അരൂർ ക്ഷേത്രം ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ നൂറോളമുണ്ട്. അതിലൊന്നിൽ ഡ്രൈവറാണ് ശാന്തിനി. അരൂർ നാലാം വാർഡിൽ വൈക്കംപറമ്പിൽ 40കാരിയായ ശാന്തിനിയുടെ ഭർത്താവ് അനിൽ ഇല ക്ട്രീഷനായിരുന്നു. ഒരുവിധം അല്ലലില്ലാതെ കഴിയുന്നതിനിടയിലാണ് 16 വർഷം മുമ്പ് അനിൽ വാഹനാപകടത്തിൽ മരിക്കുന്നത്.
ആകെ തകർന്ന നാളുകൾ. ഭാവി തീർത്തും ഇരുട്ടിൽ. പല വഴി കളും ആലോചിച്ചു. ഏക മകൾ അനഘയെ വളർത്തണം, ജീവിക്കണം. വർഷങ്ങൾ പല ജോലികൾ ചെയ്ത് മുന്നോട്ടുപോയി. ഒന്നിലും ഒരു തൃപ്തി തോന്നിയില്ല. സാമ്പത്തിക ക്ലേശങ്ങൾ കൂടിവന്നു. ഒടുവിൽ ഒമ്പത് വർഷം മുമ്പ് ഓട്ടോ ഡ്രൈവിങ് പഠിച്ചു.
വായ്പ എടുത്ത് ഓട്ടോ വാങ്ങി അരൂർ ക്ഷേത്രം ജങ്ഷനിലെ സ്റ്റാൻഡിലെത്തി, ഓട്ടം തുടങ്ങി. എല്ലാവരും ആണുങ്ങൾ, അവരുടെയെല്ലാം ഏക പെങ്ങളായി. സ്ത്രീയായതിെൻറ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഓട്ടോക്കാരിയായിതന്നെ സധൈര്യം നേരിട്ടു. ‘ആണുങ്ങളുടെ തൊഴിലിടമല്ലേ, കുറച്ച് ധൈര്യമൊക്കെ താനെ വന്നുകൊള്ളും’ -ശാന്തിനി പറയുന്നു.
ജീവിതം വഴിമുട്ടി നിൽക്കുന്ന പല വീട്ടമ്മമാരും കണ്ടുപഠിക്കേണ്ട പെൺകരുത്താണ് ശാന്തിനി. ആത്മവിശ്വാസമാണ് ഒരു മനുഷ്യന് മനസ്സിൽ ആദ്യം വേണ്ടത് എന്നാണ് ശാന്തിനിയുടെ അഭിപ്രായം. ഒരിക്കലും മനസ്സ് തളർന്നുപോകാതെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കേണ്ടതും ഓരോ മനുഷ്യെൻറയും കടമ കൂടിയാണ് എന്ന് ഈ വീട്ടമ്മ കൂട്ടിച്ചേർക്കുന്നു.
മകൾ അനഘ പ്ലസ് ടുവിന് പഠിക്കുന്നു. ജീവിതത്തിൻ മിച്ചംപിടിച്ചതുകൊണ്ട് സുഹൃത്തുക്കളുമായി പങ്കുചേർന്ന് ഒരു ചെറിയ ബസ് കൂടി വാങ്ങിയതിെൻറ സന്തോഷത്തിലാണ് ശാന്തിനി. ബസ് സ്കൂൾ ഓട്ടത്തിന് വാടകക്ക് നൽകി. സമാന അവസ്ഥകളിലെത്തിയ സ്ത്രീകളോട് ശാന്തിനി പറയുന്നത് മനക്കരുത്ത് വിടരുതെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.