'ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു ചെറുമെഴുകുതിരി തെളിക്കുന്നതാണ്' -റൂസ്വെൽറ്റിെൻറ ഈ വാക്കുകളിലുണ്ട് ജുർമേത് അങ്മോ എന്ന 36കാരിയുടെ ജീവിതം. ലഡാക്കി ഭാഷയിൽ ജുർമേതിെൻറ അർഥം എന്തുമായിക്കോട്ടെ, ലഡാക്കിലെ ഗ്രാമീണർക്ക് അത് 'പ്രകാശം പരത്തുന്നവൾ' എന്നാണ്. വൈദ്യുതി എത്താൻ മടിച്ചിരുന്ന ലഡാക്കിലെയും മേഘാലയയിലെയും 50ലധികം പർവത ഗ്രാമങ്ങളിലാണ് ജുർമേതും കൂട്ടരും വെളിച്ചം പകർന്നത്. ഒമ്പതാം ക്ലാസിൽ പഠനം നിർത്തി, പിന്നീട് സോളാർ എൻജിനീയറായി മാറിയ ജുർമേതിെൻറ ജീവിതം വൈദ്യുതി ഇല്ലാത്തതിനാൽ ഇരുളിലാണ്ട തെൻറ ബാല്യത്തോടുള്ള മറുപടികൂടിയാണ്.
മഞ്ഞുമലകളാൽ ചുറ്റപ്പെട്ട മർഖ താഴ്വരയിലെ കുഗ്രാമമായ സുംദചെൻമോയിലാണ് ജുർമേത് ജനിച്ചത്. ഏതൊരു പർവതഗ്രാമത്തിലെയും കുട്ടികളുടേതുപോലെ പ്രകൃതിക്കൊപ്പം തുന്നിച്ചേർത്ത ബാല്യമായിരുന്നു അവൾക്കും. രാവിലെ എഴുന്നേറ്റ് വീടുപണികളിൽ അമ്മയെ സഹായിക്കൽ, പിന്നെ സ്കൂൾ, മടങ്ങിയെത്തിയ ശേഷം മാതാപിതാക്കളെ കൃഷിയിടത്തിൽ സഹായിക്കൽ... ഇരുൾ വീഴും മുമ്പ് വീട്ടിൽ തിരിച്ചെത്തണം ഹോം വർക്ക് പൂർത്തിയാക്കാൻ.
വൈദ്യുതി ഇല്ലാത്തതിനാൽ സന്ധ്യാവെട്ടവും മണ്ണെണ്ണ വിളക്കും തീർക്കുന്ന അരണ്ട വെളിച്ചത്തിൽ വേണം പഠനവും ഹോംവർക്ക് ചെയ്യലുമെല്ലാം. മഞ്ഞുകാലത്ത് പകലിെൻറ ദൈർഘ്യം കുറഞ്ഞുകുറഞ്ഞു വരും. മർഖ താഴ്വരയിൽനിന്ന് നോക്കുേമ്പാൾ കാണുന്ന മഞ്ഞുമലകൾക്കപ്പുറത്തേക്ക് സൂര്യൻ മാഞ്ഞുകഴിഞ്ഞാൽ പിന്നെ ഇരുട്ടിെൻറ വെല്ലുവിളി നേരിട്ടിരുന്ന ബാല്യം.
''ഇരുട്ടായിക്കഴിഞ്ഞാൽ മാതാപിതാക്കൾ ഞങ്ങൾ കുട്ടികളെ പുറത്തുവിടുമായിരുന്നില്ല. ഹിമപ്പുലി, മലയാട്, തിബത്തൻ ചെന്നായ് എന്നിവ വീടിനരികിൽ കറങ്ങിനടക്കുന്നതിനാൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണത്. ഇരുട്ടിനെ ഭയന്നുള്ളൊരു ബാല്യമായിരുന്നു എെൻറ സമപ്രായക്കാരുടേത്. വെളിച്ചത്തിലിരുന്ന് പഠിക്കാൻ കഴിയാത്തതിനാൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാഞ്ഞവരും എന്നെപ്പോലെ നിരവധി.
