എന്റെ നേരെ ഒരു ട്രെയിൻ വന്നത് ഓർമയുണ്ട്. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ ട്രെയിൻ കാലിനു മുകളിലൂടെ പാഞ്ഞുപോയിരുന്നു...
വർഷം 2011, നിറയെ സ്വപ്നങ്ങളുമായി ഒരു 23കാരി ലഖ്നോവിൽനിന്ന് ഡൽഹിയിലേക്ക് ട്രെയിൻ കയറുന്നു. എന്നാൽ, യാത്രക്കിടെയുണ്ടായ അപ്രതീക്ഷിത ദുരന്തം /അതിക്രമം അവളുടെ ജീവിതം മാറ്റിമറിച്ചു. വിധി അവളെ മരണത്തിനു വിട്ടുകൊടുത്തില്ല. നാലു മാസത്തോളം ആശുപത്രിക്കിടക്കയിൽ. ശരീരം തളർത്താൻ ശ്രമിച്ചെങ്കിലും ആത്മവിശ്വാസംകൊണ്ട് ഉയിർത്തെഴുന്നേൽക്കാനായിരുന്നു ആ പെൺകുട്ടിയുടെ തീരുമാനം. അങ്ങനെ അപകടം സംഭവിച്ച് മാസങ്ങൾക്കകം അവൾ ലക്ഷ്യത്തിലേക്ക് കൃത്രിമക്കാലുമായി നടക്കാൻ ആരംഭിച്ചു. ഇന്ന് ലോകത്തിന്റെ നെറുകയിൽ തൊട്ടാണ് ആ പെൺകുട്ടിയുടെ -അരുണിമ സിൻഹയുടെ- യാത്ര.
ഉത്തർപ്രദേശ് ലഖ്നോവിലെ അംബേദ്കർ നഗറിൽ 1988 ജൂലൈ 20നാണ് അരുണിമ സിൻഹയുടെ ജനനം. ആർമിയിൽ എൻജിനീയറായിരുന്നു പിതാവ്. അരുണിമക്ക് മൂന്നു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് സൂപ്പർവൈസറാണ് അമ്മ ഗ്യാൻ ബാല. മൂത്ത സഹോദരി ലക്ഷ്മി സിൻഹയും ഇളയ സഹോദരൻ രാഹുൽ സിൻഹയും അടങ്ങിയതാണ് കുടുംബം.
കുടുംബത്തിലെ എല്ലാവരും സ്പോർട്സിൽ ഒരുപോലെ തൽപരർ. കുഞ്ഞായിരുന്നപ്പോൾ മുതൽ അരുണിമയും സ്പോർട്സ് താരമായിരുന്നു. ഓർമവെച്ച നാൾ മുതൽ സൈക്ലിങ് ചെയ്യുമായിരുന്നു. സ്കൂളിൽ ഫുട്ബാൾ ടീമിൽ ഇടംനേടി. കോളജിലെത്തിയപ്പോൾ വോളിബാൾ ടീമിലും. അവിടെനിന്ന് ദേശീയ വോളിബാൾ താരമായി മാറുകയും ചെയ്തു. പിന്നീട് വളരെക്കാലം ജോലി അന്വേഷണം. ബിരുദാനന്തര ബിരുദത്തിനുശേഷം നിയമം പഠിച്ചു. ഒരു ഉറച്ച കരിയർ കെട്ടിപ്പടുക്കണമെന്നായിരുന്നു ആഗ്രഹം.
