തൃശൂർ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന ഇറക്കിയ പോസ്റ്ററിൽ ആത്മവിശ്വാസം നിറച്ച് അസിം അലിയും ഫാത്തിമയും. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ (നിപ്മർ) സ്പെഷൽ സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.
'ഇതൊരു വീൽചെയർ മാത്രമല്ല, ചക്രങ്ങളിൽ ഒരു സ്വപ്നം', 'ഇവിടെ കാണുന്നത് വെറുമൊരു സഹായമല്ല. അത് അഭിലാഷമാണ്' എന്നിങ്ങനെയുള്ള അടികുറിപ്പോടു കൂടിയാണ് പോസ്റ്റർ ഇറക്കിയിട്ടുള്ളത്. അടിക്കുറിപ്പ് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് അസിമിന്റെ ജീവിതവും.
നിപ്മർ ആദ്യമായി പവർ വീൽചെയർ നൽകിയത് അസിമിനായിരുന്നു. അവിടെനിന്നാണ് അവന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചത്. വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അസിമിന്റെ വിനോദം റീൽസ് ചെയ്ത് വിഡിയോകൾ എഡിറ്റ് ചെയ്ത് തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.
ഫാത്തിമക്ക് നൃത്തത്തിലാണ് താൽപര്യം. ഇരുവരും പ്ലസ് വൺ വിദ്യാർഥികൾ. ആളൂർ പഞ്ചായത്തിലെ കല്ലേറ്റുംകര സ്വദേശി ആലങ്ങാട്ടുക്കാരൻ വീട്ടിൽ അൻവർ അലി - ജാസ്മിൻ അൻവർ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അസിം അലി. അന്നമനട പഞ്ചായത്തിലെ കല്ലൂർ പനങ്ങോട്ടിപറമ്പിൽ നാസർ - സീനത്ത് ദമ്പതികളുടെ മൂത്തമകളാണ് ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.