ദുബൈ: ഒരിക്കൽ കൂടി തന്റെ പഴയ മാമ്മയെ നിലമ്പൂർ ആയിഷ ‘നേരിൽ കണ്ടു’. ഒരുകാലത്ത് തന്നെ അടക്കിവാഴുകയും പിന്നീട് സ്നേഹം കൊണ്ട് അവരെ കീഴ്പ്പെടുത്തുകയും ചെയ്ത ഓർമകളിലേക്ക് ആയിഷ ഒരിക്കൽ കൂടി ആഴ്നിറങ്ങി. ‘ആയിഷ’ എന്ന ചിത്രത്തിലെ യഥാർഥ നായിക നിലമ്പൂർ ആയിഷയും മാമ്മയായി വേഷമിട്ട മോന തവീലുമായുള്ള കൂടിക്കാഴ്ച ഏറെ വികാര നിർഭരമായിരുന്നു. ദുബൈയിലാണ് നിലമ്പൂർ ആയിഷയും മോന തവീലും തമ്മിലുള്ള സമാഗമം നടന്നത്.
ഗദ്ദാമയായി സൗദിയിലെത്തിയപ്പോഴുള്ള നിലമ്പൂർ ആയിഷയുടെ അനുഭവങ്ങളാണ് ‘ആയിഷ’ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. മാമ്മ എന്ന പ്രായമായ സ്ത്രീയെ പരിചരിക്കാനെത്തുന്നതും അവരെ സ്നേഹംകൊണ്ട് കീഴ്പ്പെടുത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. നിലമ്പൂർ ആയിഷയായി മഞ്ജു വാര്യരും മാമ്മയായി മോന തവീലുമാണ് വേഷമിട്ടത്. ദുബൈയിൽ പ്രവാസിയായ മോന തവീലിന്റെ ആദ്യ സിനിമ കൂടിയാണ് ആയിഷ. ‘ആയിഷയുടെ കഥ കേട്ടപ്പോൾ മുതൽ ഉള്ളിൽ കയറിക്കൂടിയതാണ് നിലമ്പൂർ ആയിഷ.
ആ കരുത്തുറ്റ സ്ത്രീയെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ അത് സഫലമായിരിക്കുന്നു’-കൂടിക്കാഴ്ചക്ക് ശേഷം മോന പറഞ്ഞു. തന്റെ മാമ്മയെ പകർത്താൻ മോനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആയിഷയും പറഞ്ഞു. ‘എന്റെ മാമ്മ ഭയങ്കരിയായിരുന്നില്ല. ആദ്യ കാലങ്ങളിൽ രൂക്ഷമായ പെരുമാറ്റമായിരുന്നു. പിന്നീട് ഞാൻ അവരെ കൈപ്പിടിയിലൊതുക്കി. ഞാനൊരു നടിയായതുകൊണ്ടാണ് അതിന് കഴിഞ്ഞത്.
സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലും പ്രവർത്തനത്തിലുമാണ് അവരുടെ മനസ്സ് കീഴടക്കിയത്. എന്നോട് ലാളിത്യ ബോധത്തോടെയാണ് പെരുമാറിയിരുന്നത്. 26 വർഷം ആ വീട്ടിലായിരുന്നു ജീവിതം. ഒടുവിൽ ഞാനില്ലാതെ വയ്യെന്ന അവസ്ഥയിലായി അവർ. മരിക്കുമ്പോൾ വെള്ളം കൊടുക്കാൻ പോലും ഞാനാണുണ്ടായിരുന്നത്.
ചില നേരങ്ങളിൽ അവർ ചിരിച്ചുകൊണ്ടേയിരിക്കും. ചില സമയത്ത് ദേഷ്യപ്പെടും. എന്റെ ഉപ്പയും ഉമ്മയും അവരോട് നല്ല പെരുമാറ്റമായിരുന്നു. അതിനാൽ, ആ സ്നേഹം എനിക്കും തിരിച്ചുകിട്ടി’ -ആയിഷ പറയുന്നു. ഇനിയും ഒരുപാട് അഭിനയിക്കണമെന്ന് മോനയോട് ഉപദേശിച്ചാണ് ആയിഷ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.