അബൂദബി: കോർപറേറ്റ് ജോലിവിട്ട് സംരംഭകയായ ഡോ. ഷാലിമ അഹ്മദ് അബൂദബിയിലെ നിക്ഷേപ സംഗമത്തിൽ എത്തിയിരിക്കുന്നത് രാജ്യത്തിന് പുറത്തും തന്റെ വിപണി കണ്ടെത്തുന്നതിന് വേണ്ടി. കോകോ റൂട്സ് ഓർഗാനിക് എന്ന പേരിൽ ഹെയർ ഓയിലുകൾ, ഷാംപൂ, കണ്ടീഷനർ, ഹെയർമാസ്ക്, സെറം, വേപ്പിൻ തടി കൊണ്ട് ഉണ്ടാക്കിയ ചീപ്പ് തുടങ്ങിയവയാണ് ഷാലിമയുടെ ഉൽപന്നങ്ങൾ.
അധ്യാപനത്തിൽ ഡോക്ടറേറ്റ് ഉള്ള ഷാലിമ ഒമാൻ ഇന്റർനാഷനൽ ബാങ്കിൽ എച്ച്.ആർ മാനേജർ ആയും സൗദി ഓക്സ്ഫഡ് പാർട്ണർഷിപ് യൂനിവേഴ്സിറ്റിയിൽ ബിസിനസ് പ്രഫസറായും പ്രവർത്തിച്ചു വരുന്നതിനിടെ സ്വന്തം സംരംഭം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഉയർന്ന ശമ്പളവും സൗകര്യങ്ങളും വിട്ട് നാട്ടിൽ എത്തിയത്. നിലവിൽ ഇന്ത്യയിൽ എല്ലായിടത്തും ഉൽപന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലും മാർക്കറ്റ് കണ്ടെത്തുകയാണ് ലക്ഷ്യം.
നിരവധി പേരുമായി ബിസിനസ് ചർച്ചകൾ നടത്തിവരുകയാണെന്നും നിക്ഷേപസംഗമം ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും ഷാലിമ പറഞ്ഞു. കോഴിക്കോട് സ്വദേശിനിയായ ഷാലിമ 2020-21ലാണ് ജോലി രാജിവെച്ച് സംരംഭകയായത്. നിക്ഷേപസംഗമത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ട് സ്റ്റാർട്ടപ്പുകളിൽ വനിത സ്റ്റാർട്ടപ് കമ്പനി ഷാലിമയുടെ കോകോ റൂട്സ് ഓർഗാനിക് മാത്രമാണ്.
കെമിക്കൽ അടങ്ങാത്ത ഹെയർ ഓയിലുകൾ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഈ രംഗത്തേക്ക് ഇറങ്ങാൻ കാരണമായതായി ഷാലിമ പറയുന്നു. ഭർത്താവ് അഹ്മദ് സൗദിയിൽ എൻജിനീയർ ആണ്. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.