??????

പട്ടണക്കാട് മഹാദേവക്ഷേത്രത്തിന് കിഴക്കുവശം ഇത്തിരിപോന്നൊരു വീട്ടിലെ ഒറ്റമുറിയിലാണ് പി.കെ. കാഞ്ചന എന്ന സിനിമ–നാടകതാരം ജീവിക്കുന്നത്. വർഷങ്ങളോളം കേരളത്തിൻെറ നാടകവേദികളിൽ മുഴങ്ങിക്കേട്ട ശബ്ദം. എൺപത്തിനാലാം വയസ്സിൽ സിനിമയിലേക്കൊരു തിരിച്ചുവരവ് നടത്തി അതിന് സംസ്ഥാന അവാർഡ് ലഭിച്ചതിൻെറ തിളക്കത്തിലാണ് ഇപ്പോൾ അവർ. സ്കൂൾതലം മുതൽ അഭിനയത്തിൽ സജീവമായിരുന്ന കാഞ്ചന പുന്നശ്ശേരിൽ അഭിനയവും തിരക്കുമെല്ലാം ഏതാണ്ട് 45 വർഷം മുമ്പ് മാറ്റിവെച്ചതാണ്. വിപ്ലവം, നാടകാഭിനയം, കഥാപ്രസംഗം, സിനിമ, കയറുപിരിത്തൊഴിലാളി എന്നിങ്ങനെ ജീവിതത്തിൽ അവർ ആടിയ വേഷങ്ങൾ പലതാണ്. ഓർമയുടെ റീലുകളിൽ മങ്ങലേറ്റു തുടങ്ങിയെങ്കിലും തൻെറ ജീവിതം എന്തായിരുന്നുവെന്ന് പറയുമ്പോൾ അവരുടെ വാക്കുകളിൽ അനുഭവങ്ങളുടെ കരുത്തുണ്ട്. ഓർമിച്ചും കഥ പറഞ്ഞും അവർ ഓർമകൾ വീണ്ടെടുക്കുകയാണിവിടെ...

നീണ്ട  ഇടവേളക്കു ശേഷം അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവിൽ ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം.. എന്ത് തോന്നുന്നു?
മനസ്സ് നിറയെ സന്തോഷമുണ്ട്. ജീവിതത്തിൽ ഇങ്ങനെയൊരു ഘട്ടം കൂടിയുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എൻെറ ചോരയിലുള്ളതാണ് അഭിനയം. ഈ പ്രായത്തിൽ വീണ്ടും അഭിനയിക്കാനാകുമെന്ന പ്രതീക്ഷ ഒരിക്കൽ പോലുമുണ്ടായിരുന്നില്ല. എല്ലാം ദൈവഹിതം. എന്നെ അഭിനയത്തിലേക്ക് തിരിച്ചു കൊണ്ടുവന്നവർക്കും പുരസ്കാരം നൽകി എന്നെ അംഗീകരിച്ചവർക്കും നന്ദി.

നാടകാഭിനയത്തിൻെറ തുടക്കം?
സംഗീത അധ്യാപകനായിരുന്ന കുഞ്ഞൻ ഭാഗവതരാണ് നാടകത്തിൽ അഭിനയിക്കാനായി കൊണ്ടുപോവുന്നത്. ഓച്ചിറ പരബ്രഹ്മോദയത്തിൻെറ ‘അരുണോദയം’ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആലപ്പുഴയിലെ ഒരു ട്രൂപ്പിലായിരുന്നു തുടക്കം. പിന്നെ ചങ്ങനാശ്ശേരി ഗീഥ, കലാനിലയത്തിൻെറ സ്ഥിരം നാടകവേദി എന്നിവയിലായി. അന്ന് ഓച്ചിറ വേലുക്കുട്ടിക്കൊപ്പവും ജോസ് പ്രകാശിനൊപ്പവുമെല്ലാം അഭിനയിച്ചു. വേലുക്കുട്ടി വാസവദത്തയായി തിളങ്ങിയ നാടകത്തിൽ ബുദ്ധനായിരുന്നു ഞാൻ. അവതരണഗാനത്തിൽ ബുദ്ധനായി നിന്ന ഞാൻ പിന്നെ തോഴിയായി. പിന്നെ ‘ഉമ്മിണിതങ്ക’യിൽ ഉമ്മിണിതങ്കയായിരുന്നു. അത് ആയിരക്കണക്കിന് വേദികളിലാണ് അവതരിപ്പിച്ചത്.

