ആലുവ വെളിയത്തുനാട് വെൽ​ഫെയർ അസോസിയേഷൻ അഗതി മന്ദിരത്തിൽ തങ്ങളുമ്മയും കൂട്ടരും സംസാരത്തിൽ (ഫോ​ട്ടോ: അഷ്​കർ ഒരുമനയൂർ)

ഒരു പ്ലസ് ​ടുക്കാരിയുടെ കഥ കേൾക്കണോ...

നിയമ ബിരുദധാരിയാണ് അവളുടെ ഉമ്മ. ജീവിതത്തിൽ ഉമ്മയും ബാപ്പയും വഴിപിരിഞ്ഞു. ഇതിനിടെ 43കാരിയായ ഉമ്മക്ക്​ ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഞരമ്പുകൾ എല്ലാം തളർന്ന് അകാല വാർധക്യത്തി​ന്‍റെ പിടിയിലമർന്നു അവർ. പരിചരിക്കാൻ ആളില്ലാതായതോടെ ബന്ധുക്കൾ ചേർന്ന് ആലുവ വെസ്​റ്റ്​ വെളിയത്തുനാട്​ വെൽഫെയർ ട്രസ്​റ്റ്​ അസോസിയേഷൻ അഗതി മന്ദിരത്തിൽ പ്രവേശിപ്പിച്ചു. അവിടെ ഒരു കിടക്കയിൽ തനിയെ ഒന്നു തിരിയാൻ പോലുമാകാതെ അവർ കിടക്കുന്നു.

ബാപ്പക്കൊപ്പം നന്നായിക്കഴിയാൻ അവസരമുണ്ടായിട്ടും ഈ പ്ലസ് ​ടുക്കാരി ജീവിക്കാൻ തെരഞ്ഞെടുത്തത് ഉമ്മക്ക് അഭയമേകിയ ആ സ്ഥാപനം തന്നെ. അവിടെ അതേ കിടക്കയിൽ ഉമ്മയോടു ചേർന്ന് അവൾ അന്തിയുറങ്ങുന്നു. തൊട്ടുരുമ്മി കിടക്കുന്ന മകളെ തലോടാൻ പോലും കഴിയില്ലെങ്കിലും ആ ഉമ്മയുടെ ചൂടുതന്നെ അവൾക്കേറ്റവും പ്രിയം, സുരക്ഷിതം.

'മോ​ട്ടോർ ന്യൂറോൺസ്​ ഡിസീസാണ്​ ഉമ്മക്ക്' -അനങ്ങാൻ ക​ഴിയില്ലെങ്കിലും എല്ലാം അറിയുന്ന ഉമ്മയെ നോക്കി അവൾ പറഞ്ഞു. 'ഉമ്മയുടെ ചാരെയാണ്​ അവളുടെ ജീവിതം. പ്ലസ് ​ടുവിനുശേഷം എൻട്രൻസ്​ എഴുതാൻ തയാറെടുക്കുകയാണ്​ അവൾ. ഇവിടത്തെ അന്തേവാസികൾക്കെല്ലാം സന്തോഷം പകരുന്ന കാഴ്​ച കൂടിയാണ്​ ഈ മിടുക്കി' -വെൽഫെയർ അഡ്​മിനിസ്​ട്രേറ്റർ സബ്​ജ നിസാർ പറയുന്നു.

1993ൽ പ്രവർത്തനം ആരംഭിച്ചതാണ്​ വെൽഫെയർ ട്രസ്​റ്റ്​. ഇവിടത്തെ ഓരോ കട്ടിലിനും പറയാനുണ്ട്​ ഇങ്ങനെ ഒ​ട്ടേറെ അഗതികളുടെ കഥകൾ. ആ പ്ലസ് ​ടുക്കാരിയും ഉമ്മയും കഴിയുന്ന കട്ടിലിന്​ അപ്പുറമായി കഴിയുന്നുണ്ട്​ 90കാരിയായ മറ്റൊരുമ്മ. ഇവിടത്തെ ഏറ്റവും പ്രായമേറിയ ഉമ്മൂമ്മ. മനസ്സിലെ താളംതെറ്റലിൽ വർഷങ്ങൾക്കു​ മുമ്പാണ്​ ഇവിടെ ആദ്യം എത്തിയത്​. ഇവിടത്തെ പരിചരണത്തിൽ ഭേദപ്പെട്ടപ്പോൾ ഇടക്ക്​ മകൻ വന്ന്​ കൂട്ടിക്കൊണ്ടുപോയി. അധികം താമസിയാതെ തിരിച്ചുകൊണ്ടുവന്ന്​ ഇവിടെത്തന്നെ വിട്ടിട്ടും പോയി. അതിനിടയിൽ മകൻ ഒരു കാര്യം ചെയ്​തുവെച്ചു. ഉമ്മയുടെ പേരിലെ വീടും പറമ്പും സ്വന്തം പേരിലാക്കി.