അടുത്ത ബന്ധുവിന്റെ നിർദേശത്തോടെ പാരാമിലിട്ടറി ഫോഴ്സിൽ ജോലിചെയ്യണമെന്ന ആഗ്രഹം ഉടലെടുത്തു. കൃത്യമായ വരുമാനം ലഭിക്കുന്ന ജോലിക്കൊപ്പം സ്പോർട്സും മുന്നോട്ടുകൊണ്ടുപോകാമെന്നതായിരുന്നു അതിന് കാരണം. എന്നാൽ, നിരവധി പരിശ്രമങ്ങൾ നടത്തിയെങ്കിലും ജോലി ലഭിച്ചില്ല. അങ്ങനെ 2011ൽ സെൻട്രൽ ഇൻഡസ്‍ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്) ഹെഡ് കോൺസ്റ്റബ്ൾ തസ്തികയിലേക്ക് അപേക്ഷിച്ചു. പരീക്ഷക്കായി കാൾ ലെറ്റർ ലഭിച്ചു. എന്നാൽ, കാൾ ലെറ്ററിൽ ജനനദിവസം തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. സാങ്കേതിക തെറ്റ് കാരണം ജോലി നഷ്ടപ്പെടണ്ട എന്ന ചിന്തകൊണ്ട് ഡൽഹിയിലെത്തി അത് തിരുത്തിവാങ്ങാനായി ശ്രമം. ജനനത്തീയതിയിലെ തെറ്റു തിരുത്തിയാൽ ജോലി ലഭിക്കാനുള്ള എല്ലാ തടസ്സങ്ങളും മാറുമെന്നും ഉറപ്പായും ആ ജോലി ലഭിക്കുമെന്നുമായിരുന്നു വിശ്വാസം. അങ്ങനെ ഡൽഹിയിലേക്ക് ട്രെയിൻ കയറി.
2011 ഏപ്രിൽ 11. ലഖ്നോവിൽനിന്ന് ഡൽഹിയിലേക്ക് പത്മാവതി എക്സ്പ്രസിലായിരുന്നു യാത്ര. ട്രെയിൻ ബറേയ്‍ലി സ്റ്റേഷനിലെത്താറായപ്പോൾ, അരുണിമയെ ഒരു കൂട്ടം ഗുണ്ടകൾ ചേർന്ന് ആക്രമിച്ചു. ബാഗും സ്വർണമാലയും തട്ടിയെടുക്കാനായിരുന്നു അവരുടെ ശ്രമം. അമ്മ സമ്മാനമായി നൽകിയ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതോടെ അവൾ അവരോട് ചെറുത്തുനിന്നു. ഒറ്റക്കൊരു സ്ത്രീ യാത്രിക, അതും രാത്രിയിൽ.
എളുപ്പം കവർച്ച നടത്താമെന്നായിരുന്നു ഗുണ്ടകളുടെ മനസ്സിൽ. എന്നാൽ, പൊരുതി നിൽക്കാനായിരുന്നു അവളുടെ തീരുമാനം. ഓരോരുത്തരായി അവളുടെ അടുത്തേക്ക് പാഞ്ഞെത്തി. ഇടിയും അടിയും ബഹളവുമായി അവൾ പ്രതിരോധിച്ചു. എങ്കിലും ഒരു പരിധിക്കപ്പുറം അവൾക്ക് ചെറുക്കാൻ കഴിഞ്ഞില്ല. കമ്പാർട്മെന്റിൽ നിറയെ ആളുകൾ ഉണ്ടായിരുന്നിട്ടും ഒറ്റക്കൊരു പെൺകുട്ടിയെ ആക്രമിക്കുന്നതിനെ തടയാൻ ആരും മുന്നോട്ടുവന്നില്ല. നിമിഷനേരം കൊണ്ട് അവർ അരുണിമയെ ട്രെയിനിനു പുറത്തേക്ക് വലിച്ചെറിഞ്ഞു.
‘‘ഞാൻ എതിർത്തു, ഇതോടെ എന്നെ അവർ ട്രെയിനിനു പുറത്തേക്കെറിഞ്ഞു. അനങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്റെ നേരെ ഒരു ട്രെയിൻ വന്നത് ഓർമയുണ്ട്. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ ട്രെയിൻ കാലിനു മുകളിലൂടെ പാഞ്ഞുപോയിരുന്നു. കാലിലൂടെ ട്രെയിൻ കയറിയിറങ്ങി രക്തത്തിൽ കുളിച്ച് കിടന്ന എന്നെ മറികടന്ന് 49 ട്രെയിനുകൾ കടന്നുപോയതായി പിന്നീട് ഞാൻ കണ്ടെത്തി. എന്റെ മുറിവിലെ ചോര കുടിക്കാൻ എലികൾ
ചുറ്റും കൂടിയിരുന്നു. ഓരോ ട്രെയിൻ കടന്നുപോകുമ്പോഴും അലറിവിളിച്ചു. വേദനകൊണ്ട് പുളഞ്ഞു...’’ -അപകടത്തെക്കുറിച്ച് അരുണിമ പറയുന്നതിങ്ങനെ.
