വർണങ്ങളും വരകളും സമന്വയിപ്പിച്ച് അക്ഷരങ്ങളെ മനോഹരമാക്കുകയാണ് വിദ്യാർഥിനിയായ ദിൽഷിദ നാസർ. പെയിൻറിങ്ങിലും കലിഗ്രഫിയിലും ഏറെ താൽപര്യമുള്ള ഈ കലാകാരി കോവിഡ് കാല ഒഴിവുസമയം ഉപയോഗപ്പെടുത്തി അക്ഷര ചമയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ ദിൽഷിദയുടെ കലാപ്രവർത്തനം ശ്രദ്ധ നേടി.
കലിഗ്രഫികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് അന്വേഷണങ്ങളുമായി എത്തുന്നത്. കലിഗ്രഫി വിൽക്കുമോ എന്നാണ് ചിലർക്ക് അറിയേണ്ടതെങ്കിൽ ഈ കലാരീതിയെ കുറിച്ച് അന്വേഷിക്കുകയാണ് മറ്റു ചിലർ. പലരും അഭിനന്ദനങ്ങളും ആശംസകളും നേരുകയും ചെയ്യുന്നു.
അറബി അക്ഷരങ്ങളാണ് ദിൽഷിദ കലിഗ്രഫിക്കായി ഉപയോഗപ്പെടുത്തുന്നത്. അറബി ഭാഷയിലെ 28 അക്ഷരങ്ങളും കലിഗ്രഫിക്ക് ഏറെ അനുയോജ്യമാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു. പത്താം ക്ലാസുവരെ കുവൈത്തിൽ പഠിച്ച ദിൽഷിദയെ ആ രാജ്യത്തെ പള്ളികളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമൊക്കെ കൊത്തിവെച്ച അറബി കലിഗ്രഫി സ്വാധീനിച്ചിട്ടുമുണ്ട്. കുവൈത്ത് ഔഖാഫ് സംഘടിപ്പിച്ച ഖുർആൻ പഠന ക്ലാസിൽ നിരവധി പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹയായിട്ടുണ്ട്.
എടപ്പാൾ തട്ടാൻപടി സ്വദേശി പരുവിങ്ങൽ അബ്ദുൽ നാസറിെൻറയും (കുവൈത്ത്) ആലൂർ സ്വദേശിനി റസിയയുടെയും മകളാണ് ദിൽഷിദ. തവനൂർ ഐഡിയൽ ഇൻറർനാഷനൽ സ്കൂളിൽനിന്ന് പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ ഈ വിദ്യാർഥിനി ഇപ്പോൾ കോഴിക്കോട് ഐ.എ.എം ഇൻസ്റ്റിറ്റ്യൂട്ടിൽ എ.സി.സി.എക്ക് പഠിക്കുകയാണ്. പഠനത്തോടൊപ്പം കലിഗ്രഫിയിലും കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ദിൽഷിദയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.