പാ​ഴ്​​വ​സ്തു​ക്ക​ളി​ൽ​നി​ന്ന്​ നി​ർ​മി​ച്ച ക​ലാ​സൃ​ഷ്ടി​ക​ൾ​ക്കൊ​പ്പം ഭാ​നു​മ​തി 

പ്ലാവിലയിൽ ബൊക്കെ, കുപ്പിക്കുള്ളിൽ ശിൽപം; ഇത്​ ഭാനുമതിയുടെ കരവിരുത്​

തൊടുപുഴ: കോലാനി പഞ്ചവടിപ്പാലം വാളൂർ വീട്ടിൽ ഭാനുമതി എന്ന 72കാരിയുടെ കണ്ണിൽ പാഴ്വസ്തു എന്നൊന്നില്ല. ഭാനുമതിയുടെ വീട്ടിലുണ്ടാകുന്ന പാഴ്വസ്തുക്കൾക്ക് കുപ്പത്തൊട്ടിയിലോ ആക്രിക്കടകളിലോ അല്ല, സ്വീകരണ മുറിയിലാണ് സ്ഥാനം. ഈ സ്വീകരണമുറിയിലെത്തിയാൽ പാഴ്വസ്തുക്കളുടെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ച കാണാം. നിസ്സാരമെന്ന് തോന്നുന്ന പാഴ്വസ്തുപോലും ഭാനുമതിയുടെ കരവിരുതിൽ പൂക്കൂടകളായും പഴങ്ങളായും ശിൽപങ്ങളായും രൂപംമാറും. അങ്ങനെ, അതിശയിപ്പിക്കുന്ന അലങ്കാരവസ്തുക്കളുടെ ശേഖരം തന്നെയുണ്ട് ഭാനുമതിയുടെ വീട്ടിൽ.

പാഴ്വസ്തുക്കളിൽനിന്ന് കരകൗശല വസ്തുക്കൾ നിർമിക്കുന്നതിൽ ബഹുമുഖ പ്രതിഭതന്നെയാണ് ഭാനുമതി എന്ന് പറയാം. പ്ലാവിലയും ചകിരിയും കൂമ്പാളയും അടക്ക തൊണ്ടും വറ്റൽമുളകിന്‍റെ ഞെട്ടും ഭാനുമതിക്ക് മനോഹരമായ ബൊക്കെ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളാണ്. ചൈന ക്ലേയിൽ മെനഞ്ഞെടുക്കുന്നത് കൊതിപ്പിക്കുന്ന പഴങ്ങൾ. ഇതിന് പുറമെ ഹാൻഡ് എംബ്രോയ്ഡറി, ആക്രിലിക് പെയ്ന്‍റിങ്, ബോട്ടിൽ ആർട്ട്, മ്യൂറൽ പെയ്ന്‍റിങ്, ചിത്രരചന എന്നിങ്ങനെ വഴങ്ങാത്തതൊന്നുമില്ല. ഇതൊന്നും ശാസ്ത്രീയമായി പഠിച്ചതല്ല. മ്യൂറൽ പെയ്ന്‍റിങ്ങിന് മാത്രം ഏതാനും നാൾ പരിശീലന ക്ലാസിൽ പോയി. സ്വന്തം ഭാവനയും ആത്മസമർപ്പണവും യൂട്യൂബിൽനിന്ന് കിട്ടിയ അറിവുകളുമാണ് ബാക്കിയെല്ലാം.

എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തുണിയിൽ വർണനൂലുകൾ തുന്നിത്തുടങ്ങിയതാണ് കരവിരുതിന്‍റെ സ്വപ്നങ്ങൾ. ആ തുണിക്കഷണം ഇപ്പോഴും നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കുഞ്ചിത്തണ്ണി ഗവ. സ്കൂളിലെ തയ്യൽ അധ്യാപിക ഏലിയാമ്മ ആവോളം പ്രോത്സാഹനവും നൽകി. മുതിർന്നപ്പോൾ കൃഷിയിലായി താൽപര്യം. ഭർത്താവ് വി.കെ. നാരായണനുമായി ചേർന്ന് പച്ചക്കറി കൃഷിയിൽ സൃഷ്ടിച്ച വിജയം, തൊടുപുഴ നഗരസഭയിലെ മികച്ച കർഷകക്കുള്ള അംഗീകാരം തേടിയെത്തുന്നതിൽ വരെയെത്തി. കൃഷിചെയ്യാൻ ആരോഗ്യം കുറഞ്ഞപ്പോഴാണ് പാഴ്വസ്തുക്കളുടെ സൗന്ദര്യം കണ്ടെത്താൻ സമയം മാറ്റിവെച്ചത്.

ഇൻസുലിൻ കുപ്പികൾക്കുള്ളിൽ നിർമിച്ച സംഗീതോപകരണങ്ങളും അടുക്കള സാമഗ്രികളുമെല്ലാം ഭാനുമതിയുടെ പ്രായത്തെ കവച്ചുവെക്കുന്ന പ്രതിഭയുടെ അടയാളങ്ങളാണ്. വെള്ളത്തുണിയിൽ നൂലും ആക്രിലിക് നിറങ്ങളും ഉപയോഗിച്ച് ശ്രീനാരായണ ഗുരുവിന്‍റെ വീടും ദേശീയ പതാകയും തത്തമ്മയുമെല്ലാം ഇവർ ഒരുക്കിയിട്ടുണ്ട്.

‘വെറുതെയിരിക്കാൻ അറിയില്ല. എന്ത് പാഴ്വസ്തു കണ്ടാലും അതിൽനിന്ന് എന്തെങ്കിലും നിർമിക്കാൻ തോന്നും. അതിലൂടെ മനസ്സിന് കിട്ടുന്ന സന്തോഷം വളരെ വലുതാണ്’ -ഭാനുമതി പറയുന്നു. ഫാഷൻ ഡിസൈനറായ ദീപ, സോഫ്റ്റ്വെയർ എൻജിനീയറായ സന്ധ്യ എന്നിവരാണ് ഭാനുമതി-നാരായണൻ ദമ്പതികളുടെ മക്കൾ.

Tags:    
News Summary - Bhanumathiamma's art from waste materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.