അരൂർ: ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം... തിരുമുറ്റത്തൊരുകോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം... ഒ.എൻ.വിയുടെ പാട്ടിലെ വരികൾപോലെ രജിത ടീച്ചർക്ക് ഓർമകൾ മേയുന്ന വിദ്യാലയ മുറ്റത്തെത്താൻ മോഹം തോന്നും... ചിലപ്പോൾ താൻ നട്ടുവളർത്തിയ നെല്ലി മരം ഒന്നുലുത്തുവാനും മോഹം തോന്നും... കവി ഈ വരികളെഴുതിയില്ലായിരുന്നെങ്കിലും പൂച്ചാക്കൽ തേവർവട്ടം സ്കൂളിൽ ഇടക്കിടെ രജിത ടീച്ചർ എത്തുമായിരുന്നു. സ്കൂൾ മുറ്റത്ത് ടീച്ചർ നട്ടുനനച്ച് വളർത്തിയ ചെടികളെയും ഫലവൃക്ഷങ്ങളെയൊക്കെ കാണാനും പരിചരിക്കാനും.
2004 മുതൽ 16 വർഷം പൂച്ചാക്കൽ തേവർവട്ടം ഹൈസ്കൂൾ മലയാളം അധ്യാപികയായിരുന്ന ടീച്ചർ 2020ലാണ് വിരമിച്ചത്. സി.പി.ഐ സ്ഥാനാർഥിയായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായ ഡി. സുരേഷ് ബാബുവിന്റെ ഭാര്യകൂടിയായ രജിത ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.
അധ്യാപികയായിരുന്നപ്പോൾ സ്കൂൾ വളപ്പിൽ നട്ടുനനച്ച് വളർത്തിയതാണീ ചെത്തിയും വേപ്പും പേരയും സപ്പോട്ടയും മാതളവും നെല്ലിയും ജാതിയുമൊക്കെ. ഇടക്കിടെ പൂർവ വിദ്യാർഥികൾ സ്കൂളിൽ ഒത്തുകൂടുമ്പോഴെല്ലാം ടീച്ചർ ക്ഷണിക്കപ്പെടാറുണ്ട്. പഴയ വിദ്യാർഥികളുടെ ഉന്നതികണ്ട് അഭിമാനിക്കുംപോലെതന്നെ ചെടികളുടെ കായ്ഫലവും വളർച്ചയും കണ്ട് അഭിമാനം തോന്നാറുണ്ടെന്ന് ടീച്ചർ പറയുന്നു.
വിദ്യാലയഭൂമിയിൽ വേരുതാഴ്ത്തി ആകാശത്തിലേക്ക് വളർന്ന്, തലയുയർത്തി നിൽക്കുന്ന തന്റെ സ്വന്തം ചെടികളെ എത്ര തിരക്കുണ്ടായാലും ഇടക്കിടെ വന്നുകാണാൻ സമയം കണ്ടെത്താറുണ്ട്. കാരണം ഇവരും താൻ വളർത്തിയ മക്കളായാണ് ടീച്ചർ കാണുന്നത്. വിദ്യാർഥികൾ അവരെത്ര പ്രിയപ്പെട്ടവരാണെങ്കിലും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ പലവഴിക്ക് പിരിയും.
എന്നാൽ, ഓർമകളുടെ വേരുകൾ ആഴത്തിലിറക്കിയ ചെടികളും ഫലവൃക്ഷങ്ങളും എങ്ങുംപോകാതെ വിദ്യാലയമുറ്റത്ത് തലയാട്ടി നിൽക്കും. അവ നമ്മളെ അങ്ങോട്ടാകർഷിക്കും. ആരും വിളിക്കാതെതന്നെ ചിലപ്പോൾ സ്കൂളിലേക്ക് പോകാൻ തോന്നും. ചെടികളെ കാണാനും താലോലിക്കാനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.