കായംകുളം: തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ മറികടക്കാൻ വേനൽ കാഠിന്യത്തെ വകവെക്കാതെ കച്ചവട വഴിയിൽ മുന്നേറുന്ന ചിപ്പി പെൺകരുത്തിന്റെ പര്യായമാകുന്നു. ഉള്ളുപൊള്ളുന്ന നൊമ്പരങ്ങൾ തിളച്ചുമറിയുമ്പോൾ വേനൽ ചൂടിന് അത്ര കാഠിന്യമില്ലെന്നാണ് ഇലിപ്പക്കുളം ചൂനാട് തോണ്ടലിൽ പരേതനായ പരമേശ്വരന്റെ മകൾ ചിപ്പിയുടെ (32) പക്ഷം. വഴിയോരക്കച്ചവടത്തിലൂടെ മികച്ച സംരംഭകയായി ഉയർന്നതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ അനുഭവങ്ങളും പങ്കുവെക്കാനുണ്ട്.
ദാമ്പത്യം പരാജയപ്പെട്ടതോടെ മൂന്നര വർഷം മുമ്പ് മക്കളായ അങ്കിതയും (10), ആദ് വികുമായി (ആറ്) സ്വന്തം വീട്ടിലേക്ക് തിരികെ വന്നത് മുതൽ നിരവധി വെല്ലുവിളിയെ നേരിട്ടാണ് സഞ്ചാരം. മകന് ഹൈപർ ആക്ടിവിറ്റിക്ക് ഒപ്പം വൃക്ക സംബന്ധമായ പ്രശ്നങ്ങളും ബാധിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. എസ്.എ.ടിയിലെ ചികിത്സക്ക് ഭാരിച്ച സാമ്പത്തികം വേണം. ദിനേനയുള്ള മരുന്നിനടക്കം നല്ലൊരു തുകയും വേണം. തണലായിരുന്ന പിതാവ് രണ്ടര വർഷം മുമ്പ് മരിച്ചതോടെ കൂടുതൽ പ്രയാസത്തിലായി. ഇതോടെയാണ് കച്ചവട വഴിയിലേക്ക് തിരിയുന്നത്.
10 സ്ത്രീകളെക്കൂട്ടി കുടുംബശ്രീ യൂനിറ്റിന് തുടക്കമിട്ടു. ഒപ്പമുണ്ടായിരുന്നവർ ഓരോരുത്തരായി പിൻമാറുമ്പോഴും പതറാതെ ചിപ്പി ഉറച്ചുനിന്നു. ഉണ്ണിയപ്പത്തിന് ഒപ്പം വിവിധ തരം അച്ചാറുകളും അച്ചപ്പം, മുറുക്ക് അടക്കമുള്ളവയും തയാറാക്കി. ഓച്ചിറ-കറ്റാനം റോഡിൽ ചൂനാട് വടക്കേ ജങ്ഷനിൽ റോഡരികിലായിരുന്നു പ്രധാന കച്ചവടം. കച്ചവടത്തിലെ ഒരു രൂപ ലാഭം പോലും അനിവാര്യമായിരുന്ന ചിപ്പിക്ക് പിൻമാറാനാകുമായിരുന്നില്ല. കച്ചവടത്തിന് ഒപ്പം കുടുംബശ്രീ യൂനിറ്റുകളിലെ അച്ചാർ പരിശീലകയായും തുടർന്ന് മോട്ടിവേഷൻ സ്പീക്കറായും പോകുന്നതും ആശ്വാസമായി. ആഴ്ചയിൽ രണ്ട് ദിവസമാണ് വഴിയോരത്തെ കച്ചവടം. മാതാവ് ഷീലാകുമാരിയും സഹായത്തിന് ഒപ്പമുണ്ടാകും.
ഇതിനിടെ കച്ചവടം സമൂഹമാധ്യമങ്ങളിൽ വൈറലായത് ഉയർച്ചക്ക് സഹായകമായി. ഇപ്പോൾ പലർക്കും തൊഴിൽ നൽകുന്ന സംരംഭമായും വികസിച്ചിട്ടുണ്ട്. ചാനൽ ഷോകളിൽ പങ്കെടുത്ത് താരമാകാനും ഇതിനിടെ കഴിഞ്ഞു. രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ മകന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. കുടുംബവീടിന് മുന്നിൽ കിട്ടിയ അഞ്ച് സെന്റിൽ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചതോടെ സ്വന്തം കൂരയെന്ന സ്വപ്നവും സഫലമാകുന്ന സന്തോഷവും ചിപ്പി പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.