വന്നയാൾ സ്വയം പരിചയപ്പെടുത്തി: ‘‘പൊലീസാണ്. നിങ്ങളെ അറസ്റ്റ് ചെയ്യാൻ നിർദേശമുണ്ട്. ജോലിക്ക് നിന്ന വീട്ടിൽ അതിക്രമം കാണിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുകയാണ്’’. നാലുകൊല്ലത്തിനിപ്പുറം അത് ഓർത്തെടുത്തപ്പോൾ ഭാരതിയമ്മയുടെ പ്രായം ഞൊറിയിട്ട കണ്ണുകളിൽ അന്നത്തെ ഞെട്ടൽ വീണ്ടും മിന്നിമറഞ്ഞതുപോലെ...
2019 സെപ്റ്റംബർ 24 രാവിലെ പത്തുമണി. പാലക്കാട് കുനിശ്ശേരി മഠത്തിൽ വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഭാരതിയമ്മയെ തേടി മുമ്പ് കണ്ടുപരിചയമില്ലാത്ത ഒരതിഥിയെത്തി. കട്ടിമീശയും മുഖത്ത് ഗൗരവം നിഴലിക്കുന്ന ഭാവവും.
‘‘ഇത് ഭാരതിയമ്മയുടെ വീടാണോ? ആരാ ഭാരതിയമ്മ?’’
ചോദ്യം കേട്ടതും എൺപതുകാരിയായ ഭാരതിയമ്മ പതിയെ തലയുയർത്തി നോക്കി, മറുപടി നൽകി: ‘‘ഞാനാണ്.’’
വന്നയാൾ സ്വയം പരിചയപ്പെടുത്തി: ‘‘പൊലീസാണ്, പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നാണ്. നിങ്ങളെ അറസ്റ്റ് ചെയ്യാൻ നിർദേശമുണ്ട്.’’
ജീവിതത്തിൽ ഇന്നുവരെ പൊലീസുകാരുമായി നേരിട്ട് മിണ്ടിയിട്ടില്ല, ചെറുപ്പകാലത്ത് അടിയന്തരാവസ്ഥയടക്കം കാക്കിയണിഞ്ഞവരുടെ ക്രൂരതകളുടെ കഥകളാണ് കേട്ടിട്ടുള്ളതിലേറെയും. ഭാരതിയമ്മ ഞെട്ടിത്തരിച്ചിരുന്നുപോയി. ഇതിനിടെ സമീപത്തെ വീട്ടിൽനിന്നും ഒന്നുരണ്ട് ബന്ധുക്കളും സഹോദരീപുത്രിയും വീട്ടിലെത്തിയിരുന്നു. 80 വയസ്സുകാരിയായ ഭാരതിയമ്മ വിറച്ചുകൊണ്ട്, പൊലീസുകാരന്റെ മുഖത്തുനോക്കി വീണ്ടും ചോദിച്ചു:
‘‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നെ എന്തിനാണ് പൊലീസ് പിടിക്കുന്നത്?’’
തമിഴ്നാട് പൊതുമരാമത്ത് വിഭാഗത്തിൽ എൻജിനീയറായിരുന്ന ഭർത്താവിന്റെ മരണശേഷം തമിഴ്നാടുനിന്ന് മടങ്ങിയെത്തിയ ഭാരതിയമ്മ 45 കൊല്ലത്തോളമായി കുനിശ്ശേരിയിലെ മഠത്തിൽ വീട്ടിൽ ഒറ്റക്കായിരുന്നു താമസം, കുഞ്ഞുങ്ങളുമില്ല. സഹോദരിയുടെ മക്കൾ ഇടക്ക് സുഖവിവരം തിരക്കാനെത്തും, ചില ബന്ധുക്കളും ചുറ്റും താമസമുണ്ട്. രാമായണവും ഗീതയുമടക്കം പാരായണവുമായി വീട്ടിൽ ഒതുങ്ങിക്കൂടിയ ഭാരതിയമ്മ വല്ലപ്പോഴും ബന്ധുവീടുകൾ സന്ദർശിക്കാനായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇടക്ക് സമീപത്തെ പൂക്കുളങ്ങര കാവിലേക്ക് തൊഴാനും പോവുന്നതൊഴിച്ചാൽ മഠത്തിൽ വീട് തന്നെയായിരുന്നു ഭാരതിയമ്മയുടെ ജീവിതം.
അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയ ദിവസം പ്രായാധിക്യത്തിനൊപ്പം അങ്കലാപ്പുമേറ്റി ഭാരതിയമ്മ തിണ്ണപ്പടിയിൽ തളർന്നിരുന്നു. ജോലിക്ക് നിന്ന വീട്ടിൽ അതിക്രമം കാണിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുകയാണെന്നായിരുന്നു പൊലീസ് അറിയിച്ചത്. താനല്ല പ്രതിയെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ സമ്മതിച്ചില്ലെന്ന് ഭാരതിയമ്മ പറയുന്നു. പരിസരവാസികളായ ബന്ധുക്കളും നാട്ടുകാരുമെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അറസ്റ്റല്ലാതെ വഴിയില്ലെന്ന് പൊലീസുകാരൻ ഉറച്ചുനിന്നതോടെ അവരും വലഞ്ഞു.
‘‘നിങ്ങളെ അറസ്റ്റ് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ഞാൻ വനിത പൊലീസുമായി വരും’’
നാലുകൊല്ലത്തിനിപ്പുറം പൊലീസുകാരനെ ഓർത്തെടുത്തപ്പോൾ ഭാരതിയമ്മയുടെ പ്രായം ഞൊറിയിട്ട കണ്ണുകളിൽ അന്നഞ്ഞെ ഞെട്ടൽ വീണ്ടും മിന്നിമറഞ്ഞതുപോലെ. രാവിലെ വന്ന പൊലീസുകാരൻ വൈകീട്ട് ആറുവരെ മഠത്തിൽ വീട്ടിന് പരിസരത്തുതന്നെയുണ്ടായിരുന്നു. ഒടുവിൽ പിറ്റേന്ന് ഭാരതിയമ്മയെ ഹാജരാക്കാമെന്ന് ബന്ധുക്കളും നാട്ടുകാരും നൽകിയ ഉറപ്പിന്മേൽ ഉദ്യോഗസ്ഥൻ മടങ്ങി.
2019 സെപ്റ്റംബർ 25 രാവിലെ പത്തുമണി. വിറച്ചുകൊണ്ടാണ് ഭാരതിയമ്മ ബന്ധുക്കൾക്കൊപ്പം പാലക്കാട്ടെ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് പോകാനിറങ്ങിയത്. ഇതുവരെ പൊലീസ് സ്റ്റേഷനിൽ പോയിട്ടില്ല. പൊലീസുകാരുമായി നേരിട്ട് സമ്പർക്കവുമുണ്ടായിട്ടില്ല. പൊലീസും വക്കീലും ജാമ്യവും കോടതിയുമൊക്കെ ഭാരതിയമ്മക്ക് സുപരിചിതമായ വാക്കുകളല്ല. ബന്ധുക്കളുടെ ധൈര്യത്തിൽ നടുക്കം വിട്ടുമാറാതെ പാലക്കാട്ടേക്ക് യാത്ര. സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ താന്‍ എവിടെയും വീട്ടുജോലിക്ക് നിന്നിട്ടില്ല. ഇങ്ങനെയൊരു കേസുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒടുക്കം നടപടികൾ പൂർത്തിയാക്കി കോടതിയിലേക്ക്. അവിടെ നിന്ന് ജാമ്യം. സിനിമയെ വെല്ലുന്ന ഭാരതിയമ്മയുടെ കഥ അവിടെയും അവസാനിക്കുന്നില്ല.
ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഭാരതിയമ്മയും ബന്ധുക്കളും നീതിതേടി അലയേണ്ടി വന്നത് നാലുവർഷം. ഒന്നുരണ്ട് വട്ടം കോടതിയിൽ ഹാജരായ ഭാരതിയമ്മക്ക് വേണ്ടി പിന്നീട് കോടതിയിൽ ഹാജരായത് സഹോദരിപുത്രിയായ ഗീത അനൂപും ഭർത്താവ് അനൂപ് കുമാറുമാണ്. ഇടക്ക് കേസ് വിളിക്കും ഇവർ ഹാജരാകും. എന്നാൽ, പരാതിക്കാരൻ കോടതിയിൽ എത്താതിരുന്നതോടെ കേസ് ഇഴഞ്ഞുനീങ്ങി. ഇതിനിടെ പരാതിക്കാരനോട് ഹാജരാകാനാവശ്യപ്പെട്ട് സമൻസുകളും അയക്കുന്നുണ്ടായിരുന്നു. കേസ് വർഷങ്ങളോളം നീണ്ടതോടെ എതിർപാർട്ടിയെ അറസ്റ്റ് ചെയ്തെങ്കിലും ഹാജരാക്കണമെന്ന് ഭാരതിയമ്മയുടെ വക്കീൽ കോടതിയിൽ ആവശ്യമുന്നയിച്ചു. ഉത്തരവായെങ്കിലും അതും വൈകി.
1998ൽ കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീ. ഇവർ ഒരിക്കൽ ജോലിചെയ്തിരുന്ന വീട്ടുകാരുമായി പിണങ്ങി. തുടർന്ന് വീട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും ഇവിടത്തെ ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു.
ഇതോടെ രാജഗോപാൽ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസ് ഭാരതിക്കെതിരെ കേസെടുത്തു, അറസ്റ്റ് ചെയ്തു. എന്നാൽ, പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവർ മുങ്ങുകയായിരുന്നു. ഇവരെക്കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല.
2019ലാണ് പൊലീസ് വീണ്ടും കേസിൽ നടപടി ആരംഭിച്ചത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് അറസ്റ്റ് ചെയ്തതാകട്ടെ കുനിശ്ശേരി സ്വദേശിയായ 84 വയസ്സുള്ള ഭാരതിയമ്മയെ. കഴിഞ്ഞ നാല് വര്‍ഷമായി കേസിന്റെ പിന്നാലെയാണ് ഈ 84കാരി. കേസില്‍നിന്ന് ഒഴിവാകാന്‍ ഒരു വഴിയുമില്ലായിരുന്നു. പിന്നീട് കോടതിയില്‍ സാക്ഷിതന്നെ നേരിട്ടെത്തിയതോടെയാണ് പൊലീസിന് നാണക്കേടായ സംഭവം ചുരുളഴിയുന്നത്.
ഭാരതിയമ്മയുടെ അകന്ന ബന്ധുവാണ് കേസിൽ യഥാർഥ പ്രതിയായിരുന്ന ഭാരതി. ഭാരതിയമ്മയുടെ കുടുംബവുമായി ഭാരതിക്ക് 1994ൽ ഒരു സ്വത്തുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ പകപോക്കുന്നതിന് തെറ്റായ വിലാസം നൽകി ഭാരതിയമ്മയെ കുടുക്കിയതാകാമെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. നാലുവർഷത്തിനുശേഷം പൊലീസ് ജയിലിലാക്കുമെന്ന് തിരിച്ചറിഞ്ഞ ഭാരതിയമ്മ ബന്ധുക്കളുടെ സഹായത്തോടെ കേസിലെ പരാതിക്കാരെ കണ്ടെത്തി കോടതിയിൽ എത്തിച്ചു.