രക്തത്തിൽ കുളിച്ച് ബോധമില്ലാതെ മരണത്തോടു മല്ലടിച്ച് റെയിൽവേ ട്രാക്കിൽ കിടന്ന അരുണിമയെ ആരൊക്കെയോ ചേർന്ന് പുലർച്ചയോടെ ബറേയ്‍ലിയിലെ ജില്ല ആശുപത്രിയിലെത്തിച്ചു. ജീവൻ രക്ഷപ്പെടുത്തുന്നതിനായി അരുണിമയുടെ ഇടതുകാൽ മുട്ടിനു താഴെ ഡോക്ടർമാർ മുറിച്ചുമാറ്റി. സ്വബോധത്തോടെയായിരുന്നു അപ്പോഴും അരുണിമ.
‘‘സൗകര്യങ്ങളുടെ അഭാവംമൂലം ആശുപത്രി അധികൃതർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. അവർ എന്നെ നന്നായി പരിചരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഫാർമസിസ്റ്റ് എനിക്ക് ആവശ്യമായ രക്തം നൽകി. എങ്കിലും ആശുപത്രിയിലെ സൗകര്യങ്ങളുടെ അഭാവം വിവരിക്കാൻ ഇതുകൂടി പറഞ്ഞേ മതിയാകൂ. കാൽ മുറിച്ചുമാറ്റിയതിനുശേഷം ഓപ്പറേഷൻ തിയറ്ററിൽ കിടത്തിയിരിക്കുകയായിരുന്നു. അവിടേക്ക് ഒരു തെരുവുനായ് കടന്നുവന്നു. എന്റെ ശരീരത്തിൽനിന്ന് അപ്പോൾ മുറിച്ചുമാറ്റിയ കാൽ അവിടെ സൂക്ഷിച്ചിരുന്നു. ആ നായ് അത് ആസ്വദിക്കുന്നതു നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. എന്റെ വലതുകാലിനും പരിക്കേറ്റിരുന്നു. വടി ഉപയോഗിച്ച് അനക്കാൻ കഴിയാതെ കെട്ടിവെച്ചിരിക്കുകയായിരുന്നു’’ -അരുണിമ പറയുന്നു.
ജീവനുവേണ്ടി ആശുപത്രിക്കിടക്കയിൽ മല്ലിടുമ്പോൾ രാജ്യത്തിനകത്ത് അരുണിമ സിൻഹ ഒരു സെൻസേഷനായി മാറിയിരുന്നു. ഇന്ത്യൻ കായിക മന്ത്രാലയത്തിൽനിന്ന് ഒരു ചെറിയ തുക നഷ്ടപരിഹാരം അനുവദിച്ചു. ഇതിൽ പ്രതിഷേധം ഉയർന്നതോടെ സർക്കാർ ചികിത്സാസഹായമായി 2,00,000 രൂപ പ്രഖ്യാപിച്ചു.
കൂടാതെ സി.ഐ.എസ്.എഫിൽ ജോലിക്കുള്ള ശിപാർശയും. ഇന്ത്യൻ റെയിൽവേയും അരുണിമക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. അതോടൊപ്പം 2011 ഏപ്രിൽ 18ന് വിദഗ്ധ ചികിത്സക്കായി അരുണിമയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) മാറ്റുകയും ചെയ്തു. നാലു മാസത്തോളം അവിടെ ചികിത്സ തേടി. ഡൽഹി ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനി അരുണിമക്ക് സൗജന്യമായി കൃത്രിമക്കാൽ നൽകി. എന്നാൽ, ഇതിനിടെ അരുണിമ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കിടയിലും രാഷ്ട്രീയ പോരിനിടയിലും സെൻസേഷനായി മാറിയിരുന്നു.
ആദ്യം സിമ്പതിയായിരുന്നു. എന്നാൽ, പിന്നീട് അതുമാറി. അപകടത്തിന്റെ ഉത്തരവാദി ആരാണെന്നും സുരക്ഷ എവിടെയാണെന്നുമുള്ള ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരിക്കെ തന്നെ ഒരു കൂട്ടർ അരുണിമക്കെതിരെയും തിരിഞ്ഞു. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്നതിനിടെ ടിക്കറ്റ് കലക്ടർ പിടികൂടാതിരിക്കാൻ ട്രെയിനിൽനിന്ന് ചാടിയതാണെന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ, അരുണിമ ടിക്കറ്റ് വാങ്ങുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആ ആരോപണം ഇല്ലാതായി. പിന്നീട് ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണെന്നായിരുന്നു വാദം.