പർവത സമൂഹങ്ങളിൽ വിദ്യാഭ്യാസത്തിന് ഏറെ വില കൊടുക്കേണ്ടിവരുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചൊക്കെ മറന്നേക്ക്. കമ്പ്യൂട്ടർ, ഹൈസ്പീഡ് ഇൻറർനെറ്റ്, ഹൈടെക് ക്ലാസുകൾ ഇതൊന്നുമല്ല ഉദ്ദേശിച്ചത്. വൈദ്യുതി, കുടിവെള്ളം, ഉറപ്പുള്ള മേൽക്കൂര എന്നിവയാണ്. എെൻറ കുഗ്രാമത്തിലെ സ്കൂളിലൊക്കെ സ്ഥിരം അധ്യാപകൻ എന്നതുതന്നെ വലിയ 'ആഡംബര'മായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തിൽ പൂർത്തിയാക്കിയ ശേഷം തുടർ പഠനത്തിനായി എനിക്ക് ലേയിൽ പോകേണ്ടിവന്നു. ആ പ്രായത്തിലുള്ളൊരു കുട്ടിക്ക് മാതാപിതാക്കളുടെ അടുത്തുനിന്ന് മാറിനിൽക്കൽ അത്ര എളുപ്പമല്ലല്ലോ. പക്ഷേ, ലഡാക്കിൽ നല്ല വിദ്യാഭ്യാസം കിട്ടണമെങ്കിൽ അതു വേണ്ടിവന്നിരുന്നു'' -തങ്ങളുടെ പഠനവും ജീവിതവും എളുപ്പമാക്കാൻ വെളിച്ചത്തിെൻറ മാലാഖ കടന്നുവരുമെന്ന് സ്വപ്നം കണ്ടിരുന്നൊരു ബാല്യത്തെ ജുർമേത് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. മഞ്ഞുമലകളിൽ വെളിച്ചമെത്തിക്കുന്ന ആ മാലാഖക്ക് തെൻറ രൂപമായിരിക്കുമെന്ന് അന്നവൾ കരുതിയിരുന്നുമില്ല.
11ാം വയസ്സിൽ ലേയിൽ പോയപ്പോഴാണ് ജുർമേത് തെൻറ ജീവിതത്തിലാദ്യമായി ഒരു ബൾബ് കാണുന്നത്. അതിെൻറ വെളിച്ചത്തിലേക്ക് ഒരു ഈയാംപാറ്റയെപ്പോലെ താൻ ആകർഷിക്കപ്പെട്ട നിമിഷം ഇന്നും ജുർമേതിന് ഓർമയുണ്ട്. അന്ന് മനസ്സിലുയർന്ന, എന്തുകൊണ്ട് എെൻറ ഗ്രാമത്തിൽ ബൾബ് ഇല്ല എന്ന ചോദ്യത്തിന് ഇന്ന് ജീവിതംകൊണ്ട് ഉത്തരം നൽകുകയാണ് ജുർമേത്. ലേയിൽ ഒമ്പതാം ക്ലാസ് വരെയാണ് ജുർമേത് പഠിച്ചത്. സ്കൂൾ പഠനകാലത്ത് സയൻസിൽ ആയിരുന്നു താൽപര്യം. തെൻറ സമൂഹത്തെ സഹായിക്കാൻ നിലകൊള്ളുന്നതിന് ജുർമേതിനെ പ്രാപ്തയാക്കിയതും സയൻസിനോടുള്ള ഇഷ്ടമാണ്.
എന്തെങ്കിലും ജോലി സമ്പാദിച്ച് മാതാപിതാക്കളെ സഹായിക്കാമെന്ന ആഗ്രഹംകൊണ്ടാണ് പഠനം നിർത്തിയത്. പക്ഷേ, ഒന്നും ലഭിച്ചില്ല. ഏതാനും വർഷം കഴിഞ്ഞ് മരപ്പണിക്കാരനായ റിൻചെൻ നംഗ്യാലുമായി ജുർമേതിെൻറ വിവാഹം നടന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അപ്പോഴും മനസ്സിൽനിന്ന് പോയിരുന്നില്ല. രണ്ടാമത്തെ മകൾ ജനിച്ച ശേഷം 2015ലാണ് അതിലേക്കുള്ള പ്രയാണം ജുർമേത് ആരംഭിച്ചത്.
സുസ്ഥിര സാങ്കേതികതയിലൂടെയും വിനോദസഞ്ചാരത്തിലൂടെയും ഹിമാലയത്തിലെ ഉൾനാടൻ സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഹിമാലയൻ എക്സ്പെഡിഷെൻറ (ജി.എച്ച്.ഇ) ഭാഗമായതോടെയായിരുന്നു അത്. ജി.എച്ച്.ഇയിൽ പ്രവർത്തിച്ചിരുന്ന സഹോദരൻ സെറിൻ ദൊർജെയാണ് ഒരു സോളാർ എൻജിനീയർ ആകാനുള്ള അവസരം ജുർമേതിന് മുന്നിൽ തുറന്നുനൽകിയത്.