84കാരിയായ ഭാരതിയമ്മയല്ല വീട്ടിൽ ജോലിക്ക് വന്നതെന്നും കേസുമായി മുന്നോട്ടുപോവാൻ താൽപര്യമില്ലെന്നും പരാതിക്കാർ കോടതിയെ അറിയിച്ചു. ജോലിക്ക് വന്നിരുന്ന ഭാരതിക്ക് നിലവിൽ 50 വയസ്സിനടുത്ത് പ്രായമേ ഉണ്ടാകൂ. പിതാവിന്റെ വീട്ടിൽ അതിക്രമം കാണിച്ചെന്നുകാട്ടിയാണ് രാജഗോപാൽ പരാതി നൽകിയിരുന്നത്. അച്ഛന്റെ നിർബന്ധപ്രകാരമാണ് പരാതി നൽകിയതെന്നും അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും രാജഗോപാൽ കോടതിയെ അറിയിച്ചു. അങ്ങനെയാണ് നീണ്ട നിയമപോരാട്ടത്തിന് അവസാനമാകുന്നത്.
കേസുമായി മുന്നോട്ട് പോകാനില്ലെന്നും പരാതിക്കാർ പറഞ്ഞു. ഇതോടെ നാലുവർഷം നീണ്ട ആധിക്കറുതിയായി, ഭാരതിയമ്മ കേസിൽനിന്ന് രക്ഷപ്പെട്ടു. കേസവസാനിപ്പിച്ച് കോടതി വരാന്തയിലൂടെ ബന്ധുവിന്റെ കൈപിടിച്ച് പുറത്തേക്ക് നടക്കുന്നതിനിടെ പൊലീസിനെതിരെ പരാതി നൽകുന്നില്ലേ എന്നാരാഞ്ഞ് അടുത്തുകൂടിയ മാധ്യമപ്രവർത്തകരടക്കമുള്ളവർ ആ അമ്മമനസ്സിന്റെ സ്നേഹം നേരിട്ടറിഞ്ഞു. ‘പൊലീസുകാർക്കും കുടുംബമൊക്കെയില്ലേ? അവരെയൊക്കെ ഇനി ബുദ്ധിമുട്ടിക്കാനില്ല, ഞാനായിട്ട് കേസിനൊന്നുമില്ല. അല്ലെങ്കിൽതന്നെ കേസുകൊടുത്ത് ഞാനെന്ത് നേടാനാണ്. രക്ഷപ്പെട്ടതിൽ സന്തോഷം’ എന്നായിരുന്നു ഭാരതിയമ്മയുടെ മറുപടി.
ഒരിടത്തും വീട്ടുജോലി ചെയ്തിട്ടില്ലെന്നും ഏറെ നാളായി തമിഴ്നാട്ടിലായിരുന്നെന്നും പറഞ്ഞെങ്കിലും കേൾക്കാൻ പൊലീസ് തയാറായില്ലെന്ന് ഭാരതിയമ്മ പറയുന്നു. പ്രതി ഭാരതിക്ക് നേരത്തെയുണ്ടായിരുന്ന വ്യക്തിവൈരാഗ്യം മൂലം തന്റെ വിലാസം നൽകിയതാകാം. പൊലീസ് ഒന്നും അന്വേഷിച്ചില്ല.
കേസിൽ നിന്നൊഴിവാകാൻ ഏറെ അലയേണ്ടി വന്നുവെന്നും ഭാരതിയമ്മ പറയുന്നു. ഭാരതിയമ്മക്ക് നേരിടേണ്ടിവന്നത് വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരതിയമ്മയുടെ അഭിഭാഷകനായ കെ. ഗിരീഷ് നെച്ചുള്ളിയും ചൂണ്ടിക്കാട്ടുന്നു. കൃത്യമായ അന്വേഷണം നടത്താതെ ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പരാതിക്കാർ കോടതിയിൽ വന്ന് ഇവരല്ല പ്രതിയെന്ന് മൊഴി നൽകിയതോടെയാണ് കേസൊഴിവായതെന്നും അഭിഭാഷകൻ പറയുന്നു. പൊലീസ് കേസിൽ പരാതിക്കാരനെ കണ്ടെത്തി ഭാരതിയെ തിരിച്ചറിയാൻ ശ്രമിച്ചിരുന്നെങ്കിൽ 2019ൽതന്നെ കേസ് തീരുമായിരുന്നു. വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകുമെന്നും പരാതിയുടെ കോപ്പി മുഖ്യമന്ത്രിക്ക് അയക്കുമെന്നും അഡ്വ. കെ.ഗിരീഷ് നെച്ചുള്ളി പറഞ്ഞു.