ബന്ധുക്കളും കുടുംബക്കാരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സ്വയം തോൽക്കാൻ ആ പെൺകുട്ടി തയാറല്ലായിരുന്നു. പോരാടാനായിരുന്നു അവളുടെ ഉറച്ച തീരുമാനം. കാൽ മുറിച്ചുമാറ്റിയതോടെ എല്ലാവരും സഹതാപത്തോടെയായിരുന്നു അരുണിമയെ സമീപിച്ചത്. അർബുദത്തോടു പോരാടി വിജയം നേടിയ യുവരാജ് സിങ്ങാണ് അരുണിമയുടെ റോൾ മോഡൽ. എയിംസിൽ ചികിത്സയിലിരിക്കെ തന്നെ എന്തെങ്കിലും ചെയ്യണമെന്ന മോഹം അവളിൽ ഉടലെടുത്തിരുന്നു.
ആശുപത്രിക്കിടക്കയിൽ നിന്നുതന്നെ ദിവസവും പത്രം വായിക്കും. അങ്ങനെ ഒരിക്കൽ പത്രം വായിക്കുന്നതിനിടെ എവറസ്റ്റിനെക്കുറിച്ച് ഒരു ലേഖനം വായിച്ചു. എവറസ്റ്റിനെ ബന്ധിപ്പിക്കുന്ന 15 വഴികളുണ്ടെന്ന് വായിച്ചറിഞ്ഞു. ഇതിൽ 14 വഴികളും പർവതാരോഹകർ തിരഞ്ഞെടുക്കുന്നതാണെന്നും ഒരു വഴി മാത്രം ആരും കീഴടക്കിയിട്ടില്ലെന്നും അറിഞ്ഞു. ഈ ലേഖനം വായിക്കുമ്പോൾ ബന്ധത്തിലുള്ള ഒരു സഹോദരൻ (ഭായ്സാഹിബെന്ന് വിളിക്കും) അടുത്തുണ്ടായിരുന്നു. അദ്ദേഹത്തോട് 15ാമത്തെ വഴിയെക്കുറിച്ചും അത് കീഴടക്കണമെന്ന ആഗ്രഹവും അറിയിച്ചു. ഭായ്സാഹിബ് ഒരു നിമിഷം മൗനം പാലിച്ചു.
എന്നാൽ, ആഗ്രഹമുണ്ടെങ്കിൽ ആ വഴി തിരഞ്ഞെടുക്കൂ, വിജയിക്കുകതന്നെ ചെയ്യും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിരവധി റെക്കോഡുകൾ പരിശോധിച്ചതിൽനിന്ന് ഭായ്സാഹിബ് ഒരു കാര്യം തിരിച്ചറിഞ്ഞു, അത് അരുണിമയെ അറിയിക്കുകയും ചെയ്തു. ‘ലോകത്തിൽ കൃത്രിമക്കാലുമായി ആരും ഇതുവരെ പർവതാരോഹണം നടത്തിയിട്ടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അത് അരുണിമയിൽ പ്രതീക്ഷയുണർത്തി. അങ്ങനെ കൃത്രിമക്കാലുമായി എവറസ്റ്റ് കയറണമെന്ന നിശ്ചയദാർഢ്യവും മനസ്സിൽ ഉറപ്പിച്ചു.
എവറസ്റ്റ് കീഴടക്കുക എന്നത് ഒരു ഗെയിം ആയിരുന്നു അരുണിമക്ക്. അതിനായി അവൾ പോരായ്മകളെ കരുത്താക്കി മാറ്റി. സ്വയം തിരിച്ചറിയാനും തെളിയിക്കാനുമല്ല എല്ലാ പെൺകുട്ടികളും പർവതാരോഹണം തിരഞ്ഞെടുക്കുക. എന്നാൽ, അരുണിമക്ക് തന്റെ വ്യക്തിത്വം തിരിച്ചെടുക്കുന്നതിനായിരുന്നു ഈ ടാസ്ക്.
ദുരന്തത്തിന്റെ ഇര, ആത്മഹത്യക്ക് ശ്രമിച്ചവൾ തുടങ്ങിയ പേരുകൾ മാറ്റി കരുത്തിനെ ഒപ്പം ചേർക്കണമായിരുന്നു അവൾക്ക്. അവളുടെ പാതിയിൽ അടഞ്ഞ ശബ്ദം പുറത്തുകൊണ്ടുവരണമായിരുന്നു. എവറസ്റ്റ് കീഴടക്കുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ വേണമായിരുന്നു അരുണിമക്ക്. അതിനായി തിരഞ്ഞെടുത്തത് 1984ൽ ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ വനിത ബചേന്ദ്രി പാലിനെയും.
