കാസർകോട്: കാൽ നൂറ്റാണ്ട് മുമ്പ് പഠനം പത്താംതരത്തിൽ മുറിഞ്ഞുപോയ കാഞ്ഞങ്ങാട് മുറിയനാവിയിലെ കുടുംബിനി സുമയ്യ മുസ്തഫ നിയമ പഠനത്തിലേക്ക്. കഠിന പരിശ്രമം നടത്തിയാണ് ഇവർ ഈ വര്‍ഷത്തെ പഞ്ചവല്‍സര എല്‍.എല്‍.ബി എന്‍ട്രന്‍സ് എഴുതി വിജയിച്ചത്.
ഇടുക്കിയില്‍ കിട്ടിയ ആദ്യ അലോട്ട്മെന്റ് ഒഴിവാക്കി രണ്ടാം അലോട്‌മെന്റില്‍ കോഴിക്കോട് നോളജ് സിറ്റിയിലോ മറ്റേതെങ്കിലും സെന്ററിലോ നിയമത്തിന് ചേരാനാണ് താല്‍പര്യമെന്ന് സുമയ്യ പറഞ്ഞു.
കുണ്ടംകുഴി ഗവ. ഹൈസ്‌കൂളില്‍ നിന്ന് 1997ൽ എസ്.എസ്.എൽ.സി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചതിന് പിന്നാലെയായിരുന്നു വിവാഹം. ഭർത്താവ് സി.എച്ച്. മുസ്തഫയും മൂന്ന് മക്കളുമായി കുടുംബജീവിതം നയിക്കുന്നതിനിടെ വീണ്ടും ഉപരിപഠന മോഹം തളിരിട്ടു.
ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെകൻഡറി സ്‌കൂളില്‍ തുല്ല്യതാപരീക്ഷ സ്കീമിൽ ഹ്യുമാനിറ്റീസ് വിഷയമെടുത്ത് ഈ വർഷം ഉന്നത വിജയം നേടി. കോവിഡ് കാലമായതിനാൽ പ്ലസ് വണ്‍ ക്ലാസുകള്‍ ഓണ്‍ലൈനായിരുന്നു. പ്ലസ് ടു എത്തിയപ്പോൾ പഠനം ഓഫ് ലൈനായി.
സാക്ഷാരത പ്രേരകും തുല്യത അധ്യാപിക-അധ്യാപകന്മാരും തുണയായി. സുമയ്യയും മകള്‍ ഹിബയും റഗുലർ വിഭാഗത്തിലാണ് ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിൽ പ്ലസ് ടു പരീക്ഷ എഴുതിയത്. ഉമ്മയും മകളും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാർഥിയാണ് ചിത്രകാരി കൂടിയായ ഹിബ. വിദേശത്ത് ആര്‍കിടെക്ടായ തമീമും അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സുലൈമാന്‍ മുസ്തഫയുമാണ് സുമയ്യയുടെ മറ്റു മക്കള്‍. ബഹ്‌റൈന്‍ കെ.എം.സി.സി കോർഡിനേറ്ററാണ് മുസ്തഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.