കാഞ്ചന ഓലപ്പീപ്പി എന്ന ചിത്രത്തിൽ
 


ഓച്ചിറ കിഴക്ക് കടുവനാലിൽ വെച്ചായിരുന്നു നാടകാവതരണം. പിന്നീട് പല വേദികളിലും ആ നാടകം അവതരിപ്പിച്ചു. ഒരു ബാനറിന് കീഴിൽ മാത്രം നിൽക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. പാർട്ടി നാടകങ്ങളായിരുന്നു അന്ന് ചെയ്തിരുന്നതിലധികവും. കെ.പി.എസ്.സിയും മറ്റും സമീപിച്ചിരുന്നെങ്കിലും പോയില്ല. ചെറിയ പ്രതിഫലമാണ് അവരന്ന് നൽകിയിരുന്നത്. നല്ല പ്രതിഫലം തരാൻ ആളുകളുള്ളപ്പോൾ അതുപേക്ഷിച്ച് ഒരു ബാനറിലേക്ക് ചുരുങ്ങാൻ ഞാൻ ഒരുക്കമായിരുന്നില്ല. കലാനിലയം, എസ്.എൽ. പുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ എന്നിവർക്ക് വേണ്ടിയാണ് പ്രധാനമായും അഭിനയിച്ചിരുന്നത്. ‘ഉമ്മിണിത്തങ്ക’യും ‘പഴശിരാജ’യുമാണ് അക്കൂട്ടത്തിൽ ഏറ്റവും ഓർത്തിരിക്കുന്ന നാടകങ്ങൾ. 

പുന്നപ്ര വയലാർ സമരത്തിലെ പങ്കാളിത്തം...
എനിക്കന്ന് 16 വയസ്സേയുള്ളൂ. എൻെറ ചോരയിൽതന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചുവപ്പ് ഉള്ളതിനാൽ എനിക്കും സമരത്തിൽനിന്ന് വിട്ടു നിൽക്കാനാവുമായിരുന്നില്ല. എൻെറ വീടിന് ഇരുവശങ്ങളിലും സമരസേനാനികൾ തമ്പടിച്ചിരുന്നു. വിശ്രമവേളകളിൽ അവർക്കുവേണ്ടി ഞാൻ പാട്ടുകൾ പാടും, നാടകം അവതരിപ്പിക്കും. അതാണ് എൻെറ കലാജീവിതത്തിലെ ആദ്യത്തെ പൊതുവേദി. പുന്നശേരി നാരായണന്‍റെ വീട്ടിൽ പട്ടാളക്കാർ ഇടക്കിടെ തിരച്ചിലിനെത്തും. ഞങ്ങൾ എവിടെയെങ്കിലും ഒളിക്കും. ഒരിക്കൽ അപ്രതീക്ഷിതമായി പട്ടാളക്കാരെത്തിയപ്പോൾ വീട്ടിൽ ഞങ്ങൾ സ്ത്രീകളും പെൺകുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ അവർക്കറിയാം. കണ്ടാൽ പിടിച്ചുകൊണ്ടു പോവുമെന്നുമറിയാം. 

പക്ഷേ, ഒളിക്കാനുള്ള നേരം കിട്ടിയില്ല. അടുക്കളയോട് ചേർന്നുള്ള ചാർത്തിൽ അടുപ്പിൽ അരി തിളച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ അനങ്ങാതെ അടുപ്പിൽ തീകത്തിക്കുന്ന വ്യാജേന ഒറ്റ ഇരിപ്പിരുന്നു. എന്തോ ഭാഗ്യം കൊണ്ട് പട്ടാളക്കാർ ചാർത്തിലേക്ക് വന്നില്ല. മച്ചിലും അറകളിലുമെല്ലാം തിരച്ചിൽ നടത്തിയ അവർ തിരികെ പോയി. ആ സംഭവത്തിന് ശേഷം എന്നെ വീട്ടുകാർ ദൂരെയുള്ള അമ്മായിയുടെ വീട്ടിലേക്കയച്ചു. അതുകൊണ്ട് ഇന്നും ജീവനോടെയിരിക്കുന്നു. സമരത്തിനിടെ അവതരിപ്പിച്ചിരുന്ന എൻെറ കലാപ്രകടനങ്ങൾ കണ്ട് പാർട്ടിക്കാർ തന്നെയാണ് നാടകത്തിലഭിനയിക്കാൻ ആവശ്യപ്പെട്ടത്. നാടകവും കഥാപ്രസംഗവും പാട്ടപ്പിരിവും ഒക്കെയായി പാർട്ടിക്കുവേണ്ടി രംഗത്തിറങ്ങി. ഓണത്തിനൊരു പാവാടയും ജംബറുമായിരുന്നു അന്ന് ഞങ്ങൾക്കുള്ള പ്രതിഫലം.

