കുടിയേറിവന്നവരുടെ ഭീകരതക്ക് ഗസ്സയിലെ ഹലീമയും പലവട്ടം സാക്ഷിയായി. കടുത്ത പ്രതിസന്ധികൾക്ക് നടുവിലും ഉറച്ച മനസ്സോടെ അവർ അതിെന നേരിട്ടു. എന്നാൽ, ഒരു വർഷം തികയുന്ന ഇസ്രായേൽ അധിനിവേശം വീണ്ടുമെത്തിയതോടെ അവർക്ക് പിന്നെയും പലായനം ചെയ്യേണ്ടിവന്നു. ഒരിക്കലല്ല, 10 തവണ. ഒടുവിൽ ഗസ്സയിലെ ദുരിതത്തീയിൽനിന്ന് മരണത്തിലേക്കായിരുന്നു ഹലീമയുടെ പലായനം
ഹലീമ അബൂദയ്യക്ക് ചെറുപ്പമായിരുന്നു അന്ന് പ്രായം. മൂന്ന് കുഞ്ഞുങ്ങളുടെ ഉമ്മ. അഭയം തേടിയണയുന്നൊരു വീടോ നാടോ ആലോചിക്കാനറിയാത്ത, എല്ലാ പ്രയാസങ്ങളും ഒരുനാൾ അവസാനിച്ച് നല്ലപുലരി പിറക്കുമെന്ന പ്രതീക്ഷ ഹൃദയത്തോടു ചേർത്തുവെച്ച ശരാശരി ഫലസ്തീനിയുടെ പ്രതീകം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കൂട്ടുപിടിച്ച് അയൽപക്കങ്ങളിലൊക്കെയും ക്രൂരതകൾ തുടർന്ന സയണിസ്റ്റ് മിലീഷ്യകൾ ഒരു നാൾ തന്നെയും തേടിയെത്തുമെന്ന് അല്ലെങ്കിലും അവരെങ്ങനെ ഓർക്കാൻ? വിധി പക്ഷേ, കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
1948ൽ ഫലസ്തീൻ ഗ്രാമങ്ങളിലുടനീളം നടത്തിയ വംശീയ പ്രക്ഷാളനത്തിനിടെ ഹലീമയെയും കുടുംബത്തെയും അവർ സ്വന്തം നാട്ടിൽനിന്നും വീട്ടിൽനിന്നും ഇറക്കിവിട്ടു. ഒന്നാം നക്ബയിലെ പതിനായിരക്കണക്കിന് ഇരകളിലൊരുവളായി പലായനപർവം അവിടെ തുടങ്ങിയ അവർ ഒടുവിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ ക്രൂരതകളുടെ എണ്ണിയാലൊടുങ്ങാത്ത കഥകളുടെ നടുക്കുന്ന നേർചിത്രമായി, പട്ടിണിയും പരിവട്ടവും മല്ലിടാനാവാതെ ഗസ്സയിലെ ഇടുങ്ങിയ തമ്പുകളിലൊന്നിൽ യാത്രയായി.. പ്രായം 90കളുടെ അവസാനത്തിലെത്തിനിൽക്കെ അവസാന യാത്ര.
പിന്നിട്ടുപോന്ന നീറുന്ന അനുഭവങ്ങളുടെ വലിയ ഭാണ്ഡം മുമ്പൊരിക്കൽ അവർ പങ്കുവെച്ചിരുന്നു. ഗസ്സയിൽതന്നെയുള്ള ദെയ്ർ സുനൈദിലായിരുന്നു കുടുംബ സമേതം ഹലീമയുടെ താമസം. രാജ്യം മൊത്തം വെട്ടിപ്പിടിക്കുകയെന്ന ദുരയോടെ സയണിസ്റ്റ് മിലീഷ്യകൾ അവിടെയുമെത്തി ഭീകരത തീർത്തപ്പോൾ എല്ലാം വിട്ടെറിഞ്ഞ് ആദ്യ പലായനം നടത്തി. തോക്കിൻ മുനയിൽ കാറുകളിൽ കയറ്റി നാടുകടത്തപ്പെട്ട അവർ ഗസ്സ അതിർത്തിയോടു ചേർന്ന ഒരിടത്ത് മൂന്നു ദിവസം കഴിച്ചുകൂട്ടി. പിന്നീട് കൂടുതൽ സുരക്ഷിതമായ അൽപം ദൂരെ ഒരിടത്തേക്ക് മാറി. മൂന്നുകുട്ടികളുള്ള ഹലീമ ഗർഭിണിയുമായിരുന്നു. ജീവിതത്തിലെ ഏറ്റവും കടുത്ത നാളുകൾ അതോടെ പിന്നിട്ടുവെന്ന് തീർച്ചയായും അവർ കണക്കുകൂട്ടി.
