ആറാ ട്ടുപുഴ: വിജയകുമാരിയുടെ വീടിനകം ഒരു ആർട്ട് ഗാലറിക്ക് സമാനമാണ്. ചുവരുകളിൽ നിറയെ ചിത്രങ്ങൾ. കലാമൂല്യം ഏറെയുള്ള ഈ മനോഹരചിത്രങ്ങളുടെ ശിൽപി നാല് ചുവരുകൾക്കുള്ളിൽതന്നെ ഒതുങ്ങിക്കൂടുകയാണ്. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്ക് കുന്നുംപുറത്ത് കഴഞ്ചിയിൽ (ലക്ഷ്മി നിവാസ്) പരേതനായ സുരേഷ് കുമാറിന്റെ ഭാര്യ വിജയകുമാരിയുടെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. 61ാം വയസ്സിലും ഇവർ ചിത്രരചനയിൽ സജീവമാണ്.
നവോദയ സ്കൂളിലെ റിട്ട. ചിത്രകല അധ്യാപികയാണ്. നൂറുകണക്കിന് ചിത്രങ്ങൾ ഇതിനകം വരച്ചിട്ടുണ്ടെങ്കിലും നാട്ടുകാർക്കുപോലും ഇവരെക്കുറിച്ച് അറിയില്ല. ശക്തിയും പ്രാധാന്യവും തിരിച്ചറിയാതെപോയ സ്ത്രീകളെ ആസ്പദമാക്കിയ വരകളാണ് കൂടുതൽ. ചിത്രകല പരിഷത്തിലൂടെയാണ് ഇവ പ്രദർശിപ്പിക്കുന്നത്.
മാവേലിക്കര രവിവർമ കോളജിൽനിന്നാണ് ചിത്രകല പഠിച്ചത്. പിന്നീട് മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റായി അഞ്ച് കൊല്ലം ജോലി ചെയ്തു. അവിടെനിന്ന് ഡെപ്യൂട്ടേഷനിൽ നവോദയ കോളജിലേക്ക് മാറി. മൂന്ന് പതിറ്റാണ്ടോളം ചിത്രകലാ ജീവിതം സ്കൂളിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി. ഇതിനിടെ പൂർണ പിന്തുണ നൽകിയിരുന്ന ഭർത്താവിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമായി.
2019ൽ ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം ജീവിത സാഹചര്യങ്ങൾ മൂലം വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവന്നു. പക്ഷേ ചിത്രകലയിൽനിന്ന് വിരമിക്കാൻ വിജയകുമാരിക്ക് ആകുമായിരുന്നില്ല. സ്വന്തം ആവിഷ്കാരങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യം മൂലം അതെല്ലാം ഉള്ളിലൊതുക്കുകയാണ്.
കുട്ടികളെ പരിശീലിപ്പിക്കുന്ന ക്ലാസിന് തുടക്കമായെങ്കിലും കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ മുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ അവിഷ്കാരങ്ങളെ പ്രദർശിപ്പിക്കാൻ ചെറിയ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഏകമകൾ ലക്ഷ്മിയുടെ സഹായം ഇക്കാര്യത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.