കാഞ്ചന ഓലപ്പീപ്പി എന്ന ചിത്രത്തിൽ
 


നാടകാഭിനയം, പിന്നീട് സിനിമാഭിനയത്തിലേക്ക്, അമ്പതോളം ചിത്രങ്ങളിൽ വേഷമിട്ടു. സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
അരൂരിൽ നാടകം അഭിനയിക്കുമ്പോൾ തമിഴ്നാട്ടിൽനിന്ന് ഒരു സംഘം നാടകം കാണാനെത്തി. അവർ ചെയ്യാനിരിക്കുന്ന മലയാള ചിത്രത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കാനുദ്ദേശിച്ചായിരുന്നു ഇത്. എൻെറ ഒരു പരിചയക്കാരനായ പി.എ. തോമസ് അന്ന് എന്നോട് സ്വകാര്യമായി പറഞ്ഞത് ഇന്നുമോർക്കുന്നു. ‘നീ നാടകം നന്നായി ചെയ്തോളണം. തമിഴ്നാട്ടിൽനിന്ന് സിനിമക്കാർ എത്തിയിട്ടുണ്ട്. നന്നായി അഭിനയിച്ചാൽ നിനക്ക് സിനിമയിൽ കേറാം’. 

നാടകാവതരണം കഴിഞ്ഞപ്പോൾ തോമസ് ചേട്ടൻ കാറുമായി വന്ന് ഞങ്ങളിൽ ചിലരെ കൂട്ടിക്കൊണ്ടു പോയി. അവർ ഞങ്ങളെ സിനിമയിലേക്ക് തെരഞ്ഞെടുത്തു. ‘പ്രസന്ന’യായിരുന്നു ആ സിനിമ. അതിൽ ഒരു മുഴുനീള വേഷമാണ് ഞാൻ ചെയ്തത്. കല്യാണി എന്നായിരുന്നു കഥാപാത്രത്തിൻെറ പേര്. പിന്നീട് എന്നെ പലരും കല്യാണി എന്നാണ് വിളിച്ചിരുന്നത്. ആ കഥാപാത്രം അത്രയും ശ്രദ്ധിക്കപ്പെട്ടു. ലളിത, പത്മിനി, രാഗിണി, ദൊരൈ രാജ്, ബാലയ്യ എന്നിവരോടൊപ്പമാണ് അന്ന് അഭിനയിച്ചത്. ശ്രീരാമലു നായിഡുവായിരുന്നു സംവിധായകൻ. പിന്നീട് ഉദയയുടെ ബാനറിലിറങ്ങിയ മിക്ക ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു.

ജീവിതപങ്കാളിയായി കുണ്ടറ ഭാസി? മിശ്രവിവാഹത്തിൽ എതിർപ്പുകളുണ്ടായിരുന്നല്ലോ?
പാലാ കുഞ്ഞപ്പാപ്പൻ സംവിധാനം ചെയ്ത നാടകത്തിൽ ഞാനും ഭാസിച്ചേട്ടനും ജോസ്പ്രകാശും ഒന്നിച്ചാണഭിനയിച്ചത്. തുടക്കം മുതൽ ഭാസിച്ചേട്ടന് എന്നോട് താൽപര്യമുള്ളതായി തോന്നിയിരുന്നു. പിന്നീടത് പ്രണയമായി. എനിക്കും പ്രണയമായി. ഞങ്ങൾ വിവാഹം കഴിച്ചു. ജാതി വ്യത്യസ്തമായതിനാൽ ആദ്യം എതിർപ്പുകൾ പലഭാഗത്തുനിന്നുമുണ്ടായി. അന്ന് മിശ്രവിവാഹം അത്ര സാധാരണമല്ലായിരുന്നു. പക്ഷേ , അവസാനം കുടുംബക്കാരെല്ലാം അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു വിവാഹം. ഭാസിയണ്ണൻ 80ൽ മരിച്ചു. പിന്നെ മൂത്തമകൻ പ്രദീപും വിടവാങ്ങി. ഇളയമകൻ േപ്രംലാൽ ഇപ്പോൾ  ഗൾഫിൽ ജോലിചെയ്യുകയാണ്.

