രമിച്ചു. എന്നാൽ, സർട്ടിഫിക്കറ്റുകളും മറ്റ് ഔദ്യോഗിക രേഖകളും നഷ്ടപ്പെട്ടതിനാലും 46 വർഷം പഠനത്തിൽനിന്ന് വിട്ടുനിന്നതിനാലും നിലവിലെ നിയമങ്ങൾ പഠനം പുനരാരംഭിക്കുന്നതിന് തടസ്സമായിരുന്നു.
കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പുമായി നിരന്തരം ബന്ധപ്പെട്ട് സൽവ അൽ ഒമാനി പിന്നീട് പഠനം പുനരാരംഭിക്കാനുള്ള അനുമതി നേടിയതിലൂടെയാണ് ജീവിതത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടാക്കാനായത്. എന്നാൽ, യൂനിവേഴ്സിറ്റി പ്രവേശനത്തിനുള്ള ഔദ്യോഗിക രേഖകൾ നേടാൻ ഇന്റർമീഡിയറ്റും സെക്കൻഡറി ഘട്ടങ്ങളിലും വീണ്ടും പഠിച്ച് പരീക്ഷകൾ എഴുതി സർട്ടിഫിക്കറ്റുകൾ നേടേണ്ടി വന്നു. 'മരണം വരെ ഇതൊരു നല്ല ഓർമയായി തന്റെ മനസ്സിലുണ്ടാവുമെന്ന്' സൽവ പറയുന്നു.
നഷ്ടപ്പെട്ട പ്രതീക്ഷകളെ വീണ്ടെടുത്താണ് സൽവ അൽഅമാനി തന്റെ ബിരുദ സർട്ടിഫിക്കറ്റും നേടി ഇമാം അബ്ദുൽ റഹ്മാൻ ബിൻ ഫൈസൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പടിയിറങ്ങിയത്. 46 വർഷത്തെ ഇടവേളക്കുശേഷം വിദ്യാഭ്യാസം പൂർത്തിയാക്കാനായതിൽ അഭിമാനം കൊള്ളുന്ന സൽവ അൽ ഒമാനിയുടെ മാതൃക അറബ് സമൂഹത്തിലും മറ്റും ഇതിനകം ഏറെ ചർച്ചയായിട്ടുണ്ട്. പ്രാദേശിക പത്രങ്ങൾ സൽവയുടെ അഭിമുഖങ്ങളും വിശദമായ അവരുടെ ജീവിത ചരിതവും കൊടുത്താണ് റിപ്പോർട്ട് ചെയ്തത്. ബിരുദം നേടിയ സൽവ അൽ ഒമാനിക്ക് സ്വദേശത്തും മറ്റും വൻ വരവേൽപ്പുകളും ഇതിനകം നൽകി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.