അങ്ങനെ ഒരു മാധ്യമപ്രവർത്തകയോട് ബചേന്ദ്രി പാലിന്റെ നമ്പർ ചോദിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ അവർ നമ്പർ സംഘടിപ്പിച്ചുനൽകി. ഉടൻതന്നെ ബചേന്ദ്രി പാലിനെ വിളിച്ച് അരുണിമ സ്വയം പരിചയപ്പെടുത്തി. ശേഷം കാണാനുള്ള ആഗ്രഹവും അരുണിമ അറിയിക്കുകയും ബചേന്ദ്രി പാൽ കാണാമെന്ന് വാക്കുനൽകുകയും ചെയ്തു. ആശുപത്രിയിൽനിന്ന് തുന്നിക്കെട്ടിയ കാലുമായി നേരെ ട്രെയിൻ കയറിയത് ബചേന്ദ്രി പാലിനെ കാണാൻ ജാംഷഡ്പുരിലേക്ക്. അവർ അരുണിമയെ സ്വാഗതം ചെയ്തു, ഒത്തിരി സംസാരിച്ചു. അരുണിമയുടെ കുടുംബത്തെ കൂടാതെ അവളെ പർവതാരോഹണത്തിന് പ്രോത്സാഹിപ്പിച്ച മറ്റൊരു വ്യക്തി ബചേന്ദ്രി പാലായിരുന്നു.
‘‘ഈയൊരു അവസ്ഥയിലും നീ ഇത്രയും വലിയൊരു തീരുമാനമെടുത്തു. നിന്റെ ഉള്ളിൽ നീ ഇതിനോടകംതന്നെ ഒരു എവറസ്റ്റ് കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. ഇനി നീ ആരാണെന്ന് ലോകത്തോടു വിളിച്ചുപറയാൻ വേണ്ടി മാത്രം ആ പർവതം കയറുക’’ -ബചേന്ദ്രി പാൽ പറഞ്ഞുനിർത്തി.
ബചേന്ദ്രി പാലിനെ കണ്ടതിനുശേഷം വീട്ടിലേക്ക് മടങ്ങാൻ തയാറല്ലായിരുന്നു അരുണിമ. അവിടെനിന്നുതന്നെ പരിശീലനം ആരംഭിക്കാൻ തുടങ്ങി. ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽനിന്ന് ബേസിക് കോഴ്സ് പൂർത്തീകരിച്ചു. അതിനുശേഷം 18 മാസത്തെ കഠിന പരിശീലനമായിരുന്നു. പരിശീലനത്തിന് ഞായറാഴ്ച അവധിയോ ദീപാവലിയോ ഹോളിയോ ഉണ്ടായിരുന്നില്ല. ചെറുതും അപകടകരമായതുമായ പർവതങ്ങളിൽ കയറി പരിശീലനം തുടർന്നു.
രണ്ടുതവണ മരണത്തെ മുഖാമുഖം കണ്ടു. അതിനപ്പുറം ജീവൻ പോകുന്ന വേദനയായിരുന്നു ഈ അപകടങ്ങളിൽ അനുഭവിച്ചതെന്നും അരുണിമ പറയുന്നു. കാലുകൾക്ക് അരുണിമയുടെ ഭാരംപോലും താങ്ങാൻ ശേഷിയുണ്ടായിരുന്നില്ല. അതിനാൽ ആദ്യം സ്വയം നടക്കാൻ പഠിക്കുകയായിരുന്നു. പിന്നീട് ചെറിയ കല്ലുകളുടെ ഭാരവുമായി യാത്രചെയ്യാൻ തുടങ്ങി.
