നെടുങ്കണ്ടം: കുഞ്ഞ് കണ്ണുകളിലെ ഇരുളിെൻറ മറനീങ്ങി. നാലുമാസം പ്രായമുള്ള ആരുഷിന് ഇനി എല്ലാം കാണാം. ഉദാരമതികളുടെ കാരുണ്യത്താൽ സഹോദരങ്ങളായ കുരുന്നുകളിൽ ഒരാൾക്ക് ശസ്ത്രക്രിയയിലൂടെ കാഴ്ച ലഭിച്ചു. രണ്ടുലക്ഷം രൂപ കൂടി ലഭിച്ചാൽ മൂത്തകുഞ്ഞിനും ലോകം കാണാനാകും. താന്നിമൂട് തട്ടാരുമുറിയിൽ വിപിൻ-ആര്യ ദമ്പതികളുടെ മക്കളാണ് നാലുമാസം പ്രായമുള്ള ആരുഷും അഞ്ചുവയസ്സുകാരൻ ലിബിനും.
ഉദാരമതികളുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ രണ്ട് ശസ്ത്രക്രിയകളിലൂടെയാണ് ആരുഷിന് കാഴ്ച ലഭിച്ചത്. മൂത്തകുട്ടി ലിബിനും ശസ്ത്രക്രിയ നടത്തിയാൽ കാഴ്ച ലഭിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് രണ്ടുലക്ഷം രൂപയോളം ചെലവുവരും. ഇതിനും ഉദാരമതികളുടെ സഹായം തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. ലിബിന് കല്ലാർ ഗവ. എൽ.പി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.
ജന്മന ബാധിച്ച തിമിരമാണ് കുട്ടികളുടെ കാഴ്ചക്ക് തകരാര്‍ സംഭവിക്കാന്‍ കാരണം. ലിബിൻ പഠനത്തിൽ മിടുക്കാനാണെങ്കിലും നേരിയ കാഴ്ച മാത്രമേ ഉള്ളൂ എന്നതിനാല്‍ ശരിയായി വായിക്കാനാവില്ല. പുസ്തകം കണ്ണിനോട് ചേര്‍ത്തുപിടിച്ചാല്‍ വലിയ അക്ഷരങ്ങള്‍ വായിക്കാം. നെടുങ്കണ്ടത്തിന് സമീപം താന്നിമൂട്ടില്‍ പ്രതിമാസം 4000 രൂപ വാടക നൽകിയാണ് വിപിനും കുടുംബവും താമസിക്കുന്നത്.
വിപിന്‍ കൂലിവേല ചെയ്ത് കിട്ടുന്നത് മാത്രമാണ് കുടുംബത്തിന്റെ വരുമാനം. കുട്ടികളുടെ മാതാവ് ആര്യക്കും ചെറുപ്പത്തിൽ തിമിരമുണ്ടായിരുന്നു. എപ്പോഴും കരഞ്ഞുകൊണ്ടിരുന്ന ആരുഷ് കാഴ്ച ലഭിച്ചതോടെ ചിരിച്ചുതുടങ്ങിയതാണ് ഇപ്പോൾ ഈ കുടുംബത്തിെൻറ ഏറ്റവും വലിയ സന്തോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.