??? ?????????

വര്‍ഷം 1967. കര്‍ണാടകയിലെ ഹുബ്ലിയിലുള്ള ബി.വി.ബി കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ അഡ്മിഷന്‍ സമയത്ത് എല്ലാ കണ്ണുകളും ഒരാളിലേക്ക് കേന്ദ്രീകരിച്ചു. കോളജിന്‍െറ ചരിത്രത്തിലാദ്യമായി ഒരു പെണ്‍കുട്ടി പ്രവേശനത്തിനായി പിതാവിനൊപ്പം ശിരസ്സുയര്‍ത്തി പടികയറി വരുന്നു. പെണ്‍കുട്ടികള്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നാല്‍ വിവാഹം ശരിയാവില്ലെന്നു പറഞ്ഞ് ബന്ധുക്കളും കൂട്ടുകാരും അയല്‍വാസികളുമൊക്കെ പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചതാണ്. അതൊന്നും വകവെക്കാതെയാണ് വരവ്.

അങ്ങനെ 250 വിദ്യാര്‍ഥികളുള്ള കോളജില്‍ ഒരു പെണ്‍കുട്ടിയുടെ സാന്നിധ്യമറിഞ്ഞു. പിന്നെ ഈ തന്‍േറടത്തെയൊന്ന് പുറത്തിടാനായി സഹപാഠികളുടെ ശ്രമം. എന്നാല്‍, മനസ്സിലുറപ്പിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കാതെ തിരിച്ചുപോകില്ലെന്ന വാശിയിലായിരുന്നു ആ 17കാരി. അതും അഞ്ചുവര്‍ഷത്തിനിടെ ഒരു ക്ലാസ് പോലും മുടക്കാതെ. മുടങ്ങിയാല്‍ ഒരാളും ആ ദിവസത്തെ നോട്ട് നല്‍കില്ലെന്ന് ബോധ്യമുള്ളതിനാല്‍ രോഗങ്ങള്‍ക്കുപോലും പിടികൊടുക്കാതെയാണ് അവളെത്തിയത്. തന്നെ വീട്ടിലിരുത്താന്‍ തുനിഞ്ഞവരോടുള്ള പ്രതികാരം അവള്‍ തീര്‍ത്തത് പരീക്ഷകളിലൂടെയായിരുന്നു. ഒന്നില്‍പോലും അവളെ പിന്നിലാക്കാന്‍ ആണായി പിറന്നവര്‍ ആരുമുണ്ടായില്ല.

1972ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ മറ്റെല്ലാവരെയും പിന്നിലാക്കി മുഖ്യമന്ത്രിക്കരികെ സ്വര്‍ണമെഡലുമായി അവള്‍ അഭിമാനത്തോടെ നിന്നു. സുധ കുല്‍ക്കര്‍ണിയെന്നും പിന്നീട് സുധ മൂര്‍ത്തിയെന്നും അറിയപ്പെട്ട അവള്‍ രാജ്യത്തിന്‍െറ പെണ്‍കരുത്തിന്‍െറ പ്രതീകമായി. രാജ്യത്ത് വിവരസാങ്കേതികവിദ്യയുടെ വിപ്ളവം സൃഷ്ടിച്ച ‘ഇന്‍ഫോസിസ്’ എന്ന കമ്പനിയുടെ പിറവിക്ക് കാരണക്കാരിയായും സാമൂഹികപ്രവര്‍ത്തകയായും എഴുത്തുകാരിയായും അധ്യാപികയായുമെല്ലാം നിറഞ്ഞു നിന്നു.