ടാറ്റ സ്റ്റീൽ അരുണിമക്കായി സ്പോൺസർഷിപ് അനുവദിച്ചു. ഇത് ലക്ഷ്യം ഒന്നുമാത്രമാണെന്ന് അരുണിമയെ ഓർമിപ്പിക്കുന്നതായിരുന്നു. പർവതാരോഹണത്തിനായി ശരീരത്തെ മെരുക്കിയെടുക്കുക എന്നതാണ് ഏറ്റവും കഠിനം. വർഷങ്ങളുടെ പരിശീലനത്തിലൂടെയാണ് പർവതാരോഹകർ ഇത് നേടുന്നത്. എന്നാൽ, സമയം നഷ്ടപ്പെടുത്താൻ അരുണിമ തയാറായിരുന്നില്ല. പരിശീലനം ആരംഭിച്ചതുമുതൽ പർവതങ്ങളിൽ താമസിച്ച് അരുണിമ ശരീരത്തെ മെരുക്കിയെടുക്കുകയായിരുന്നു.
2013 ഏപ്രിൽ ഒന്നിന് അരുണിമ എവറസ്റ്റ് ദൗത്യം ആരംഭിച്ചു. 2013 മേയ് 21ന് 52ാം ദിവസം അരുണിമ എവറസ്റ്റിന്റെ നെറുകയിൽ തൊട്ടു. പരിക്കിന്റെ പിടിയിലായിരുന്നു എത്തിപ്പിടിച്ച നേട്ടങ്ങളെല്ലാം. ബേസ് ക്യാമ്പിൽ എത്തിയപ്പോൾ വളരെയധികം സന്തോഷവതിയായിരുന്നു, എത്തിയപ്പോൾ തന്നെ ബാലൻസ് തെറ്റി നിലത്തുവീണു. ട്രക്കിങ് പോയന്റുകളിൽ പലപ്പോഴും മുറിച്ചുകടക്കേണ്ട ഇടങ്ങളുണ്ടായിരുന്നു. ഏണിയില്ലാത്തതിനാൽ അവ ചാടിക്കടക്കേണ്ടിവന്നു. ഒരിക്കലെങ്കിലും അടിതെറ്റിയിരുന്നെങ്കിൽ ജീവിതം അവിടെ അവസാനിക്കുമായിരുന്നു.
പലപ്പോഴും മുറിവിൽനിന്ന് രക്തം വന്നു. കാൽ ഉറപ്പിച്ചു ചവിട്ടാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടായി, ഇതോടെ കാൽതെറ്റി വീഴും. എന്റെ വലതുകാൽ ഒരു സ്റ്റീൽ വടികൊണ്ട് ചേർത്തുപിടിച്ചിരുന്നു. ഒരു ആത്മഹത്യ ദൗത്യത്തിലാണെന്ന് ഓർമിപ്പിച്ച് പലപ്പോഴും ഷേർപ്പ (എവറസ്റ്റിലേക്ക് കയറുമ്പോൾ ഒപ്പമുണ്ടാകുന്ന ഗൈഡ്) അരുണിമയെ അനുഗമിക്കാൻ മടിച്ചു.
എവറസ്റ്റ് കൊടുമുടി താണ്ടുന്നവർ നാലു ക്യാമ്പുകൾ കടന്നുവേണം മുകളിലെത്താൻ. മരണമേഖല എന്നറിയപ്പെടുന്ന പ്രദേശമാണ് ഇതിൽ നാലാമത്തെ ക്യാമ്പ്. 3500 അടി ഉയരമുള്ള പ്രദേശം. ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണംകൊണ്ട് കുപ്രസിദ്ധമാണിവിടം. പലയിടത്തായി മൃതദേഹങ്ങൾ കിടക്കുന്നതാണ് ഇവിടത്തെ പ്രധാന കാഴ്ച. ചിലത് മഞ്ഞിൽ പൊതിഞ്ഞും മറ്റുചിലത് അസ്ഥികൂടമായും.
അരുണിമ തൊട്ടുമുമ്പ് പരിചയപ്പെട്ട ബംഗ്ലാദേശി പർവതാരോഹകൻ അവിടെ മരിച്ചുവീണു കിടപ്പുണ്ടായിരുന്നു. ഇതോടെ തണുപ്പ് ശരീരത്തിനെ മാത്രമല്ല, മനസ്സിനെയും പൊതിയുന്നതായി അരുണിമക്ക് തോന്നി. ഇവിടെനിന്ന് മടങ്ങാനോ മരിക്കാനോ കഴിയില്ലെന്ന് മനസ്സിൽ ഉറപ്പിച്ചായിരുന്നു അരുണിമയുടെ യാത്ര. മരണം ഒരു ഓപ്ഷൻ അല്ലെന്ന് അരുണിമ സ്വന്തം ശരീരത്തെ പഠിപ്പിച്ചു.
