കട്ടിലുകളിലെ ജീവിത കഥകൾ
text_fieldsഒരു പ്ലസ് ടുക്കാരിയുടെ കഥ കേൾക്കണോ...
നിയമ ബിരുദധാരിയാണ് അവളുടെ ഉമ്മ. ജീവിതത്തിൽ ഉമ്മയും ബാപ്പയും വഴിപിരിഞ്ഞു. ഇതിനിടെ 43കാരിയായ ഉമ്മക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഞരമ്പുകൾ എല്ലാം തളർന്ന് അകാല വാർധക്യത്തിന്റെ പിടിയിലമർന്നു അവർ. പരിചരിക്കാൻ ആളില്ലാതായതോടെ ബന്ധുക്കൾ ചേർന്ന് ആലുവ വെസ്റ്റ് വെളിയത്തുനാട് വെൽഫെയർ ട്രസ്റ്റ് അസോസിയേഷൻ അഗതി മന്ദിരത്തിൽ പ്രവേശിപ്പിച്ചു. അവിടെ ഒരു കിടക്കയിൽ തനിയെ ഒന്നു തിരിയാൻ പോലുമാകാതെ അവർ കിടക്കുന്നു.
ബാപ്പക്കൊപ്പം നന്നായിക്കഴിയാൻ അവസരമുണ്ടായിട്ടും ഈ പ്ലസ് ടുക്കാരി ജീവിക്കാൻ തെരഞ്ഞെടുത്തത് ഉമ്മക്ക് അഭയമേകിയ ആ സ്ഥാപനം തന്നെ. അവിടെ അതേ കിടക്കയിൽ ഉമ്മയോടു ചേർന്ന് അവൾ അന്തിയുറങ്ങുന്നു. തൊട്ടുരുമ്മി കിടക്കുന്ന മകളെ തലോടാൻ പോലും കഴിയില്ലെങ്കിലും ആ ഉമ്മയുടെ ചൂടുതന്നെ അവൾക്കേറ്റവും പ്രിയം, സുരക്ഷിതം.
'മോട്ടോർ ന്യൂറോൺസ് ഡിസീസാണ് ഉമ്മക്ക്' -അനങ്ങാൻ കഴിയില്ലെങ്കിലും എല്ലാം അറിയുന്ന ഉമ്മയെ നോക്കി അവൾ പറഞ്ഞു. 'ഉമ്മയുടെ ചാരെയാണ് അവളുടെ ജീവിതം. പ്ലസ് ടുവിനുശേഷം എൻട്രൻസ് എഴുതാൻ തയാറെടുക്കുകയാണ് അവൾ. ഇവിടത്തെ അന്തേവാസികൾക്കെല്ലാം സന്തോഷം പകരുന്ന കാഴ്ച കൂടിയാണ് ഈ മിടുക്കി' -വെൽഫെയർ അഡ്മിനിസ്ട്രേറ്റർ സബ്ജ നിസാർ പറയുന്നു.
1993ൽ പ്രവർത്തനം ആരംഭിച്ചതാണ് വെൽഫെയർ ട്രസ്റ്റ്. ഇവിടത്തെ ഓരോ കട്ടിലിനും പറയാനുണ്ട് ഇങ്ങനെ ഒട്ടേറെ അഗതികളുടെ കഥകൾ. ആ പ്ലസ് ടുക്കാരിയും ഉമ്മയും കഴിയുന്ന കട്ടിലിന് അപ്പുറമായി കഴിയുന്നുണ്ട് 90കാരിയായ മറ്റൊരുമ്മ. ഇവിടത്തെ ഏറ്റവും പ്രായമേറിയ ഉമ്മൂമ്മ. മനസ്സിലെ താളംതെറ്റലിൽ വർഷങ്ങൾക്കു മുമ്പാണ് ഇവിടെ ആദ്യം എത്തിയത്. ഇവിടത്തെ പരിചരണത്തിൽ ഭേദപ്പെട്ടപ്പോൾ ഇടക്ക് മകൻ വന്ന് കൂട്ടിക്കൊണ്ടുപോയി. അധികം താമസിയാതെ തിരിച്ചുകൊണ്ടുവന്ന് ഇവിടെത്തന്നെ വിട്ടിട്ടും പോയി. അതിനിടയിൽ മകൻ ഒരു കാര്യം ചെയ്തുവെച്ചു. ഉമ്മയുടെ പേരിലെ വീടും പറമ്പും സ്വന്തം പേരിലാക്കി.
ഇന്ന് ആ ഉമ്മക്ക് വെള്ളം കൊടുക്കാനും പരിചരിക്കാനും അടുത്ത കട്ടിലിലും ചുറ്റുപാടുമായി ഒരുപാടാളുണ്ട്. ഓരോരുത്തരുടെയും ശാരീരിക വിഷമതകളും മാനസിക പ്രശ്നങ്ങളും മനസ്സിലാക്കി പരിചരിക്കാൻ നഴ്സുമാരും സോഷ്യൽ വർക്കർമാരും. സ്വന്തം കുടുംബത്തിലെ അംഗങ്ങൾക്ക് അസുഖങ്ങൾ ബാധിച്ചാൽ ചികിത്സിക്കുന്നതുപോലെ. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി 130 അന്തേവാസികളുണ്ട് ഇവിടെ. ഇതിൽ 15 പേർ പോക്സോ ഇരകളായ ഏഴുമുതൽ 15 വയസ്സുവരെ പ്രായമായ കുട്ടികളും.
