മാവേലിക്കര: ഇരുപതടി താഴ്ചയുള്ള കിണറ്റിൽ വീണ രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ കിണറ്റിലിറങ്ങി സാഹസികമായി രക്ഷിച്ച എട്ടുവയസ്സുകാരി ദിയ ഫാത്തിമക്ക് അനുമോദന പ്രവാഹം. കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന് ഇവാനിനെ (അക്കു) ആണ് മൂത്ത സഹോദരി ദിയ രക്ഷിച്ചത്.
അനുമോദനമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ മിഠായിപ്പൊതി ബുധനാഴ്ച ദിയയുടെ വീട്ടിലെത്തി. ഇതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്കാന് മാവേലിക്കര ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്.
ഡോക്ടറുടെ ഫോണില്‍ മന്ത്രി വിഡിയോകാള്‍ ചെയ്ത് കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് ആശംസ നേര്‍ന്ന മന്ത്രി കുട്ടിയുടെ മാതാവുമായും സന്തോഷം പങ്കുവെച്ചു. ദിയയുടെ സഹോദരനോടുള്ള സ്നേഹം തന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു. നേരിൽ വന്ന് കാണുമെന്നും അറിയിച്ചിട്ടുണ്ട്.
എം.എസ്. അരുൺ കുമാർ എം.എൽ.എ, തഴക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീബ സതീഷ്, കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, ദിയ പഠിക്കുന്ന ഇരട്ടപ്പള്ളിക്കൂടം സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ വീട്ടിലെത്തി അനുമോദനം അറിയിച്ചു.
മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാകൂട്ടത്തിൽ വാടകക്ക് താമസിക്കുകയാണ് ദിയയും കുടുംബവും. ദിയ വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പാത്രം കഴുകുകയായിരുന്ന അമ്മ ഷാജില, മൂത്ത സഹോദരി ദിയ ഫാത്തിമ എന്നിവരുടെ കണ്ണുവെട്ടിച്ചാണ് ഇരുമ്പുഗ്രിൽ ഉപയോഗിച്ച് അടച്ചിരുന്ന കിണറിന് മുകളിൽ ഇവാൻ കയറിയത്. തുരുമ്പിച്ച ഗ്രില്ലിന്റെ മധ്യഭാഗം തകരുകയും ഇവാൻ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയുമായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിനുള്ളിൽ മോട്ടോറുമായി ബന്ധിപ്പിച്ചിട്ടുള്ള പൈപ്പിലൂടെ ഊർന്നിറങ്ങി വെള്ളത്തിൽ കിടന്ന അനുജനെ ഉയർത്തിയശേഷം പൈപ്പിൽ പിടിച്ചുകിടന്നു. നിലവിളി കേട്ട അയൽവാസികളും ഓടിയെത്തി. പ്രദേശവാസികളായ അഖിൽ ചന്ദ്രൻ, ബിനോയി, അന്തർ സംസ്ഥാന തൊഴിലാളി മുന്ന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാശ്രമം നടത്തി മുകളിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.