കൃത്രിമക്കാലുമായി മല്ലിടുന്ന അരുണിമയോട് തിരിച്ചിറങ്ങാൻ ഷേർപ്പ ഉപദേശിച്ചുകൊണ്ടിരുന്നു. എന്നാൽ, ഈ പർവതത്തെ കീഴടക്കാതെ തിരിച്ചിറങ്ങാനോ മരിക്കാനോ താൻ തയാറല്ലെന്ന് അരുണിമ ഷേർപ്പയോട് പറഞ്ഞു. പിന്നീട് ഷേർപ്പയും അരുണിമയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.
ഒടുവിൽ, അരുണിമ എവറസ്റ്റിനു മുകളിലെത്തി. ആറു മുതൽ ഏഴു മിനിറ്റ് വരെയാണ് അരുണിമ പർവതത്തിനു മുകളിൽ ചെലവഴിച്ചത്. തന്റെ കൃത്രിമക്കാലുമായി ഈ ലോകത്തിന്റെ നെറുകയിലെത്തിയെന്ന് എല്ലാവരോടും വിളിച്ചുപറയണമെന്ന് അരുണിമക്ക് തോന്നി. എവറസ്റ്റ് കീഴടക്കുന്ന ഭിന്നശേഷിക്കാരിയായ ആദ്യത്തെ വനിതയായി അരുണിമ ഇതോടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.
പർവതത്തിനു മുകളിലെത്തിയപ്പോൾ ഓക്സിജന്റെ അളവ് കുറഞ്ഞതായി ഷേർപ്പ അരുണിമക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ‘ആദ്യം നിങ്ങളുടെ ജീവൻ രക്ഷിക്കൂ. നിങ്ങൾക്ക് വീണ്ടും എവറസ്റ്റ് കീഴടക്കാൻ സാധിക്കും’ എന്നായിരുന്നു ഷേർപ്പയുടെ ഉപദേശം. എന്നാൽ, കിട്ടിയ സമയത്തിനുള്ളിൽ രാജ്യത്തിന്റെ പതാക അരുണിമ അവിടെ സ്ഥാപിച്ചു. കൂടാതെ സ്വാമി വിവേകാനന്ദന്റെ ചിത്രങ്ങളും അവിടെ വെച്ചു.
ബാക്കിയുണ്ടായിരുന്ന ഓക്സിജൻ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്താൻ തുടങ്ങി. മരണത്തിന്റെ സമയമായെന്ന് അരുണിമക്ക് മനസ്സിലായിരുന്നു. അതിനാൽ ഈ ചിത്രങ്ങൾ തെളിവായി അവശേഷിപ്പിക്കണമായിരുന്നു അരുണിമക്ക്. ഓക്സിജൻ തീർന്നതോടെ അവസാന ശ്വാസത്തിനായി നിലത്തേക്ക് വീണു. വിധി, കിസ്മത്ത്, വിശ്വാസം തുടങ്ങിയവ അരുണിമക്കൊപ്പം നിന്നത് അപ്പോഴായിരുന്നു.
എവിടെനിന്നോ ഒരു ഓക്സിജൻ സിലിണ്ടർ അധികമായി ഷേർപ്പ കണ്ടു. അത് അരുണിമയുടെ ജീവൻ നിലനിർത്താനായി ഉപയോഗിച്ചു. ജീവൻ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാൻ കഴിയാതെ അരുണിമ പർവതത്തിൽനിന്ന് താഴേക്കിറങ്ങാൻ തുടങ്ങി. എവറസ്റ്റ് കയറ്റത്തേക്കാൾ കൂടുതൽ മരണം സംഭവിക്കുക പർവതം ഇറങ്ങുമ്പോഴായിരിക്കും. എന്നാൽ, ഇനിയൊന്നിനും തന്നെ കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് അരുണിമ അപ്പോഴേക്കും ലോകത്തോടുതന്നെ വിളിച്ചുപറഞ്ഞിരുന്നു.
