ജുബൈൽ: അപരിചിതയായ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കരൾ പകുത്തുനൽകി സൗദി സമൂഹമാധ്യമ താരം അൽജോഹറ അൽഹുഖൈൽ. കരൾ രോഗം മൂലം ജീവൻ പ്രതിസന്ധിയിലായ ജുമാന അൽഹർബി എന്ന പെൺകുട്ടിയെ രക്ഷിക്കാനാണ് കരളിന്റെ ഒരു ഭാഗം താരം നൽകിയത്. അൽജോഹറ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. യൗവനാരംഭം മുതൽ നെഞ്ചിലേറ്റിയ ഒരു സ്വപ്നം താൻ സാക്ഷാത്കരിച്ചതായും അവർ പറഞ്ഞു.
15 വയസ്സ് മുതൽ അവയവദാനത്തിനുള്ള അവസരം ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു. ജുമാന അൽഹർബി എന്ന പെൺകുട്ടിയുടെ രോഗവിവരം സംബന്ധിച്ച് സുഹൃത്തിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അവളെ രക്ഷിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
അവയവങ്ങൾ ദാനംചെയ്യാൻ ആരും മുന്നോട്ടുവരാത്തതിനാൽ നിരവധി പേർ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് അൽജോഹറ പറഞ്ഞു. തന്റെ ബാല്യകാലം സന്നദ്ധസേവനം നിറഞ്ഞതായിരുന്നുവെന്നും ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യാനും പാവപ്പെട്ടവരെ സഹായിക്കാനും ദാരിദ്ര്യത്തിനെതിരെ പോരാടാനും താൽപര്യമുണ്ടെന്നും അൽജോഹറ സൂചിപ്പിച്ചു. റെറ്റിനക്കു പരിക്കേറ്റതിനെ തുടർന്ന് താരത്തിന്റെ ഇരുകണ്ണുകളിലും അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇത് പെൺകുട്ടിക്ക് കരൾ നൽകുന്നതിൽനിന്ന് തന്നെ തടഞ്ഞില്ലെന്ന് അവർ വ്യക്തമാക്കി. ജീവൻ രക്ഷിക്കാൻ കരൾ പകുത്തുനൽകാൻ തയാറായത് സമൂഹമാധ്യമത്തിൽ വലിയ പ്രചാരമുണ്ടാക്കി. നിരവധി സമൂഹമാധ്യമ ഉപയോക്താക്കൾ അവരുടെ പരോപകാര പ്രവൃത്തിയെ ശ്ലാഘിച്ച് രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.