ഇന്ന്​ ആ ഉമ്മക്ക്​ വെള്ളം കൊടുക്കാനും പരിചരിക്കാനും അടുത്ത കട്ടിലിലും ചുറ്റുപാടുമായി ഒരുപാടാളുണ്ട്​. ഓരോരുത്തരുടെയും ശാരീരിക വിഷമതകളും മാനസിക പ്രശ്​നങ്ങളും മനസ്സിലാക്കി പരിചരിക്കാൻ നഴ്​സുമാരും സോഷ്യൽ വർക്കർമാരും. സ്വന്തം കുടുംബത്തിലെ അംഗങ്ങൾക്ക്​ അസുഖങ്ങൾ ബാധിച്ചാൽ ചികിത്സിക്കുന്നതുപോലെ. പുരുഷന്മാരും സ്​ത്രീകളും കുട്ടികളുമായി 130 അന്തേവാസികളുണ്ട്​​ ഇവിടെ. ഇതിൽ 15 പേർ പോക്​സോ ഇരകളായ ഏഴുമുതൽ 15 വയസ്സുവരെ പ്രായമായ കുട്ടികളും.

അഭയമല്ല, ലക്ഷ്യം പുനരധിവാസം

മാനസിക പ്രശ്​നങ്ങൾ നേരിടുന്നവ​ർക്കായി വീകെയർ സൈക്കോ സോഷ്യൽ പുനരധിവാസ കേന്ദ്രം, വയോധിക കേന്ദ്രം, ആശുപത്രി, ഗേൾസ്​ ഹോം, വീകെയർ വില്ലേജ്​ ഗൃഹ പദ്ധതി എന്നിങ്ങനെ വിപുലമാണ്​ വെൽഫെയർ ട്രസ്​റ്റി​െൻറ പ്രവർത്തനങ്ങൾ. 'വെറുതെ കുറച്ചുപേർക്ക്​ ആഹാരവും അഭയവും നൽകുകയല്ല; അന്താരാഷ്​ട്ര നിലവാരം സൂക്ഷിച്ച്​ അഗതികളുടെ പുനരധിവാസമാണ് ഇവിടെ​ നടപ്പാക്കുന്നത്' -വെൽഫെയർ അസോസിയേഷൻ ട്രസ്​റ്റ്​ ചെയർമാൻ ഡോ. മൻസൂർ ഹസൻ പറയുന്നു.

മൂന്നുതരത്തിലാണ്​ ട്രസ്​റ്റി​െൻറ പ്രവർത്തനം. ഒരുവ്യക്തിയെ കുറിച്ച്​ അപേക്ഷ ലഭിച്ചാൽ അവിടെ പോയി അവരെ സംബന്ധിച്ച്​ പഠിച്ച്​​ ആവശ്യമായ സഹായങ്ങൾ നൽകുകയാണ്​ ഇതിലൊന്ന്​. രണ്ടാമതായി അനാഥമായ കുടുംബത്തെ മുഴുവനായി ഏറ്റെടുക്കുന്നു. വിധവകളെയാണ്​ കൂടുതലും ഉൾപ്പെടുത്തുക. 24 മണിക്കൂറും അവരുടെ കാര്യങ്ങൾ അന്വേഷിച്ച്​ ദത്തെടുക്കുന്ന​ പോലെ പരിചരിക്കും. മൂന്നാമതായി വെൽഫെയർ ട്രസ്​റ്റ്​ അഗതി മന്ദിരത്തിലേക്ക്​ പ്രവേശനം നൽകുന്നു​.