വിനോദസഞ്ചാരത്തിൽനിന്നും സുസ്ഥിര സാങ്കേതികവിദ്യയിൽനിന്നുമുള്ള വരുമാനംകൊണ്ട് കുഗ്രാമങ്ങളിൽ സൗരോർജ വിളക്കുകൾ സ്ഥാപിക്കുന്ന ലോകത്തിലെത്തന്നെ ആദ്യ സംരംഭമാണ് ജി.എച്ച്.ഇ. 2013ൽ ഇലക്ട്രിക്കൽ എൻജിനീയറായ പരാസ് ലൂംബയാണ് ഇതിന് തുടക്കമിട്ടത്. ഹിമാലയത്തിലെ ഉൾഗ്രാമങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിച്ചാണ് ജി.എച്ച്.ഇ വരുമാനം കണ്ടെത്തുന്നത്. ഇതിൽനിന്നാണ് സോളാർ വിളക്കുകൾ, പാനലുകൾ എന്നിവ വാങ്ങുന്നതിനും അവ സ്ഥാപിക്കുന്നതിനുമുള്ള ചെലവ് നിർവഹിക്കുന്നത്. ലഡാക്കിലെയും മേഘാലയയിലെയും 115 ഗ്രാമങ്ങളിലാണ് ഇതുവരെ ജി.എച്ച്.
ഇ വൈദ്യുതി എത്തിച്ചത്. വിവിധ ഗ്രാമങ്ങളിൽ 50ലധികം ഹോംസ്റ്റേകളും ഇവർക്കുണ്ട്. സോളാർ പാനലുകൾ, ബാറ്ററി എന്നിവ നിർമിക്കുന്നതിന് ഗ്രാമീണർക്ക് പരിശീലനവും ഇപ്പോൾ ജി.എച്ച്.ഇ നൽകുന്നു. ജി.എച്ച്.ഇയുടെ പ്രവർത്തനങ്ങൾക്ക് ഈ വർഷത്തെ യു.എൻ ഗ്ലോബൽ ക്ലൈമറ്റ് ചേഞ്ച് ആക്ഷൻ അവാർഡും ലഭിച്ചു.
സോളാർ എൻജിനീയർ ആകാനുള്ള താൽപര്യം മനസ്സിലാക്കിയ ജി.എച്ച്.ഇ അധികൃതർ ജുർമേതിനോട് ആറുമാസത്തെ പരിശീലനത്തിന് രാജസ്ഥാനിലേക്ക് പോകാൻ നിർദേശിച്ചു. പത്തും മൂന്നും വയസ്സുള്ള പെൺമക്കളെ പിരിഞ്ഞിരിക്കണമെന്നതായിരുന്നു ജുർമേതിെൻറ വിഷമം. ഭർത്താവും വീട്ടുകാരും ധൈര്യം പകർന്നതോടെ രാജസ്ഥാനിലെ തിലോനിയയിലുള്ള ബെയർഫുട്ട് കോളജിൽ പരിശീലനത്തിന് പോകാൻ ജുർമേത് തയാറായി.
ജീവിതത്തിലാദ്യമായി ജുർമേത് ഒരു സ്ക്രൂഡ്രൈവർ കൈകൊണ്ട് തൊടുന്നത് തിലോനിയയിൽ വെച്ചാണ്. രാജസ്ഥാനിലെ ആദ്യകാല ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. തണുപ്പിൽനിന്ന് ചൂടിലേക്കുള്ള മാറ്റവും ഭക്ഷണത്തിലെ വ്യത്യാസവും ആദ്യകാലങ്ങളിൽ നന്നായി വലച്ചു. പിന്നീട് പതുക്കെ പതുക്കെ ജീവിതത്തിെൻറ താളം തിരികെ പിടിക്കാനായി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ അവിടെ പഠിക്കാനെത്തിയിരുന്നു.
