ചാവക്കാട്: വനിത സംരംഭകരുടെ സ്വപ്നങ്ങൾക്ക് വർണം പകർന്ന് സുരക്ഷയുടെ തണലൊരുക്കി നാലംഗ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘Amalgam Women Entrepreneurs Forum’ ജൈത്രയാത്രയിൽ. എല്ലാ കഴിവുകളുമുണ്ടായിട്ടും ആത്മവിശ്വാസത്തിന്റെ ബലക്കുറവിൽ മടിച്ചുനിൽക്കുന്നവരാണ് നമ്മുടെ പെൺകുട്ടികളിൽ കൂടുതലും. കുടിൽ വ്യവസായ അന്തരീക്ഷത്തിൽനിന്ന് മാറി സ്വയം സംരംഭകരായിത്തീർന്ന അവർക്ക് ഒരു പരിധിക്കപ്പുറം ഉൽപന്നങ്ങളെ ആവശ്യക്കാരിലേക്കെത്തിക്കാനാവുന്നില്ല. ഇത്തരത്തിലുള്ളവർക്ക് മുന്നേറാനുള്ള മാർഗമാണ് ഓൺലൈൻ ബോട്ടിക്ക് നടത്തുന്ന ഷബാന നൗഷാദലിയും അസ്ന മുഹമ്മദും ഐ.ടി പ്രഫഷനലും ബിസിനസ് കൺസൽട്ടന്റുമായ ബീനാ ജിതേഷും പേസ്ട്രി ഷെഫ് റിബിൻ ഗയാസും ‘അമാൽഗം വിമൻസ് എൻ്റർപ്രണേഴ്സ് ഫോറ’ത്തിലൂടെ ഒരുക്കിയത്.
സംരംഭകരായ വനിതകളെയും സംരംഭകമോഹവുമായി ജീവിക്കുന്നവരെയും ഒറ്റപ്പെട്ട രീതിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിച്ചിരുന്നവരെയും പൊതുജനങ്ങൾക്കിടയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കൂട്ടായ്മക്കായി. അത്തരത്തിൽ സംരംഭകരുടെയും സേവകരുടെയും വിജയകരമായ രണ്ട് പ്രദർശനങ്ങൾ ഇതിനകം ‘അമാൽഗം’ സംഘടിപ്പിച്ചു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ സംഘടിപ്പിച്ച പ്രദർശന വിൽപന മേള വൻ വിജയമായിരുന്നുവെന്ന് ഷബാന നൗഷാദലി പറഞ്ഞു. വിവിധ തരത്തിലുള്ള മുപ്പതോളം സംരംഭകർ മേളയിൽ പങ്കെടുത്തു. വലിയ പരസ്യപ്രചാരണങ്ങളൊന്നുമില്ലാതിരുന്നിട്ടും നാടിന്റെ നാനാഭാഗത്ത് നിന്നുള്ളവർ രണ്ട് ദിവസമായി നടന്ന മേള സന്ദർശിച്ചു. ഭൂരിഭാഗവും വനിതകൾ. പുതിയ സംരംഭം തുടങ്ങാനുള്ള മോഹവുമായെത്തിയവർക്ക് ‘അമാൽഗം’ മേള വലിയ പ്രചോദനമായി. പ്രദർശന മേള മാത്രമല്ല മാസംതോറും സെമിനാറുകളും ശിൽപശാലകളും പഠനയാത്രകളും ഇവർ സംഘടിപ്പിക്കുന്നുണ്ട്. അംഗങ്ങളെ ഒന്നിച്ചുനിർത്തുന്നത് വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ്. ഇന്ത്യയിലെയും വിദേശത്തെയും സംരംഭകരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. നവസംരംഭകർക്കായി ഹെൽപ് ഡസ്ക്കും അനുവഭവസ്ഥരായ സംരംഭകരുടെ ഉപദേശ നിർദേശങ്ങളും ലഭിക്കുന്നുണ്ട്. വെള്ളിയാഴ്ച ചാവക്കാട് വ്യാപാരഭവനിൽ അമാൽഗം സംരംഭകർ വീണ്ടും ഒന്നിക്കുന്നു. ഉച്ചക്ക് ഒന്നിന് അധ്യാപികയും എഴുത്തുകാരിയുമായ കെ.എസ്. ശ്രുതി ഉദ്ഘാടനം ചെയ്യുന്ന വനിത ദിനാഘോഷത്തിൽ ഫോട്ടോഗ്രാഫർ അസീന പി. കുഞ്ഞുമോൻ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.