വീട്ടിൽ അഭിനന്ദനങ്ങൾ അറിയിക്കാൻ എത്തിയവരോടൊപ്പം കാഞ്ചന
 


അഭിനയ രംഗത്തോട്  വിടപറഞ്ഞതിനു പിന്നിൽ എന്തായിരുന്നു കാരണം?
കുടുംബമായിരുന്നു എനിക്ക് വലുത്. നാടക–സിനിമ നടനും കാഥികനുമായിരുന്നു ഭാസിച്ചേട്ടൻ. അത്യാവശ്യം ജീവിച്ച് പോവുന്നതിനുള്ള കാശും കിട്ടും. എല്ലാവരോടും സ്നേഹം മാത്രമുള്ള വലിയ മനുഷ്യനായിരുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും വന്ന് ചോദിച്ചാൽ കൈയിലുള്ളത് മുഴുവൻ എടുത്തുകൊടുക്കും. ആര് വിളിച്ചാലും അവരുടെ കൂടെപ്പോവും. അഭിനയിച്ച് കിട്ടുന്നത് ഒന്നും കൈയിൽ നിൽക്കില്ല. ഞാൻ ഒരു ദിവസം മൂന്ന് കഥാപ്രസംഗങ്ങൾ വരെ അവതരിപ്പിച്ച സമയമുണ്ട്. കുടുംബം പോറ്റാൻ. 

അന്ന് കിട്ടിയ ചെക്ക് മാറിക്കൊണ്ടു വരാമെന്ന് പറഞ്ഞ് പോയ അദ്ദേഹത്തെ പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് കാണുന്നത്. ആ ദിവസങ്ങളിൽ എൻെറ മക്കളുടെ വയറ് നിറക്കാൻ ഒന്നുമില്ലാതെ ഞാൻ കരഞ്ഞിട്ടുണ്ട്. മൂത്ത മകന് പഴനിയിൽ കൊണ്ടുപോയി ചോറ് കൊടുക്കാമെന്ന് നേർച്ചയുണ്ടായിരുന്നു. നാടകം, സിനിമ എന്ന് പറഞ്ഞ് നടക്കുന്നതിനിടയിൽ എനിക്കതിന് സമയമുണ്ടായില്ല. അവൻ വിശന്നു കരഞ്ഞപ്പോൾ അവനൊപ്പം ഞാനുമിരുന്ന് കരഞ്ഞിട്ടുണ്ട്, ഭക്ഷണം കൊടുക്കാനില്ലാത്തതു കൊണ്ട്. ആദ്യകാലങ്ങളിൽ പലരും സിനിമയിലേക്കും നാടകത്തിലേക്കും ക്ഷണിച്ചെങ്കിലും പോവാൻ പറ്റുന്ന സാഹചര്യം എനിക്കില്ലായിരുന്നു. പക്ഷേ, പിന്നീട് എല്ലാവരും എന്നെ മറന്നു. ഞാനങ്ങോട്ട് ഓർമിപ്പിക്കാനും പോയില്ല. 