ഭാഷാപരിമിതികൾ ഉള്ളതിനാൽ ഇന്ത്യക്കാരെയും വിദേശികളെയും വ്യത്യസ്ത ഗ്രൂപ്പുകളിലാക്കിയായിരുന്നു പഠനം. പക്ഷേ, എല്ലാവരും തമ്മിൽ സൗഹൃദത്തിലാകാൻ അധികനാൾ വേണ്ടിവന്നില്ല. ഭാഷാപരിമിതി മറികടക്കാൻ ജുർമേത് അടക്കം പലരും ആംഗ്യഭാഷ വരെ സ്വന്തമായി ഉണ്ടാക്കി. ഓരോ ക്ലാസ് കഴിയുംതോറും ജുർമേതിെൻറ ആത്മവിശ്വാസം വർധിച്ചുവന്നു. എൽ.ഇ.ഡിയും ചാർജ് കൺട്രോളറും സോളാർ വിളക്കുമൊക്കെ നന്നാക്കാൻ മികച്ച പരിശീലനം
ബെയർഫുട്ടിൽനിന്ന് ലഭിച്ചതാണ് ജുർമേതിെൻറയും 50ഓളം പർവതഗ്രാമങ്ങളുടെയും ജീവിതം പ്രകാശപൂരിതമാക്കിയത്. സോളാർ വൈദ്യുതി സംവിധാനങ്ങളുടെ നിർമാണം, സ്ഥാപിക്കൽ, അറ്റകുറ്റപ്പണി എന്നിവയിൽ പ്രാഗല്ഭ്യം നേടിയ ജുർമേതിന് ജോലിയുള്ള ദിവസം 2000 രൂപയാണ് ജി.എച്ച്.ഇ പ്രതിഫലം നൽകുന്നത്. ൈവദ്യുതീകരിക്കുന്ന ഗ്രാമങ്ങളിലെ ആളുകൾ ചേർന്ന് ജോയൻറ് അക്കൗണ്ട് ഉണ്ടാക്കി ചെറിയ സംഭാവനകൾ അതിലിട്ട് ജി.എച്ച്.ഇക്ക് സാമ്പത്തിക പിന്തുണ നൽകാറുമുണ്ട്.
സ്വന്തമായൊരു വീടും സാബൂ ഗ്രാമത്തിൽ സ്റ്റേഷനറി ഷോപ്പും സോളാർ സർവിസ് സെൻററിലുമെത്തി നിൽക്കുന്ന തെൻറ നേട്ടങ്ങൾക്കെല്ലാം ജുർമേത് നന്ദി പറയുന്നത് ഭർത്താവ് റിൻചെൻ നംഗ്യാലിനോടാണ്. ''ഞാൻ പരിശീലനത്തിയി പോയപ്പോഴും പിന്നീട് ജോലിയുടെ ഭാഗമായി മാറിനിന്നപ്പോഴുമെല്ലാം കുട്ടികളുടെ പരിചരണം അടക്കം വീട്ടുകാര്യങ്ങളെല്ലാം അദ്ദേഹമാണ് നോക്കിയത്. നിെൻറ സന്തോഷത്തിനാണ് എെൻറ പ്രഥമ പരിഗണന എന്ന് അദ്ദേഹം പറയുന്നത് ഏറെ ആത്മവിശ്വാസവും ആശ്വാസവുമാണ് പകരുന്നത്.
സ്വന്തമായി വീടും ഷോപ്പും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും നൽകാൻ അതെന്നെ സഹായിച്ചു'' -ജുർമേത് പറയുന്നു. ജി.എച്ച്.ഇയുടെ ജോലികൾക്ക് പുറമേ 2017ൽ സർക്കാർ കൊണ്ടുവന്ന 'സൗഭാഗ്യ' പദ്ധതിയുടെ ഭാഗമായും ജുർമേത് നിരവധി ഗ്രാമീണ വീടുകളിൽ വെളിച്ചമെത്തിച്ചു. ഈ വർഷം നേപ്പാളിലെ ചില പർവതഗ്രാമങ്ങൾ വൈദ്യുതീകരിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞില്ല.
രാജസ്ഥാനിൽനിന്ന് തിരികെയെത്തി ജി.എച്ച്.ഇയുടെ ഭാഗമായ ജുർമേതിെൻറ ആദ്യ ദൗത്യം ആയിരം വർഷത്തോളം പഴക്കമുള്ള സുംദ ചുൻ സന്ന്യാസി മഠം വൈദ്യുതീകരിക്കാനായിരുന്നു. മഠവും സമീപ ഗ്രാമമായ ലിങ്ഷെഡിലെ 97 വീടുകളും 10 ദിവസംകൊണ്ട് വൈദ്യുതീകരിക്കാനാണ് ജുർമേതിനെയും സഹപ്രവർത്തകൻ അചെനെയും ജി.എച്ച്.ഇ നിയോഗിച്ചത്. ആറ് മണിക്കൂർ നടന്നുവേണമായിരുന്നു ലിങ്ഷെഡിലെത്താൻ. ഒമ്പത് ദിവസംകൊണ്ട് ദൗത്യം പൂർത്തീകരിക്കാൻ അവർക്കായി. തങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിച്ച ലഡാക്കി പെൺകുട്ടിയെ അനുഗ്രഹിച്ചാണ് സുംദ ചുന്നിലെ സന്ന്യാസിമാർ യാത്രയാക്കിയത്.