ഭര്‍ത്താവ് നാരായണമൂര്‍ത്തിക്കൊപ്പം
 


ടാറ്റയെ തിരുത്തിച്ച തന്‍േറടം
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തീകരിച്ച സുധ ഉപരിപഠനത്തിന് തെരഞ്ഞെടുത്തത് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ‘ടാറ്റ’ സ്ഥാപിച്ച മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്. 1974ല്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലെ ഒരേയൊരു പെണ്‍കുട്ടി കോഴ്സ് പൂര്‍ത്തീകരിക്കുമ്പോള്‍ സ്വപ്നം കണ്ടത് ഒരു പിഎച്ച്.ഡിയായിരുന്നു. ഇന്ത്യയില്‍ ജോലിക്കുചേരാന്‍ താല്‍പര്യമില്ലാതിരുന്ന അവള്‍ക്ക് അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളില്‍നിന്ന് പിഎച്ച്.ഡി പഠനത്തിന് വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. എന്നാല്‍, കോഴ്സിന്‍െറ അവസാനഘട്ടത്തില്‍ കോളജ് നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട ഒരു അറിയിപ്പ് അവളെ പിടിച്ചുലച്ചു. ഇന്ന് ടാറ്റ മോട്ടോഴ്സ് ആയി മാറിയ ടാറ്റ എന്‍ജിനീയറിങ് ആന്‍ഡ് ലോകോമോട്ടിവ് കമ്പനിയില്‍ (ടെല്‍കോ) എന്‍ജിനീയര്‍ നിയമനത്തിന് ഊര്‍ജസ്വലരായ യുവാക്കളെ ക്ഷണിച്ചുള്ളതായിരുന്നു അത്. ഏറ്റവും അടിയിലുള്ള കുറിപ്പാണ് സുധയിലെ പോരാളിയെ പ്രകോപിപ്പിച്ചത്. ‘പെണ്‍കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല’ എന്നായിരുന്നു ആ വാചകം. ഉടന്‍ ഒരു പോസ്റ്റ്കാര്‍ഡില്‍ കമ്പനി തലവനായ ജെ.ആര്‍.ഡി. ടാറ്റക്ക് ഒരു കത്തെഴുതി. ടാറ്റ രാജ്യത്തിന് നല്‍കിയ സേവനങ്ങളെ പ്രകീര്‍ത്തിച്ച് തുടങ്ങിയ എഴുത്ത്, സ്ഥാപനത്തിലെ ലിംഗവിവേചനം തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്ന വാചകത്തോടെയാണ് അവസാനിപ്പിച്ചത്.

പത്തുദിവസത്തിന് ശേഷം പുണെയിലെ ടെല്‍കോ ഓഫിസില്‍ പ്രത്യേക ഇന്‍റര്‍വ്യൂവിനത്തൊന്‍ ടെലഗ്രാം ലഭിച്ചു. അവിടെയെത്തുനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇന്‍റര്‍വ്യൂ ഹാളിലേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ ബോര്‍ഡിലുണ്ടായിരുന്ന ചിലര്‍ പിറുപിറുത്തു, ‘‘ഇതാണ് ടാറ്റക്ക് കത്തയച്ച പെണ്‍കുട്ടി’’. ജോലി ലഭിക്കില്ലെന്ന് ഉറപ്പിച്ച് പോയതിനാല്‍ ഓരോ ചോദ്യത്തിനും നിര്‍ഭയമായി ആയിരുന്നു മറുപടി. രണ്ടര മണിക്കൂര്‍ നീണ്ട ഇന്‍റര്‍വ്യൂ കഴിഞ്ഞ് വൈകാതെ നിയമന അറിയിപ്പും ലഭിച്ചു. സ്വര്‍ണമെഡലോടെ നേടിയ ഒന്നാം റാങ്കിന്‍െറ പകിട്ടോടെ എം.ടെക് പൂര്‍ത്തീകരിച്ച സുധ, ടാറ്റയിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ കമ്പനിയിലെ ആദ്യ വനിത എന്‍ജിനീയറായി ചേരാന്‍ തീരുമാനമെടുത്തു. ടാറ്റയുടെ തൊഴില്‍നയം തന്നെ തിരുത്തിക്കാന്‍ കാരണക്കാരിയായ ആ 24കാരി അങ്ങനെ പുണെയില്‍ ഡെവലപ്മെന്‍റ് എന്‍ജിനീയറായി. പിന്നെ മുംബൈയിലും ജാംഷഡ്പൂരിലുമെല്ലാം കമ്പനി പ്രതിനിധിയായി.