ഒറ്റവർഷം, പലായനം 10 വട്ടം
പലദേശങ്ങളിൽനിന്ന് കുടിയേറിവന്നവർ കിട്ടിയതൊന്നും തികയാതെ തങ്ങളുടെ നാടും വെട്ടിപ്പിടിക്കുന്ന ഭീകരതക്ക് ഗസ്സയിലെ ഹലീമ കുടുംബവും പലവട്ടം സാക്ഷിയായി. അപ്പോഴൊക്കെയും കടുത്ത പ്രതിസന്ധികളെ ഉറച്ച മനസ്സോടെ നേരിട്ട് അവർ അവിടെ തന്നെ കഴിച്ചുകൂട്ടി. എന്നാൽ, ഒരു വർഷം തികയുന്ന ഇസ്രായേൽ അധിനിവേശം ദംഷ്ട്രകൾ നീട്ടി കഴിഞ്ഞ ഒക്ടോബറിൽ വീണ്ടുമെത്തിയതോടെ പ്രായമേറെ ചെന്ന് അവശതക്കടിമയായ അവർ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടു. ഒരിക്കലല്ല, 10 തവണ.
ഓരോ തവണയും ആകാശത്തുനിന്ന് വിമാനങ്ങൾ പറത്തിവിടുന്ന നോട്ടീസുകളും മൊബൈൽ വഴിയെത്തിയ സന്ദേശങ്ങളുമായിരുന്നു ഹലീമ ഉമ്മക്കും കുടുംബത്തിനും കിടപ്പാടംവിട്ട് ഓടാനുള്ള തിട്ടൂരങ്ങൾ. വടക്കുപടിഞ്ഞാറൻ ഗസ്സ സിറ്റിയിലെ അൽതവാമിലുള്ള വീട് ബോംബിട്ട് നാമാവശേഷമാക്കിയപ്പോൾ ആദ്യം പുറപ്പെട്ടോടിയത് കുറച്ചകലെയുള്ള ഒരു വീട്ടിലേക്കായിരുന്നു. മറ്റ് അയൽവാസികൾക്കൊപ്പം ആ വീടിന്റെ തറയിലായി താമസം. റെഡ് ക്രോസിന്റെ സഹായം തേടിയെങ്കിലും അവർ കൈമലർത്തി. ഒരിക്കൽ രോഗിയായ ആളെ കൂട്ടാൻ വന്ന ആംബുലൻസ് പോലും ഇസ്രായേൽ ബോംബിട്ട് തകർത്തതിന് സാക്ഷികളായതിനാൽ അതിലേറെ പ്രതീക്ഷിച്ചുമില്ല. വടക്കൻ ഗസ്സ വിട്ട് ലക്ഷങ്ങൾ പലായനം ചെയ്തപ്പോൾ ഈ ഉമ്മയെ കൂട്ടി യാത്രയാകില്ലെന്ന് കണ്ട് അവിടെതന്നെ കഴിച്ചുകൂട്ടാനായിരുന്നു കുടുംബത്തിന്റെ തീരുമാനം.