അഭയമല്ല, ലക്ഷ്യം പുനരധിവാസം
മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കായി വീകെയർ സൈക്കോ സോഷ്യൽ പുനരധിവാസ കേന്ദ്രം, വയോധിക കേന്ദ്രം, ആശുപത്രി, ഗേൾസ് ഹോം, വീകെയർ വില്ലേജ് ഗൃഹ പദ്ധതി എന്നിങ്ങനെ വിപുലമാണ് വെൽഫെയർ ട്രസ്റ്റിെൻറ പ്രവർത്തനങ്ങൾ. 'വെറുതെ കുറച്ചുപേർക്ക് ആഹാരവും അഭയവും നൽകുകയല്ല; അന്താരാഷ്ട്ര നിലവാരം സൂക്ഷിച്ച് അഗതികളുടെ പുനരധിവാസമാണ് ഇവിടെ നടപ്പാക്കുന്നത്' -വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. മൻസൂർ ഹസൻ പറയുന്നു.
മൂന്നുതരത്തിലാണ് ട്രസ്റ്റിെൻറ പ്രവർത്തനം. ഒരുവ്യക്തിയെ കുറിച്ച് അപേക്ഷ ലഭിച്ചാൽ അവിടെ പോയി അവരെ സംബന്ധിച്ച് പഠിച്ച് ആവശ്യമായ സഹായങ്ങൾ നൽകുകയാണ് ഇതിലൊന്ന്. രണ്ടാമതായി അനാഥമായ കുടുംബത്തെ മുഴുവനായി ഏറ്റെടുക്കുന്നു. വിധവകളെയാണ് കൂടുതലും ഉൾപ്പെടുത്തുക. 24 മണിക്കൂറും അവരുടെ കാര്യങ്ങൾ അന്വേഷിച്ച് ദത്തെടുക്കുന്ന പോലെ പരിചരിക്കും. മൂന്നാമതായി വെൽഫെയർ ട്രസ്റ്റ് അഗതി മന്ദിരത്തിലേക്ക് പ്രവേശനം നൽകുന്നു.
ഏതുനേരവും എത്തിപ്പെടാം
ഏതു സമയവും അേന്തവാസികൾക്ക് ചികിത്സയേകാൻ ഫിസിഷ്യനും സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും ഇവിടെയുണ്ട്. മെഡിക്കൽ, സൈക്യാട്രി സോഷ്യൽ വർക്കർമാർ ആറുപേർ. അഡ്മിനിസ്ട്രേറ്റർ, അക്കൗണ്ടൻറുമാർ, ആയമാർ, കെയർ ടേക്കർ എന്നിവർ ഉൾപ്പെടെ 35 സ്റ്റാഫുകൾ വേറെയും.
കേരളത്തിലെ ഏതിടത്തുനിന്നും അന്തേവാസികളെ പ്രവേശിപ്പിക്കുന്നു. ദിവസം മുഴുവൻ പ്രവർത്തനനിരതം. ഏതു സമയവും മെഡിക്കൽ സഹായം കിട്ടുമെന്നതാണ് പ്രത്യേകത. പൂർണമായും സക്കാത്, സംഭാവന എന്നിവയിലൂടെയാണ് ട്രസ്റ്റ് സാമ്പത്തിക മൂലധനം കണ്ടെത്തുന്നത്. കോവിഡ് കാലമായതോടെ പ്രതിസന്ധികൾ അലട്ടുന്നുണ്ടെങ്കിലും മുന്നോട്ടുപോകുന്നുവെന്ന് ഡോ. മൻസൂർ ഹസൻ പറയുന്നു. വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഇക്ബാൽ, ട്രസ്റ്റ് പ്രസിഡൻറ് ഷെബീർ, സെക്രട്ടറി അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
തെറ്റിയ താളം തിരികെ പിടിക്കാൻ
മനോവൈകല്യങ്ങൾ ബാധിച്ചവരെ കൃത്യമായ മരുന്നുകളും പരിചരണവും നൽകുകവഴി ഏറക്കുറെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ഇവിടെ. അന്തേവാസികളുടെ മേൽ നിർബന്ധങ്ങൾ ഒന്നും ചെലുത്തുന്നില്ല. വൃത്തിയായി നടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. അതിലൂടെ ചുറ്റുമുള്ള സ്വാഭാവിക പ്രവർത്തനങ്ങളിൽ ഉൾച്ചേരാൻ അവർ തയാറാകുന്നതും വെൽഫെയർ ട്രസ്റ്റ് വളപ്പിലെ മനോഹര കാഴ്ചകളാണ്.
ഒരിടത്ത് സോപ്പുനിർമാണത്തിൽ മുഴുകിയവർ, അടുക്കളയിൽ കറിക്ക് അരിയുന്നവർ, മുറ്റം വൃത്തിയാക്കുന്നവർ എന്നിങ്ങനെ അവരുടേത് മാത്രമായ ലോകത്ത് സന്തോഷത്തോടെ കഴിയുന്നു. മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ മിക്കപ്പോഴും വീട്ടിലും സമൂഹത്തിലും വേറിട്ടു കാണുന്നിെല്ലന്നതാണ് പ്രശ്നം. സാധാരണ വ്യക്തിയിൽനിന്ന് ഉണ്ടാകേണ്ട പെരുമാറ്റംതന്നെ അവരിൽനിന്നും പ്രതീക്ഷിക്കുന്നു. അതിനവർക്ക് കഴിയാതെവരുേമ്പാൾ പ്രശ്നങ്ങൾ ഉടലെടുക്കും. അത്തരം അവസ്ഥകൾ ഉണ്ടാകാതെ നോക്കുകയാണ് ഇവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.