ആശുപത്രിക്കിടക്കയിൽ എവറസ്റ്റ് കീഴടക്കാൻ പദ്ധതിയിട്ടപ്പോൾ ആളുകൾ അരുണിമയെ ഭ്രാന്തിയെന്ന് കളിയാക്കിയിരുന്നു. അതിൽ വിഷമമുണ്ടായിരുന്നതായും അരുണിമ പറയുന്നു. എന്നാൽ, ഇപ്പോൾ തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആളുകൾ പറഞ്ഞുചിരിക്കുമ്പോൾ തനിക്ക് കൂടുതൽ സന്തോഷമാണെന്നാണ് അരുണിമയുടെ വാക്കുകൾ. നിങ്ങളുടെ ലക്ഷ്യത്തെ മറ്റുള്ളവർ ഭ്രാന്തെന്ന് കളിയാക്കി ചിരിച്ചാൽ ആ ലക്ഷ്യം നിങ്ങളോട് കൂടുതൽ അടുത്താണെന്നാണ് അരുണിമ ഇപ്പോൾ വിശ്വസിക്കുന്നത്.
എവറസ്റ്റ് മാത്രമല്ല, ലോകത്തിലെ ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരമുള്ള കൊടിമുടികൾ കയറുകയെന്നതായിരുന്നു അരുണിമയുടെ അടുത്ത സ്വപ്നം. 2014, 2015 കാലഘട്ടങ്ങളിൽ ഇതിൽ ആറു ഭൂഖണ്ഡങ്ങളിലെയും പർവതങ്ങളുടെ നെറുകയിൽ അരുണിമയെത്തി. ഏഷ്യയിലെ എവറസ്റ്റ് (മേയ് 2013), ആഫ്രിക്കയിലെ കിളിമഞ്ചാരോ (മേയ് 2014), യൂറോപ്പിലെ എൽബ്രസ് (ജൂലൈ 2014), ആസ്ട്രേലിയയിലെ കോസിസ്കോ (ഏപ്രിൽ 2015), തെക്കേ അമേരിക്കയിലെ മൗണ്ട് അക്കോൺകാഗ്വ (ഡിസംബർ 2015), വടക്കേ അമേരിക്കയിലെ മൗണ്ട് ഡെനാലി, ഇന്തോനേഷ്യയിലെ കാർട്ടെൻസ് പിരമിഡ് എന്നിവ കീഴടക്കി. 2019 ജനുവരി നാലിന് ഏഴാമത്തെ പർവതമായ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസണും അരുണിമ കാൽക്കീഴിലാക്കി.
തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പാഠങ്ങൾ നൽകിയത് പർവതാരോഹണമാണെന്ന് അരുണിമ പറയുന്നു. ആത്മവിശ്വാസം, നേതൃത്വം, പ്രതിരോധം തുടങ്ങിയവ നൽകി. അതോടൊപ്പം എത്ര ഉയരത്തിൽ എന്ത് നേടിയിട്ടും കാര്യമില്ല, മികച്ച വ്യക്തിത്വമായിരിക്കണം പ്രധാനമെന്നും പർവതങ്ങൾ എപ്പോഴും താഴേക്കു നോക്കാനാണ് പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും അരുണിമ പറയുന്നു. ‘എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യം നേടുന്നതുവരെ തുടരുക’ എന്ന വിവേകാനന്ദന്റെ വാക്കുകളാണ് തന്നെ എപ്പോഴും മുന്നോട്ടുനയിക്കുന്നതെന്നും അരുണിമ കൂട്ടിച്ചേർക്കുന്നു.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി ഒരു സ്പോർട്സ് അക്കാദമി (ഷാഹിദ് ചന്ദ്രശേഖർ ആസാദ് വികലാംഗ് ഖേൽ അക്കാദമി) നടത്തുന്നുണ്ട് അരുണിമ. ശാരീരിക പരിമിതികളുള്ളവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയെന്നതാണ് അതിലൂടെയുള്ള സ്വപ്നം. ‘ബോൺ എഗെൻ ഓൺ ദ മൗണ്ടൻ’ (Born Again on The Mountain) എന്ന പുസ്തകം 2014ൽ പ്രകാശനം ചെയ്തു. അരുണിമയുടെ അതിജീവനത്തിന്റെ വഴികൾ അടയാളപ്പെടുത്തുന്ന പുസ്തകമായിരുന്നു അത്. 2015ൽ പത്മശ്രീ നൽകി രാജ്യം അരുണിമയെ ആദരിച്ചു. കൂടാതെ ടെൻസിങ് നോർഗെ ഹയസ്റ്റ് മൗണ്ടനീയറിങ് അവാർഡും അരുണിമ സിൻഹ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.