അതേസമയം തനിക്ക് കോടതിയിൽ നിന്നയച്ച സമൻസുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കേസിൽ പരാതിക്കാരനായ രാജഗോപാൽ പറയുന്നു. ഒടുവിൽ ഭാരതിയമ്മയുടെ ബന്ധുക്കൾ തിരഞ്ഞെത്തുമ്പോൾ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നു രാജഗോപാൽ. കേസിൽ അബദ്ധം പിണഞ്ഞതറിഞ്ഞ പൊലീസ് രാജഗോപാൽ കോടതിയിൽ ഹാജരാവുന്നത് തടയാൻ സമൻസ് മുക്കിയതാവാമെന്ന് ഭാരതിയമ്മയുടെ അടുത്ത ബന്ധുവായ പി.വി. അനൂപ് കുമാർ പറയുന്നു.
വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി പൊലീസ് അധികൃതരും രംഗത്തെത്തി. മഠത്തില്‍ എന്നാണ് ഇവരുടെ വീട്ടുപേര്. ഇതേ മേല്‍വിലാസമുള്ള നിരവധി വീടുകളുണ്ട്. അങ്ങനെ തങ്ങള്‍ക്ക് തെറ്റിയതാകാം എന്നാണ് അധികൃതർ പറയുന്നത്.
2019ൽ പഴയ കേസുകൾ പരിഹരിക്കാനുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് ഭാരതിയമ്മ ഉൾപ്പെട്ട കേസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. പുതിയ ഓഫിസർമാരായിരുന്നു അപ്പോഴേക്കും. വിലാസവും പേരുമെല്ലാം ഒരുപോലെ ആയതോടെയാണ് പൊലീസ് അറസ്റ്റിനായി ശ്രമിച്ചത്.
എന്നാലും ഭാരതിയമ്മയുടെയും ബന്ധുക്കളുടെയും അഭ്യർഥന മാനിച്ച് പിറ്റേദിവസം സ്വയം കോടതിയിൽ ഹാജരാകാൻ അനുവദിച്ചിരുന്നു. തങ്ങളുടെ ഭാഗം വിശദമാക്കി അധികൃതർക്ക് വരുംദിവസം റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് സൗത്ത് പൊലീസ്.
വൈകിയെങ്കിലും ചെയ്യാത്ത കുറ്റത്തിന് അപമാനഭാരവും പേറി കോടതി കയറിയിറങ്ങുന്നതിന് അറുതി വന്നതിൽ സംതൃപ്തയാണ് ഭാരതിയമ്മ. ഇനി ഒരാൾക്കും ഈ ഗതി വരരുതേ എന്നു മാത്രമാണ് ഈ അമ്മയുടെ പ്രാർഥന.
ഭാരതിയമ്മ സമാധാനത്തോടെ മടങ്ങി, പക്ഷേ ഇതങ്ങനെ വിട്ടുകളയേണ്ട വീഴ്ചയല്ലെന്നാണ് അഭിഭാഷകന്റെ അഭിപ്രായം. 1998ലെ കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ ഭാരതിയമ്മയുടെ വിലാസം നൽകിയതിനെത്തുടർന്നാണ് അവർ പ്രതിയായത്. ജാമ്യത്തിലിറങ്ങിയ യഥാർഥ പ്രതി ഇപ്പോഴും ഒളിവിലാണ്.
ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കേസ് നടത്താൻ ചെലവായ തുക നഷ്ടപരിഹാരമായി ലഭിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനും ബന്ധുക്കളും ചേർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള മറുപടി ആഗസ്റ്റ് മൂന്നിനുതന്നെ ലഭിച്ചതായി അഭിഭാഷകൻ പറഞ്ഞു.
ഇതിനിടെ സംഭവത്തിൽ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപഴ്സൻ കെ. ബൈജുനാഥ് നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.