ശരാശരി 500ലേറെ ട്രക്കുകൾ ദിവസവും ഭക്ഷണവും മരുന്നുമായെത്തിയ ഗസ്സ തുരുത്തിൽ ഒരു ട്രക്കുപോലും എത്താത്ത ദിനങ്ങൾ. ഭക്ഷണം നൽകിയ ഏജൻസികൾക്കും ആളുകൾക്കും മേൽ തെരഞ്ഞുപിടിച്ച് ബോംബുകൾ വർഷിച്ച സമാനതകളില്ലാത്ത ഇസ്രായേൽ ഭീകരത. 20 ലക്ഷത്തിലേറെ മനുഷ്യർക്കെതിരെ പട്ടിണി ആയുധമാക്കിയപ്പോൾ കുടിവെള്ളം പോലും കിട്ടാക്കനിയായി. മരണം അകറ്റാൻ കടലിലെ ഉപ്പുവെള്ളം കുടിച്ച് രോഗികളായത് നിരവധി പേർ. അവശ്യ ചികിത്സ അനുവദിക്കപ്പെടാതെ ഇഞ്ചിഞ്ചായി മരിച്ചുവീണവർ. ഒടുവിൽ 97കാരിയായ ഹലീമ ഉമ്മയെയും മരണം വന്നുവിളിച്ചു. ആകെയുണ്ടായിരുന്ന ഭക്ഷണമായ, കാലികളുടെ തീറ്റയിൽനിന്നുണ്ടാക്കിയ ബ്രെഡ് കഴിക്കാൻ ശരീരത്തിനാകാതെ വന്നായിരുന്നു മരണം. മനുഷ്യ മനഃസാക്ഷി എത്രകാലമെടുത്ത് വിശദീകരിച്ചാലും ഉത്തരമാകാത്ത മഹാക്രൂരതകൾക്ക് മുന്നിൽ അവർ അങ്ങനെ രക്തസാക്ഷിത്വം വരിച്ചു.
വല്യുമ്മയുടെ അവസാന നാളുകൾ എത്ര ഹൃദയഭേദകമായിരുന്നുവെന്ന് പരിചരിച്ച് കൂടെയുണ്ടായിരുന്ന അഫ്നാൻ അബൂ ഖുംസാൻ പറയുന്നുണ്ട്. ഹലീമ ഉമ്മാക്ക് അൾഷൈമേഴ്സ് ബാധ കൂടുതൽ മൂർഛിച്ച് ആളുകളെ തിരിച്ചറിയാനാകാതെയായി. സ്വന്തം മകൻ തന്റെ പിതാവാണെന്ന് വരെ അവർക്ക് തോന്നി. ഒന്നാം നക്ബയിൽ പടിയിറങ്ങിയ വീടിനോടു ചേർന്നുണ്ടായിരുന്ന തോട്ടത്തിന്റെ വിശേഷങ്ങളൊക്കെയായി അവരുടെ ചോദ്യം.
1948ലെ നക്ബ കാലത്ത് ഖുംസാന്റെ പിതാവിനെയായിരുന്നു ഹലീമ ഉമ്മ ഗർഭം ചുമന്നത്. ഇത്തവണ അവർ വീണ്ടും കുടിയിറക്കപ്പെട്ടപ്പോൾ പാതി തളർന്ന ശരീരവുമായി 76കാരനായ മകനായിരുന്നു അവരെ പലയിടത്തായി ചുമന്നത്. വീൽചെയറിലിലിരുത്തി പേരമക്കളുടെ സഹായത്തോടെയായിരുന്നു ഈ യാത്രകൾ. ഇവയത്രയും അവസാനിപ്പിച്ചായിരുന്നു അടുത്തിടെ ഹലീമ ഉമ്മയുടെ മടക്കം.
നക്ബ
1882ൽ സെമിറ്റിക് വിരുദ്ധ ക്രൂരതകളിൽ പൊറുതിമുട്ടി കിഴക്കൻ യൂറോപിൽനിന്നും റഷ്യയിൽനിന്നും ജൂതർ കൂട്ടമായി ഫലസ്തീനിലേക്ക് പലായനം ആരംഭിക്കുന്നതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. 1896ൽ ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ പ്രവർത്തിച്ചുവന്ന മാധ്യമ പ്രവർത്തകനായ തിയോഡർ ഹെർസൽ ‘ഡർ ജൂഡൻസ്റ്റാറ്റ്’ അഥവാ ‘ജൂത രാഷ്ട്രം’ എന്ന ഗ്രന്ഥം പുറത്തിറക്കുന്നതോടെ രാഷ്ട്രീയ സയണിസത്തിന് ഔദ്യോഗിക നാന്ദിയായി. യൂറോപിൽ ജൂതർ അനുഭവിക്കുന്ന കൊടിയ പീഡനങ്ങൾക്ക് അറുതിയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഉഗാണ്ടയും അർജന്റീനയുമടക്കം പല രാജ്യങ്ങളിലാകാമെന്ന് തുടക്കത്തിൽ സാധ്യതകളുണർന്ന ജൂത രാഷ്ട്രം ബ്രിട്ടീഷ് അനുഗ്രഹാശിസ്സുകളോടെ ഫലസ്തീനിൽ തന്നെയാകട്ടെയെന്ന് അന്തിമ തീർപിലെത്തി. നേരത്തെ ഫലസ്തീനിൽ ജൂത സാന്നിധ്യം മൂന്ന് ശതമാനം മാത്രമായിരുന്നു.
