മാവൂർ: കരസ്പർശത്തിൽ വിസ്മയങ്ങൾ തീർത്ത് നിയമ വിദ്യാർഥി. മുത്തുകൾ കോർത്തുള്ള ഉൽപന്ന നിർമാണത്തിൽ ജില്ല, സംസ്ഥാനതല വിജയിയായ ഈ മിടുക്കിയിപ്പോൾ ഛായാചിത്രങ്ങൾ വരച്ച് റെക്കോഡുകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് പി.എച്ച്.ഇ.ഡി നെല്ലിപ്പള്ളി പ്രേമൻ-ലിസി ദമ്പതികളുടെ മകൾ പി. ആർദ്രയാണ് ശ്രദ്ധനേടുന്നത്. ഒരേസമയം ഇരുകൈകൾകൊണ്ടും ഏറ്റവും കൂടുതൽ ഏകവർണ ഛായാചിത്രങ്ങൾ വരച്ചാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, അറേബ്യൻ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിൽ ഹ്രസ്വകാലയളവിനുള്ളിൽ ഇടംനേടിയത്.
ഒരേ സമയം ഇരുകൈകൊണ്ട് 35 ഛായാചിത്രങ്ങൾ വരച്ചു. 27 ഛായാചിത്രങ്ങൾ വരച്ച റെക്കോഡാണ് തിരുത്തിക്കുറിച്ചത്. കഴിഞ്ഞ മാസമാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചത്. അമേരിക്കൻ ബുക്ക് ഓഫ് റെക്കോഡ്സിലും സ്ഥാനം നേടാൻ സാധ്യത തെളിഞ്ഞിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല. കോഴിക്കോട് ഭവൻസ് ലോ കോളജിൽ ബി.ബി.എ എൽഎൽ.ബി ഏഴാം സെമസ്റ്റർ വിദ്യാർഥിനിയായ ആർദ്ര മുത്തുകൾ കോർത്തുള്ള നിർമാണങ്ങളിൽ ജില്ലതലത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളും സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ എ ഗ്രേഡുകളും നേടിയിട്ടുണ്ട്. മികച്ച ക്ലാസിക്കൽ നർത്തകിയും നീന്തൽ താരവുമാണ്. നീന്തലിൽ ജില്ലതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുകയും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ഓൺലൈനായി ക്രാഫ്റ്റിലും ഡ്രോയിങ്ങിലും പരിശീലനം നൽകുന്നുണ്ട്. പിതാവ് പ്രേമൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സെൻട്രൽ സ്റ്ററിലൈസേഷൻ വകുപ്പ് തലവനാണ്. ആദിത് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.