കുഞ്ഞുങ്ങളെ നോക്കാനും കുടുംബം പുലർത്താനുമായി ഞാൻ കയർപിരി തൊഴിലാളിയായി. ഒത്തിരി ദാരിദ്യ്രം അനുഭവിച്ചിട്ടുണ്ട്. പട്ടിണി വരെ കിടന്ന കാലമുണ്ടായിരുന്നു. പക്ഷേ, ഒരു കലാകാരിയായിരുന്ന എന്നെ അന്വേഷിച്ച് ആരും വന്നിട്ടില്ല. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചതാണെങ്കിലും ‘അമ്മ’യുടെ അംഗത്വത്തിന് അപേക്ഷിച്ചിട്ടും കിട്ടിയില്ല. കലാകാര പെൻഷൻ പോലും ലഭിച്ചില്ല. ഒടുവിൽ സിനിമയിലേക്ക് തിരിച്ചു വന്നതിന് ശേഷം നടൻ മമ്മൂട്ടിയുടെ ശ്രമം കൊണ്ടാണ് ‘അമ്മ’ അംഗത്വം ലഭിച്ചത്. ഇപ്പോൾ പെൻഷനും ലഭിക്കുന്നുണ്ട്.

വീട്ടിൽ അഭിനന്ദനങ്ങൾ അറിയിക്കാൻ എത്തിയവരോടൊപ്പം കാഞ്ചന
 


എങ്ങനെയുണ്ടായിരുന്നു അഭിനയ അനുഭവം? 
നമ്മക്കറിയാവുന്ന പണിയല്ലേ, പിന്നെ സംവിധായകൻ നല്ല സഹായമായിരുന്നു. കൂടെ അഭിനയിച്ച ചെറുക്കനും നല്ല ബുദ്ധിയുള്ള കൊച്ചാ. രസായിരുന്നു. എന്നെ അവർ സ്വന്തം അമ്മയെപ്പോലെത്തന്നെ നോക്കി. എനിക്ക് സഹായത്തിനൊരാളെ തന്നു. പത്തു പതിനഞ്ചു ദിവസം സെറ്റിൽ ഒരു വീട്ടിലെ അംഗങ്ങളെപ്പോലെയായിരുന്നു.

ഈ വീട്ടിൽ എന്താണ് ഒറ്റക്ക് കഴിയുന്നത്..
ഈ അമ്പലത്തിലേക്ക് കൊടിക്കയർ കൊടുക്കുന്നത് ഇവിടെ നിന്നാണ്. അപ്പോ ഈ വീടിങ്ങനെ അനാഥമായി കിടക്കുന്നത് ശരിയല്ലെന്നു തോന്നി. ഗൾഫിലുള്ള മകന്‍റെ കുടുംബം ഇതിനടുത്താണ് താമസിക്കുന്നത്. എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ച് കിട്ടിയതെല്ലാം കൂട്ടിവെച്ച് പണിതതാണ് ഞാനിപ്പോൾ താമസിക്കുന്ന വീട്. രണ്ട് മുറിയേ ഉള്ളൂ. പഴക്കമുള്ള കൊച്ചുവീടാണ്. അതൊന്നു പൊളിച്ചുമാറ്റി നല്ല ഒരു വീട് പണിയണം. കൊച്ചുവീട് മതി. എന്നാലും അതിനുള്ള പണം വേണം. അതിന് വേണ്ടി അഭിനയിക്കണം.

പുതിയ സിനിമകൾ?
കെയർ ഓഫ് സൈറാബാനുവാണ് പുതിയ ചിത്രം. ഒരു മുത്തശ്ശിയുടെ റോളാണ് അതിൽ. മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. തികഞ്ഞ സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു അവരുടേത്. സിനിമപ്രവർത്തകരെല്ലാം നല്ല സഹകരണമായിരുന്നു. ‘േക്രാസ് റോഡ്’ ആണ് മറ്റൊരു സിനിമ. കുറേ ചെറിയ സിനിമകൾ ചേർന്ന അതിൽ പ്രദീപ് നായർ സംവിധാനം ചെയ്ത ‘കൊഡേഷ്യൻ’ എന്ന സിനിമയിലാണ് ഞാൻ അഭിനയിച്ചത്. അതിൽ കേന്ദ്ര കഥാപാത്രമാണ്. പ്രായമായ സ്ത്രീകൾ അനുഭവിക്കുന്ന ഒറ്റപ്പെടലിൻെറ കഥ പറയുന്ന ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ദിലീപ് നായകനായ ചിത്രത്തിലും ഒരു ചെറിയ വേഷമുണ്ട്. അതിൻെറ ഷൂട്ടിങ് ഉടൻ തുടങ്ങും. 

Tags:    
News Summary - film and drama Artist and kerala state film award winner Kanchana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.