യിഷൂവ് എന്നു വിളിക്കപ്പെട്ട അവർക്ക് ഫലസ്തീനിൽ ജൂത രാഷ്ട്ര സ്ഥാപനം ഒട്ടും താൽപര്യമുള്ളതായിരുന്നില്ല. എന്നാൽ, നാലു നൂറ്റാണ്ട് നീണ്ടുനിന്ന ഉസ്മാനിയ ഖിലാഫത്തിന് അന്ത്യം കുറിക്കപ്പെടുന്ന അതേ സമയത്ത് ബ്രിട്ടനും ഫ്രാൻസും തമ്മിൽ 1916ൽ രഹസ്യമായി ഒപ്പുവെച്ച സൈക്സ്-പികോ കരാർ പ്രകാരം ഫലസ്തീൻ ഉൾപ്പെടുന്നപ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഫലസ്തീനിൽ ജൂത രാഷ്ട്ര സ്ഥാപന വാഗ്ദാനവുമായി 1917ൽ ബാൽഫർ പ്രഖ്യാപനവും വന്നു. ഒന്നാം ലോക യുദ്ധത്തിൽ ബ്രിട്ടീഷ് വിജയത്തിൽ വലിയ പങ്കുവഹിച്ച സയണിസ്റ്റ് നേതാവ് ചെയിം വെയ്സ്മാന്റെ (വെയ്സ്മാൻ പ്രഥമ ഇസ്രായേൽ പ്രസിഡന്റുമായി) സമ്മർദങ്ങൾക്ക് വഴങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്ഡ് ജോർജും മുൻ വിദേശകാര്യ മന്ത്രി ആർതർ ബാൽഫറും ചേർന്നായിരുന്നു ഫലസ്തീനിൽ ജൂത രാഷ്ട്രം ഉണ്ടാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.
മൂന്നു പതിറ്റാണ്ട് കാലം ബ്രിട്ടീഷ് വാഴ്ച നിലനിന്ന ഫലസ്തീനിലേക്ക് ജൂതർ ഒഴുകിയെത്തി. 1922നും 1935നുമിടയിൽ ജൂത ജനസംഖ്യ ഒമ്പതിൽനിന്ന് 27 ശതമാനമായി ഉയർന്നു. ഇവർക്ക് സൗകര്യമൊരുക്കി ബ്രിട്ടീഷ് നേതൃത്വത്തിൽ ഫലസ്തീനികളുടെ കുടിയൊഴിപ്പിക്കൽ നിർബാധം തുടർന്നുകൊണ്ടിരുന്നു. ജർമനിയിലെ നാസി വാഴ്ചക്കാലം ശരിക്കും ഫലസ്തീനിലെ ജൂത കുടിയേറ്റത്തിന്റെ കൂടിയായിരുന്നു. ജർമനിയിൽനിന്ന് മാത്രമല്ല, യൂറോപിലെ വിവിധ മേഖലകളിൽനിന്നും പതിനായിരങ്ങൾ ഫലസ്തീൻ ലക്ഷ്യമിട്ട് കപ്പലേറിയെത്തി. ഇതിനെതിരെ നടന്ന അറബ് സമരം രക്തരൂഷിതമായി അടിച്ചമർത്തിയ ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തോട് കാണിച്ച അത്രയോ അതിലേറെയോ ഭീകരമായ മാർഗങ്ങളിൽ നേരിട്ടു. ആയിരങ്ങൾ വധിക്കപ്പെട്ടു. പ്രമുഖ നേതാക്കൾ നാടുകടത്തപ്പെട്ടു.