ഏതുനേരവും എത്തിപ്പെടാം

ഏതു​ സമയവും അ​േന്തവാസികൾക്ക്​ ചികിത്സയേകാൻ ഫിസിഷ്യനും സൈക്യാട്രിസ്​റ്റും സൈക്കോളജിസ്​റ്റും ഇവിടെയുണ്ട്​. മെഡിക്കൽ, സൈക്യാട്രി സോഷ്യൽ വർക്കർമാർ ആറുപേർ​. അഡ്​മിനിസ്​ട്രേറ്റർ, അക്കൗണ്ടൻറുമാർ, ആയമാർ, കെയർ ടേക്കർ എന്നിവർ ഉൾപ്പെടെ 35 സ്​റ്റാഫുകൾ വേറെയും.

കേരളത്തിലെ ഏതിടത്തുനിന്നും അന്തേവാസികളെ പ്രവേശിപ്പിക്കുന്നു. ദിവസം മുഴുവൻ പ്രവർത്തനനിരതം. ഏതു സമയവും മെഡിക്കൽ സഹായം കിട്ടുമെന്നതാണ്​ പ്രത്യേകത. പൂർണമായും സക്കാത്, സംഭാവന എന്നിവയിലൂടെയാണ്​ ​ട്രസ്​റ്റ്​ സാമ്പത്തിക മൂലധനം കണ്ടെത്തുന്നത്​. കോവിഡ്​ കാലമായതോടെ പ്രതിസന്ധികൾ അലട്ടുന്നുണ്ടെങ്കിലും മുന്നോട്ടുപോകുന്നുവെന്ന്​ ഡോ. മൻസൂർ ഹസൻ പറയുന്നു. വൈസ്​ ചെയർമാൻ ഡോ. മുഹമ്മദ്​ ഇക്​ബാൽ, ട്രസ്​റ്റ്​ പ്രസിഡൻറ്​ ഷെബീർ, സെക്രട്ടറി അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രവർത്തനം.

തെറ്റിയ താളം തിരികെ പിടിക്കാൻ

മനോവൈകല്യങ്ങൾ ബാധിച്ചവരെ കൃത്യമായ മരുന്നുകളും പരിചരണവും നൽകുകവഴി ഏറക്കുറെ സ്വാഭാവിക ജീവിതത്തിലേക്ക്​ തിരിച്ചെത്തിക്കുകയാണ്​ ഇവിടെ. അന്തേവാസികളുടെ മേൽ നിർബന്ധങ്ങൾ ഒന്നും ചെലുത്തുന്നില്ല. വൃത്തിയായി നടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. അതിലൂടെ ചുറ്റുമുള്ള സ്വാഭാവിക പ്രവർത്തനങ്ങളിൽ ഉൾച്ചേരാൻ അവർ തയാറാകുന്നതും വെൽഫെയർ ട്രസ്​റ്റ്​ വളപ്പിലെ മനോഹര കാഴ്​ചകളാണ്​.

ഒരിടത്ത്​ സോപ്പുനിർമാണത്തിൽ മുഴുകിയവർ, അടുക്കളയിൽ കറിക്ക്​ അരിയുന്നവർ, മുറ്റം വൃത്തിയാക്കുന്നവർ എന്നിങ്ങനെ അവരുടേത്​ മാത്രമായ ലോകത്ത്​ സന്തോഷത്തോടെ കഴിയുന്നു. മാനസിക പ്രശ്​നങ്ങൾ നേരിടുന്നവരെ മിക്കപ്പോഴും വീട്ടിലും സമൂഹത്തിലും വേറിട്ടു​ കാണുന്നി​െല്ലന്നതാണ്​ പ്രശ്​നം. സാധാരണ വ്യക്തിയിൽനിന്ന്​ ഉണ്ടാകേണ്ട പെരുമാറ്റംതന്നെ​ അവരിൽനിന്നും പ്രതീക്ഷിക്കുന്നു. അതിനവർക്ക്​ കഴിയാതെവരു​േമ്പാൾ​ പ്രശ്​നങ്ങൾ ഉടലെടുക്കും​. അത്തരം അവസ്ഥകൾ ഉണ്ടാകാതെ നോക്കുകയാണ്​ ഇവിടെ.

Tags:    
News Summary - Aluva West Veliyathunad Welfare Trust Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-20 07:01 GMT