ന്യൂയോർക്ക്: ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കഫിയ്യ ധരിച്ചതിന് ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പുരസ്കാരം നിരസിച്ച് പുലിസ്റ്റർ അവാർഡ് ജേതാവും ഇന്ത്യൻ വംശജയുമായ ജുമ്പാ ലാഹിരി. ക്യൂൻസിലെ നൊഗുച്ചി മ്യൂസിയം നൽകുന്ന 2024ലെ ഇസാമു നൊഗുച്ചി പുരസ്കാരമാണ് ജുമ്പാ ലാഹിരി നിരസിച്ചത്.
ജുമ്പാ ലാഹിരി പുരസ്കാരം നിഷേധിച്ച വിവരം നൊഗുച്ചി മ്യൂസിയമാണ് പുറത്തുവിട്ടത്. എഴുത്തുകാരിയുടെ കാഴ്ചപ്പാടിനെ ആദരിക്കുന്നുവെന്നും സ്ഥാപനത്തിന്റെ പുതിയനയം എല്ലാവരുടെയും കാഴ്ചപ്പാടുമായും ഒത്തുപോകണമെന്നില്ലെന്നും വാർത്താക്കുറിപ്പിൽ മ്യൂസിയം അധികൃതർ വ്യക്തമാക്കി.
വിശാല കാഴ്ചപ്പാടും തുറന്ന സമീപനവും പുലർത്തി കൊണ്ടുതന്നെ ഇസാമു നൊഗുചിയുടെ കലയെയും പൈതൃകത്തെയും ആദരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന സുപ്രധാന ദൗത്യവുമായി മുന്നോട്ടു പോകുമെന്നും അധികൃതർ അറിയിച്ചു.
40 വർഷം മുമ്പ് ജാപ്പനീസ്-അമേരിക്കൻ ഡിസൈനറും ശിൽപിയുമായ നൊഗുച്ചിയാണ് ന്യൂയോർക്ക് ആസ്ഥാനമായി മ്യൂസിയം സ്ഥാപിച്ചത്. ജോലി സമയത്ത് ജീവനക്കാർക്ക് 'രാഷ്ട്രീയ സന്ദേശങ്ങളോ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ' പ്രകടമാക്കുന്ന വസ്ത്രങ്ങളോ ആഢംബര സാധനങ്ങളോ ധരിക്കാൻ കഴിയില്ലെന്ന് നൊഗുച്ചി മ്യൂസിയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത കുടുംബത്തിലെ അംഗമായ ജുമ്പാ ലാഹിരി എന്ന യു.എസ് എഴുത്തുകാരി. ഇറ്റാലിയൻ ഭാഷയിൽ ഇൻ അദർ വേർഡ്സ്, വേർ എബൗട്ട്സ് തുടങ്ങിയ പുസ്തകങ്ങളും ജുമ്പാ ലാഹിരി രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.