ആയിരങ്ങൾ കോൺസൻട്രേഷൻ ക്യാമ്പുകളിലായി. കാര്യങ്ങൾ വേഗത്തിലാക്കി 1940കളിൽ സയണിസ്റ്റ് മിലീഷ്യാ വിഭാഗങ്ങൾ ബ്രിട്ടീഷ് കേന്ദ്രങ്ങൾക്കു നേരെ ആക്രമണം കുടി നടത്തിയതോടെ ഫലസ്തീനിലെ കോളനി വാഴ്ച അവസാനിപ്പിക്കുകയാണെന്നും ഇനി യു.എന്നിന് കൈമാറുകയാണെന്നും 1947ൽ ബ്രിട്ടൻ പ്രഖ്യാപിച്ചു. എന്നാൽ, മൂന്നിലൊന്ന് ജനസംഖ്യയും ആറിലൊന്ന് ഭൂമിയും മാത്രമുള്ള ജൂതർക്ക് 55 ശതമാനം ഭൂമിയും മൂന്നിൽ രണ്ടുള്ള ഫലസ്തീനികൾക്ക് അവശേഷിച്ചതും നൽകി രാഷ്ട്ര വിഭജനമായിരുന്നു യു.എൻ നടപ്പാക്കിയത്. പ്രധാന പട്ടണങ്ങൾ, ഹൈഫ മുതൽ ജഫ്ഫ വരെ തീരദേശങ്ങൾ എന്നിവയെല്ലാം ജൂത രാഷ്ട്രത്തിന്റെ ഭാഗമാക്കിയായിരുന്നു കീറിമുറിക്കൽ.
55 എന്നത് മുഴുവനാക്കാനായി ഇറങ്ങിത്തിരിച്ച സയണിസ്റ്റ് ശക്തികൾ കൂട്ടക്കുരുതിയുമായി ഇറങ്ങി. 1947നും 1949നുമിടയിൽ ഏഴര ലക്ഷം ഫലസ്തീനികളാണ് രാജ്യം വിട്ട് പലദേശങ്ങളിലും രാജ്യങ്ങളിലുമായി അഭയാർഥികളായത്. ചരിത്രപരമായി ഫലസ്തീൻ നാമം പേറുന്ന മണ്ണിന്റെ 78 ശതമാനവും സയണിസ്റ്റ് അധിനിവേശത്തിനു കീഴിലായി. 530 ഗ്രാമങ്ങൾ ചുട്ടെരിച്ചു. അവിടങ്ങളിലുൾപ്പെടെ വംശീയ പ്രക്ഷാളനം നടത്തി. 70ഓളം കൂട്ടക്കൊലകളടക്കം മൊത്തം 15,000 ഓളം പേർ രക്തസാക്ഷികളായി. ഏഴര ലക്ഷം പേർ അഭയാർഥികളായി. ഒന്നാം നക്ബ അവിടെ പിറക്കുകയായിരുന്നു. 1948നു ശേഷം 1967ലും 1971ലുമടക്കം പലവട്ടം അധിനിവേശങ്ങൾ നടന്നു. ഏഴര ലക്ഷമായിരുന്ന അഭയാർഥികളിപ്പോൾ 75 ലക്ഷത്തിലെത്തിനിൽക്കുന്നു.
1948ലെ യു.എൻ വിഭജന പദ്ധതിയിൽ 55 ശതമാനം ഭൂമി അനുവദിച്ചത് ഇപ്പോൾ 85 ശതമാനത്തിലുമെത്തിനിൽക്കുന്നു. 23 ലക്ഷം ഫലസ്തീനികൾ വസിച്ച ലോകത്തെ ‘തുറന്ന ജയിലാ’യ ഗസ്സയെ ചാമ്പലാക്കുന്നതിനൊപ്പം 30 ലക്ഷത്തിലേറെ ഫലസ്തീനികളുള്ള കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലും കുടിയൊഴിപ്പിക്കലും നരവേട്ടയും തകൃതിയാണിപ്പോൾ. എണ്ണമറ്റ സൈനിക ചെക്പോയിന്റുകളും കൂറ്റൻ മതിലുകളും തീർത്ത് സഞ്ചാരം പോലും മുടക്കപ്പെട്ടവരുടെ മണ്ണ് ലോകത്ത് വേറെയുണ്ടാകില്ല.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.