ബംഗളൂരു: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി എയർ ഇന്ത്യയിലെ വനിത പൈലറ്റുമാർ. നാല് വനിത പൈലറ്റുമാർ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം 13,993 കിലോമീറ്റർ യാത്ര പൂർത്തിയാക്കി സാൻഫ്രാൻസിസ്കോയിൽ നിന്ന് ബംഗളൂരുവിൽ എത്തി.
ക്യാപ്റ്റൻ സോയ അഗർവാളിന്റെ നേതൃത്വത്തിൽ ക്യാപ്റ്റന്മാരായ തൻമയ് പാപാഗരി, സൊൻവാനെ ആകാംക്ഷ, ശിവാനി മാനസ് എന്നിവരാണ് ചരിത്രയാത്രക്ക് ചുക്കാൻ പിടിച്ച വനിത പൈലറ്റുമാർ. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.30ന് സാൻഫ്രാൻസിസ്കോയിൽ നിന്ന് പുറപ്പെട്ട വിമാനം തിങ്കളാഴ്ച പുലർച്ച 3.50ന് യാത്ര പൂർത്തിയാക്കി 238 യാത്രക്കാരുമായി ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. 17 മണിക്കൂറിലേറെ പറക്കൽ, ഇന്ത്യയിലെ ഏതൊരു യാത്രാ വിമാനത്തിന്റെയും ഏറ്റവും കൂടിയ യാത്രാദൂരമാണ്.
ഏറെ വിഷമകരമായ ഉത്തരധ്രുവത്തിലൂടെയുള്ള റൂട്ടിൽ വിമാനം പറത്താൻ പരിചയ സമ്പന്നരെയാണ് വിമാനക്കമ്പനികൾ ചുമതലപ്പെടുത്താറ്. ബോയിങ് 777 പറത്തിയ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റെന്ന റെക്കോഡ് സോയ അഗർവാൾ 2013ൽ സ്വന്തമാക്കിയിരുന്നു. 8000 മണിക്കൂറിലേറെ വിമാനം പറത്തിയ സോയ 10 വർഷമായി ബോയിങ് 777 പൈലറ്റാണ്.
ബംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പൂർണമായും പുരുഷ പൈലറ്റുമാർ നിയന്ത്രിക്കുന്ന വിമാനം ഇന്ന് യാത്ര പുറപ്പെടും. ഡൽഹി- സാൻഫ്രാൻസിസ്കോ സർവിസിനെക്കാളും 1000 കിലോമീറ്റർ അധികമാണ് ബംഗളൂരു സർവിസിനുള്ളത്. മേയ് ആറു മുതൽ യുനൈറ്റഡ് എയർൈലൻസും സാൻഫ്രാൻസിസ്കോ- ബംഗളൂരു സർവിസ് ആരംഭിക്കും.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.