ആലിസൺ സ്മിത്ത് റിയാദിലെ വേദിയിൽ 

ചിരിപ്പിച്ച് ആലിസൺ സ്മിത്ത് ആദ്യമായി സൗദിയിൽ

റിയാദ്: സൗദിയിലെ പ്രേക്ഷകരെ ചിരിപ്പിക്കാനെത്തിയ ആദ്യ വനിതയായി ലോകപ്രശസ്ത സ്റ്റാൻഡ്അപ് കോമഡി താരം ആലിസൺ സ്‌മിത്ത്. ആഗോള സിനിമപ്രദർശന കമ്പനിയായ എ.എം.സി മൂവി റിയാദ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ സംഘടിപ്പിച്ച വേദിയിലാണ് കഴിഞ്ഞദിവസം ആലിസൺ സ്മിത്തിന്റെ ഹാസ്യകലാപ്രകടനം അരങ്ങേറിയത്.

നിറഞ്ഞ കരഘോഷത്തോടെയാണ് സ്മിത്തിനെ വിദേശികളും സ്വദേശികളും ഉൾപ്പെട്ട സദസ്സ് സ്വാഗതം ചെയ്തത്. സൗദിയിൽ ഇങ്ങനെ ഒരു വേദിയിൽ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ അനൽപമായ ആഹ്ലാദമുണ്ടെന്നും തന്റെ പരിപാടി ഒരു പ്രചോദനമായെടുത്ത് ഹാസ്യകലയിലേക്ക് സൗദി സ്ത്രീകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്മിത്ത് പറഞ്ഞു.

അറബ് ആസ്വാദകരെ ആവോളം ആനന്ദിപ്പിച്ചാണ് ആലിസൺ സ്മിത്ത് വേദി വിട്ടത്. വേദിയിൽനിന്നുയർന്ന പൊട്ടിച്ചിരിയും കരഘോഷവും സ്നേഹപ്രകടനകളും അപ്രതീക്ഷിതവും അവിസ്മരണീയവുമായിരുന്നു എന്നവർ കൂട്ടിച്ചേർത്തു. സൗദിയിലെ കലാസ്വാദകർക്ക് വ്യത്യസ്‍ത അനുഭവങ്ങൾ നൽകാൻ കഴിയുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് പരിപാടിയുടെ സംഘാടകർ പറഞ്ഞു.

ലോകപ്രശസ്ത താരങ്ങളെ സൗദിയിലെത്തിച്ച് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അവർക്കുണ്ടാകുന്ന നല്ല അനുഭവങ്ങൾ മറ്റു രാജ്യങ്ങളിൽ പങ്കുവെക്കുകവഴി രാജ്യത്തിന്റെ സൗജന്യ അംബാസഡർമാരായി അവർ മാറുന്നത് ഇത്തരം പരിപാടികൾകൊണ്ടുള്ള പ്രയോജനമാണെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

സൗദിയിലെ വിവിധ പ്രവിശ്യകളിൽ എ.എം.സി സ്റ്റാൻഡ്അപ് കോമഡി വേദികളുണ്ടാകും. ജിദ്ദ, അൽഖോബാർ എന്നീ നഗരങ്ങളിൽനിന്ന് ഇതിനകം പരിപാടികൾ സംഘടിപ്പിക്കാൻ അപേക്ഷകൾ എത്തിയിട്ടുണ്ട്. വ്യത്യസ്തമായ സംസ്കാരങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാനുള്ള പാലമാണ് ഇത്തരം പരിപാടികളെന്നും എ.എം.സി പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയിലെ ലൈവ് സ്റ്റാൻഡ്അപ് കോമഡിയുടെ തുടക്കക്കാരിൽ പ്രധാനികളാണ് സ്മൈൽ എന്റർടെയ്ൻമെൻറ്. പുറത്തുനിന്നുള്ള ഹാസ്യകലാകാരന്മാരെ രാജ്യത്തേക്കു വരാനും ഇംഗ്ലീഷിൽ അവരുടെ സ്റ്റാൻഡ്അപ് കോമഡി അവതരിപ്പിക്കാനും സൗദി അറേബ്യ വളരെയധികം തുറന്ന സമീപനമാണ് കാണിക്കുന്നത്.

ഇവിടെ സ്വദേശികളോടൊപ്പംതന്നെ ഇംഗ്ലീഷ് കോമഡി മനസ്സിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വലിയ പ്രവാസിസമൂഹം ഉണ്ടെന്നും സംഘാടകൻ മീശാൽ സമ്മാൻ പറഞ്ഞു. വരുംദിവസങ്ങളിൽ ഹാസ്യകലാസംഘം വീണ്ടും റിയാദിലെത്തുമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - Alison Smith in Saudi Arabia for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.