ജി.എച്ച്.ഇയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി മേഘാലയയിലെ വിവിധ ഉൾനാടൻ ഗ്രാമങ്ങളിലും ജുർമേത് വെളിച്ചമെത്തിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജീവിതം പോലെത്തന്നെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ആ നാളുകൾ. ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണം, ഭാഷ ഒക്കെ വ്യത്യസ്തം. എങ്കിലും റോങ്മെഗ്രെ, റോങ്റോസിംഗ്രേ തുടങ്ങി നാല് ഗ്രാമങ്ങളിലെ 80ലധികം വീടുകൾ ജുർമേതും കൂട്ടരും വൈദ്യുതീകരിച്ചു. തെൻറ നാട്ടിലേതുപോെലത്തന്നെ അവിടത്തെ സ്ത്രീകൾക്കും 'വൈദ്യുതി എത്തിക്കുന്ന പെണ്ണ്' ഒരു അത്ഭുതകാഴ്ചയായിരുന്നെന്ന് ജുർമേത് പറയുന്നു. ''അവരിൽ പലരും എന്നെപ്പോലെയാകണം എന്ന് പറഞ്ഞു. നിങ്ങൾക്ക് അതിന് കഴിയുമെന്ന് ഞാനും ഉറപ്പുനൽകി. ഇന്ന് എെൻറ നാട്ടിലെ സ്ത്രീകൾ എന്നെ അവരുടെ റോൾ മോഡലായി കാണുന്നത് ഏറെ അഭിമാനം നൽകുന്ന കാര്യമാണ്.
സ്ത്രീ ശാക്തീകരണത്തിെൻറയും ആത്മവിശ്വാസത്തിെൻറയും പ്രതീകമായിട്ടാണ് അവർ എന്നെ കാണുന്നത്. തങ്ങളുടെ പെൺമക്കൾ എന്നെപ്പോലെയാകണം എന്നാണ് ആഗ്രഹമെന്നൊക്കെ അവർ പറയുേമ്പാൾ അഭിമാനമാണ് തോന്നുന്നത്. പലരും എെൻറ പാത പിന്തുടർന്ന് രാജസ്ഥാനിൽ പഠിക്കാനും പോയിട്ടുണ്ട്.
ജോലിക്കായി പോകുന്ന ഗ്രാമങ്ങളിലെയൊക്കെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആത്മവിശ്വാസം പകരാൻ ഞാൻ ശ്രമിക്കാറുണ്ട്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ജീവിതത്തിലെ ഏത് പ്രശ്നവും നമുക്ക് പരിഹരിക്കാമെന്ന് എെൻറ ജീവിതം ഉദാഹരണമാക്കി അവരെ ബോധവത്കരിക്കാറുണ്ട്. എേൻറതുപോലെ സുന്ദരമായൊരു ജീവിതയാത്ര ലഡാക്കിലെ ഗ്രാമീണ സ്ത്രീകൾക്കും വേണമെന്നാണ് ആഗ്രഹം. സർക്കാർ ജോലിക്കായി കാത്തുനിൽക്കാതെ സോളാർ എൻജിനീയറിങ്ങോ കരകൗശലവിദ്യയോ പഠിച്ച് സ്വന്തം വഴി കണ്ടെത്താൻ കഴിയണം'' -ജുർമേത് പറയുന്നു.
ജീവിതം എന്നത് ഇരുളോ വെളിച്ചമോ മാത്രമല്ലല്ലോ, ഇരുളിനുള്ളിൽ നിന്ന് വെളിച്ചം കണ്ടെടുക്കൽ കൂടിയല്ലേ... അതുകൊണ്ട് ലഡാക്കിലെ കുഗ്രാമങ്ങളുടെ ആത്മാവ് ഇങ്ങനെ മന്ത്രിക്കുന്നുണ്ടാകും-
ജൂല്ലേ ജുർമേത്...
(നന്ദി, ജുർമേത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.