നി​പി​ൻ മാ​താ​വ് ശാ​ന്ത​ക്കൊ​പ്പം

ഇന്ന് വനിത ദിനം; ഈ അമ്മമരമാണ് നിപിന്റെ തണൽ

ചെറുവത്തൂർ: ഈ അമ്മത്തണലിലാണ് നിപിൻ തന്റെ സ്വപ്നങ്ങൾക്ക് കൂടൊരുക്കുന്നത്. 17 വർഷമായി മകന്‍റെ പഠനം മുടങ്ങാതിരിക്കാൻ ക്ലാസ് മുറികൾക്കുമുന്നിൽ കാവലിരിക്കുകയാണ് ഈ അമ്മ.

പിലിക്കോട് ആനിക്കാടിയിലെ ശാന്തയാണ്, സെറിബ്രൽ പാൾസി ബാധിച്ച മകൻ നിപിന്റെ പഠനമോഹം പൂവണിയിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചത്. കൊടക്കാട് പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂൾ വരാന്തയിൽ തുടങ്ങിയ ആ കാത്തിരിപ്പ് പടന്നക്കാട് നെഹ്റു കോളജ് കഴിഞ്ഞും തുടരുകയാണ്. മനസ്സാഗ്രഹിക്കുന്നതുപോലെ നിപിന് ശരീരം ചലിക്കില്ല. എന്തിനുമേതിനും പരസഹായം വേണം.

എന്നാൽ, കുഞ്ഞുനാൾമുതൽ പഠനം നിപിന് ആവേശമായിരുന്നു. ഒന്നുമുതൽ നാലുവരെ പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂളിലും അഞ്ചുമുതൽ 10 വരെ കൊടക്കാട് കേളപ്പജിയിലുമാണ് പഠിച്ചത്. ആനിക്കാടിയിലെ ഒറ്റമുറിവീട്ടിൽനിന്ന് അമ്മയുടെ ചുമലിലേറിയാണ് നിപിൻ സ്കൂളുകളിലെത്തിയിരുന്നത്. ആറുവർഷം മുമ്പ് ഹയർസെക്കൻഡറി പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു.

വീട്ടിലേക്ക് വാഹനമെത്തുമായിരുന്നില്ല. ചോർന്നൊലിക്കുന്ന കൂരയിലായിരുന്നു താമസം. ഗ്രാമപഞ്ചായത്ത് വീടുപണിയാൻ മൂന്നുലക്ഷം രൂപ അനുവദിച്ചപ്പോൾ ജീവിതത്തിലെ പ്രധാന ആഗ്രഹം സാക്ഷാത്കരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീട്ടിലേക്ക് റോഡൊരുക്കി. കുട്ടമത്ത് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും സഹപാഠികളും സ്കൂളിൽ ആവശ്യമായ സൗകര്യമൊരുക്കിയപ്പോൾ നിപിൻ 77 ശതമാനം മാർക്കിൽ പ്ലസ്ടു ഹ്യുമാനിറ്റീസ് പാസായി.

തുടർന്നും പഠിക്കണമെന്നായിരുന്നു നിപിന് ആഗ്രഹം. കോളജ് പഠനം സ്വപ്നം മാത്രമാകുമോ എന്ന് പ്രതീക്ഷിച്ചപ്പോഴും ധൈര്യമായി അമ്മ കൂടെക്കൂടി. പടന്നക്കാട് നെഹ്റു കോളജിൽനിന്നും മലയാള സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കി. കോവിഡ് കാലത്ത് പരീക്ഷ നടന്നതിനാൽ എഴുതാൻ സാധിച്ചില്ല. കോവിഡിന് പിടികൊടുക്കാതിരിക്കാൻ വീട്ടിനകത്തുതന്നെ കഴിഞ്ഞു.

അടുത്ത പരീക്ഷ എഴുതണം. ബിരുദാനന്തര ബിരുദമാണ് നിപിന്‍റെ ആഗ്രഹം. അച്ഛൻ കരുണാകരൻ കൂലിപ്പണിയെടുത്തുകിട്ടുന്ന തുകയും പെൻഷനായി ലഭിക്കുന്ന 1200 രൂപയുമാണ് കുടുംബത്തിന്‍റെ വരുമാനം. പരമാവധി പഠിക്കട്ടെ. പിന്നെ ഒരു തൊഴിലിലേക്ക് എത്തിക്കണം. എന്നിട്ടു മാത്രമേ വിശ്രമമുള്ളൂ. ഇങ്ങനെ പറയുകയാണ് ശാന്ത.

Tags:    
News Summary - Cerebral palsy patient and his mothers story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.