പട്ടാമ്പി: അകക്കണ്ണിൻ വെളിച്ചത്തിൽ അഞ്ജു പാടി നേടിയത് ലളിത ഗാനത്തിൽ ഒന്നാം സ്ഥാനം. ചെമ്പൈ സംഗീത കോളജിലെ സംഗീതത്തിൽ രണ്ടാം വർഷ പി.ജി വിദ്യാർഥിനിയായ അഞ്ജു ബാലകൃഷ്ണൻ ജന്മനാ അന്ധയാണ്.
രണ്ടാം ക്ലാസ് മുതൽ പാട്ട് മൂളിത്തുടങ്ങിയ അഞ്ജുവിന്റെ കഴിവ് തേച്ചു മിനുക്കി കൂടെ നിന്നത് കെ.എസ്.ആർ.ടി.സി കണ്ടകടറായ അച്ഛൻ കുഴൽമന്ദം പേഴാങ്കാട് ബാലകൃഷ്ണനും വീട്ടമ്മയായ അമ്മ ലക്ഷ്മിക്കുട്ടിയുമായിരുന്നു. ഒന്നാം ക്ലാസിൽ കോട്ടപ്പുറം ഹെലൻ കെല്ലർ അന്ധ വിദ്യാലയത്തിൽ ചേർന്ന് ഏഴാം ക്ലാസ് വരെ പഠനം തുടർന്നു.
അക്കാലത്ത് തന്നെ ലളിതഗാന മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. ഹൈസ്കൂൾ, പ്ലസ് ടു പഠനം കുഴൽമന്ദം സി.എ.എച്ച്.എസ്.എസിൽ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ല സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. തുടർന്ന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തെങ്കിലും വേദിയിലെ മൈക്ക് തകരാർ അഞ്ജുവിന്റെ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി.
സംഗീത പഠനം തുടരാൻ പാലക്കാട് ചെമ്പൈ സംഗീത കോളജിൽ ചേർന്നു. കോളജ് പഠനത്തോടൊപ്പം സംഗീതജ്ഞ തൃശൂർ ഋതു മോഹനിൽനിന്ന് ഓൺലൈനിൽ കർണാടിക് മ്യൂസിക് പരിശീലനവും നേടുന്നു. രാഗ സിസ്റ്റേഴ്സായ രഞ്ജിനി, ഗായത്രിമാരെ റോൾ മോഡലാക്കിയ അഞ്ജുവിന് നല്ലൊരു സംഗീതജ്ഞയാവണമെന്നാണ് ആഗ്രഹം.
കാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ കലോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അഞ്ജുവിന് കൂട്ടുകാരി അനുശ്രീ കെ. ദീപക് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയത് ഇരട്ടി മധുരമായി. പഠനത്തിനായി വാടകക്കെടുത്ത വീട്ടിൽ ഒന്നിച്ചു താമസിക്കുന്ന വടക്കാഞ്ചേരി സ്വദേശിനി അനുശ്രീയും അഞ്ജുവും മത്സരിച്ചതും ഒരേ വേദിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.