ചെറുതോണി: പുതിയ അധ്യയനവർഷം തുടങ്ങുമ്പോൾ അജിലയുടെ ചിലങ്കകളും സ്കൂൾ മുറ്റങ്ങളിൽ ചലിച്ചുതുടങ്ങുന്നു. 13 വർഷമായി നിലയ്ക്കാത്ത ചിലങ്കയുടെ ചുവടൊച്ചകൾ. മുരിക്കാശ്ശേരി പതിനാറാംകണ്ടത്ത് ചിലങ്ക നൃത്തവിദ്യാലയം നടത്തുകയാണ് അജില അരുൺ എന്ന അജിക്കുട്ടി. തിരുവനന്തപുരം ഫിലിം മീഡിയ സൊസൈറ്റിയുടെ മികച്ച രണ്ടാമത്തെ നർത്തകിക്കുള്ള പുരസ്കാരം അജിലക്കായിരുന്നു.
അഖില കേരളാടിസ്ഥാനത്തിൽ 55 പേർ പങ്കെടുത്ത മത്സരത്തിൽ രണ്ടാം സ്ഥാനം കിട്ടി. ആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും നല്ല നൃത്താവതരണത്തിനുള്ള പ്രത്യേക പുരസ്കാരവും അജില നേടി. എറണാകുളം കുമ്പളം സ്വദേശിയായ അജിലക്ക് ചെറുപ്പത്തിലേ നൃത്തത്തോട് അഭിനിവേശമുണ്ടായിരുന്നു. എറണാകുളം തൃപ്പൂണിത്തുറയിൽ ആർ.എൽ.വി നൃത്തവിദ്യാലയത്തിൽ നിന്നും ക്ലാസിക്കൽ നൃത്തം അഭ്യസിച്ചു . ഉഷാപ്രകാശായിരുന്നു ഗുരു.
വിവാഹിതയായി ഇടുക്കി പതിനാറാംകണ്ടത്തു വന്ന ശേഷം ഇവിടെ ‘ചിലങ്ക നൃത്തവിദ്യാലയം’ തുടങ്ങി. ഹൈറേഞ്ചിലെ വിവിധ സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽ ടീച്ചർ ക്ലാസെടുക്കുന്നു. 13 വർഷം കൊണ്ട് നൂറുകണക്കിന് ശിഷ്യഗണങ്ങൾ ടീച്ചർക്കുണ്ട്. ഉത്സവ സീസണായാൽ ടീച്ചറും കുട്ടികളുമടങ്ങുന്ന ഡാൻസ് ട്രൂപ്പിനു നല്ല തിരക്കാണ്. എല്ലാ വർഷവും പതിനാറാംകണ്ടം മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് ടീച്ചറുടെ നൃത്തം പ്രത്യേക ഇനമാണ്. ഭർത്താവ് അരുണിന്റെ പ്രോത്സാഹനമാണ് പിൻബലം. ഏക മകൻ ആർദ്രവ് യു.കെ.ജി.യിൽ പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.