പെരുമ്പടപ്പ്: സമൂഹത്തിന്റെ മിഥ്യാധാരണകളെ പൊളിച്ചെഴുതിയ ഡോ. ഷാഹിന പെരുമ്പടപ്പ് ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫിസറുടെ കസേരയിലെത്തി. നഴ്സറി വിദ്യാർഥിയായിരുന്ന കാലത്ത് ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തെ ആത്മവിശ്വാസം കൊണ്ടും പഠന മികവ് കൊണ്ടും നേരിട്ടാണ് ഷാഹിന ഉയർച്ചയുടെ പടവുകൾ കയറിയത്. അഞ്ചാം വയസ്സിൽ ഷാഹിനയുടെ മുഖത്തിന്റെ 70 ശതമാനത്തോളം ഭാഗത്തിന് പൊള്ളലേൽക്കുകയായിരുന്നു. ഉമ്മ സുഹറയുടെ കരുതലും സ്നേഹവും സമൂഹത്തിനു മുന്നിൽ തലയുയർത്തി നിൽക്കാൻ ഷാഹിനക്ക് പ്രാപ്തയാക്കി.
പഠനത്തിൽ മിടുക്കിയായ ഷാഹിന എൻട്രൻസ് പരീക്ഷയിൽ മികച്ച മാർക്ക് നേടിയാണ് ഹോമിയോ മെഡിസിന് ചേർന്നത്. വീട്ടുകാരുടെ നിറഞ്ഞ പിന്തുണയും സഹപാഠികളുടെ ചേർത്തുപിടിക്കലും അവൾക്ക് കരുത്തായി.
പഠനശേഷം കോട്ടയം പാല കുടക്കച്ചിറയിലെ സർക്കാർ മെഡിക്കൽ ഓഫിസറായ ഷാഹിന പിന്നീട് തൃപ്പൂണിത്തറ ഗവ. ഡിസ്പെൻസറിയിൽ അതേ പദവിയിലെത്തി. ഇതിനിടെ ഷാഹിനയുടെ താമരപ്പൂക്കൾക്കിടയിലെ ഫോട്ടോ ഷൂട്ട് നാട് ഏറ്റെടുക്കുകയും ചലച്ചിത്ര നടൻ മമ്മൂട്ടിയുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ഹെർബൽസ് ഷാഹിനയുടെ ചികിത്സ ഏറ്റെടുത്ത് നടത്തി.
പിന്നീട് മാറഞ്ചേരി സ്വദേശി നിയാസിന്റെ വധുവായി കൊച്ചിയിൽനിന്ന് മാറഞ്ചേരിയിലെത്തിയ ഡോ. ഷാഹിന ഭർതൃഗൃഹത്തിനടുത്ത ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫിസറായി ചുമതലയേൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.