ഹെകാനി ജഖാലു, സല്‍ഹൗതുവോനുവോ ക്രൂസെ

ചരിത്രം തിരുത്തി ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയും; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിതകൾ

കൊഹിമ: നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയ വിജയം നേടി ഹെകാനി ജഖാലുവും  സല്‍ഹൗതുവോനുവോ ക്രൂസെയും. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധികളാണ് ഇരുവരും. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി) സ്ഥാനാർഥികളായ ഹെകാനി ജഖാലു ദിമാപൂര്‍ മൂന്നിൽ നിന്നും സല്‍ഹൗതുവോനുവോ ക്രൂസെയും വെസ്റ്റ് അംഗമിയിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Full View

വാശിയേറിയ തെരഞ്ഞെടുപ്പിൽ 1,536 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഹെകാനി ലോക് ജനശക്തി പാർട്ടി (റാം വിലാസ്) സ്ഥാനാർഥി അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയത്. 48കാരിയായ ഹെകാനി അഭിഭാഷകയും സമൂഹ്യ പ്രവർത്തകയുമാണ്. സ്വതന്ത്ര സ്ഥാനാർഥി കെനീസാഖോ നഖ്രോയെ ഏഴ് വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സല്‍ഹൗതുവോനുവോ ക്രൂസെ പരാജയപ്പെടുത്തിയത്. 

നിയമസഭ തെരഞ്ഞെടുപ്പിലെ 183 സ്ഥാനാർഥികളില്‍ നാല് വനിതകൾ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയും കൂടാതെ ടെനിങ്ങില്‍ കോണ്‍ഗ്രസിന്റെ റോസി തോംപ്‌സണ്‍, വെസ്റ്റ് അംഗമിയില്‍ എൻ.ഡി.പി.പിയുടെ സല്‍ഹൗതുവോനുവോ, അതോയ്ജു സീറ്റില്‍ ബി.ജെ.പിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകൾ.

സംസ്ഥാന പദവി നേടി 60 വര്‍ഷം കഴിഞ്ഞിട്ടും നാഗാലാന്‍ഡ് നിയമസഭയിലേക്ക് ഒരു വനിതയെ തെരഞ്ഞെടുത്തിരുന്നില്ല. സംസ്ഥാനത്തെ വോട്ടർമാരിൽ പുരുഷന്മാരെക്കാൾ (6.52 ലക്ഷം) കൂടുതൽ വനിതകളാണ് (6.55 ലക്ഷം). അതിനാൽ, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാലു വനിതകളിൽ ആരാകും ചരിത്രം സൃഷ്ടിക്കുക എന്ന ആകാംക്ഷയിലായിരുന്നു നാഗാലാൻഡിലെ ജനങ്ങൾ.

റാണോ മെസെ ഷാസിയ, എസ്. ഫാങ്നോണ്‍ കൊന്യാക്

1977ല്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായ റാണോ മെസെ ഷാസിയയാണ് നാഗാലാന്‍ഡില്‍ നിന്ന് പാര്‍ലമെന്‍റിലെത്തിയ ആദ്യ വനിത. ലോക്സഭയിലേക്കാണ് ഷാസിയ തെരഞ്ഞെടുക്കപ്പെട്ടത്. 2022ൽ സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗമായി ബി.ജെ.പിയുടെ എസ്. ഫാങ്നോണ്‍ കൊന്യാകിനെ നാമനിര്‍ദേശം ചെയ്തിരുന്നു.

Tags:    
News Summary - Hekani Jakhalu Becomes First Woman To Be Elected To State Assembly The NDPP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.