ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തര പ്രഥമ ശുശ്രൂഷ നൽകാൻ വനിതകളെ നിയോഗിക്കുന്നു. ഇതിനാവശ്യമായ പരിശീലന പരിപാടി ആരംഭിച്ചു. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷന്റെ സഹകരണത്തോടെ ജിദ്ദ വിമാനത്താവള കമ്പനിയാണ് വനിതകൾക്ക് വിമാനത്താവളത്തിൽ അടിയന്തര ഘട്ടങ്ങളിൽ നൽകേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് പരിശീലനം നൽകുന്നത്. സൗദിയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് ഇങ്ങനെയൊരു പരിശീലന പരിപാടി ആരംഭിക്കുന്നത്.
മൂന്ന് മാസത്തെ പരിശീലനത്തിനുശേഷം ഇവർക്ക് ജോലി നൽകും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടൊപ്പം സ്ത്രീ ശാക്തീകരണത്തിന് സംഭാവന നൽകുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയുമാണ് ഇങ്ങനെയൊരു പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ആളുകളെ ഒഴിപ്പിക്കൽ, സുരക്ഷയും ആരോഗ്യ നടപടിക്രമങ്ങളും, പരിക്കേറ്റവരെ വിമാനത്താവളങ്ങളിൽ എത്തിക്കൽ, വിമാനത്താവളത്തിലെ അടിയന്തര നടപടികളെക്കുറിച്ചും പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങളെയും വ്യവസ്ഥകളെയും സംബന്ധിച്ച അറിവ് പകരൽ എന്നിവ പരിശീലനത്തിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.