സുധ മൂര്‍ത്തി ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങുന്നു
 


ലാളിത്യത്തിന്‍െറ ഗൃഹപാഠം
1950 ആഗസ്റ്റ് 19ന് കര്‍ണാടകയിലെ ഷിഗ്ഗാവോണില്‍ ഡോ. ആര്‍.എച്ച്. കുല്‍ക്കര്‍ണി-വിമല ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമത്തെയാളായി ജനിച്ച സുധ മാതാപിതാക്കളില്‍നിന്നാണ് ലാളിത്യത്തിന്‍െറ ആദ്യ പാഠങ്ങള്‍ പഠിച്ചത്. അത്യാവശ്യം സമ്പത്തുണ്ടായിട്ടും വിലകൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ മക്കള്‍ക്ക് അവര്‍ വാങ്ങിനല്‍കിയില്ല. പകരം വീട്ടിലൊരു ലൈബ്രറിയൊരുക്കി. നിരന്തര വായന കുട്ടിക്കാലത്തുതന്നെ സുധയെ എഴുത്തുകാരിയാക്കി. നിരക്ഷരയായിരുന്ന 62കാരിയായ മുത്തശ്ശിയെ എഴുത്തും വായനയും പഠിപ്പിച്ച അവര്‍ 1966ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായാണ് പഠനത്തിലെ മിടുക്കറിയിച്ചത്. പിന്നെ കര്‍ണാടക സര്‍വകലാശാല പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതിന് സി.ഡി. ദേശായി പുരസ്കാരവും സംസ്ഥാനത്തെ മികച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കുള്ള യൂത്ത് സര്‍വിസ് ഡിപ്പാര്‍ട്മെന്‍റ് പ്രൈസുമെല്ലാം തേടിയെത്തി. സാമൂഹിക പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന നിര്‍വൃതി ബോധ്യപ്പെടുത്തിയത് ജെ.ആര്‍.ഡി. ടാറ്റയാണ്. 1982ല്‍ ഇന്‍ഫോസിസ് തുടങ്ങാനായി കമ്പനി വിടുന്നതറിയിച്ചപ്പോള്‍ നല്‍കിയ ഉപദേശം ഏറെ തിരിച്ചറിവുകള്‍ നല്‍കുന്നതായിരുന്നു. ‘‘നിങ്ങള്‍ സമ്പത്തിന്‍െറ കൈകാര്യകര്‍ത്താവ് മാത്രമാണ്. അത് പല കൈകളിലൂടെയും സഞ്ചരിക്കും. നിങ്ങള്‍ വിജയിക്കുമ്പോള്‍ അത് സമൂഹത്തിന് നല്‍കുക. അതാകും നിങ്ങള്‍ക്ക് സല്‍പ്പേര് നല്‍കുക’’. ഈ വാക്കുകള്‍ ജീവിതകാലം മുഴുവന്‍ പ്രാവര്‍ത്തികമാക്കാനാണ് സുധ ശ്രമിച്ചത്.

നാരായണമൂര്‍ത്തിയുടെ കൂട്ട്
ടെല്‍കോയില്‍ ജോലി ചെയ്യുന്നതിനിടെ സഹപ്രവര്‍ത്തകനായിരുന്ന പ്രസന്ന വഴിയാണ് പില്‍ക്കാലത്ത് ഇന്‍ഫോസിസ് സ്ഥാപകനായി മാറിയ എന്‍.ആര്‍. നാരായണമൂര്‍ത്തിയെ പരിചയപ്പെടുന്നത്. ഒരിക്കല്‍ അദ്ദേഹം സുധയടക്കമുള്ളവരെ സ്വകാര്യ ഹോട്ടലില്‍ ഡിന്നറിന് ക്ഷണിച്ചു. അവിടെവെച്ച് സ്വന്തം പോരായ്മകള്‍ ഏറ്റുപറഞ്ഞൊരു വിവാഹാഭ്യര്‍ഥനയുമുണ്ടായി. മറുപടി നല്‍കാന്‍ കുറച്ചുസമയം ചോദിച്ച സുധ വീട്ടുകാരുമായി കൂടിയാലോചിച്ചു. നേരിട്ട് കാണണമെന്നായി മാതാപിതാക്കള്‍. ഒരുദിവസം രാവിലെ 10ന് കൂടിക്കാഴ്ച നിശ്ചയിച്ചു. ഗതാഗതക്കുരുക്കില്‍പെട്ട മൂര്‍ത്തി എത്തിയത് 12 മണിക്ക്. ഇങ്ങനെയൊരാള്‍ക്ക് എങ്ങനെ നിന്നെ ഏല്‍പിക്കുമെന്നായിരുന്നു പിതാവിന്‍െറ ചോദ്യം. നാരായണമൂര്‍ത്തിയോട് എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയക്കാരനാകണമെന്നും ഒരു അനാഥാലയം തുടങ്ങണമെന്നുമായിരുന്നു മറുപടി.

ഇങ്ങനെയൊരാള്‍ക്ക് മകളെ വിവാഹം ചെയ്തു നല്‍കാനാവില്ലെന്ന് പിതാവ് തീര്‍ത്തുപറഞ്ഞു. എന്നാല്‍, സ്വന്തം കുറവുകള്‍ പറഞ്ഞ് വിവാഹാഭ്യര്‍ഥന നടത്തിയ അദ്ദേഹത്തെയല്ലാതെ വിവാഹം കഴിക്കില്ളെന്ന് സുധ ശഠിച്ചപ്പോള്‍ സ്ഥിരം ജോലി ലഭിക്കുകയാണെങ്കില്‍ നോക്കാമെന്നായി പിതാവ്. അങ്ങനെ മൂന്നുവര്‍ഷം കടന്നുപോയി. 1977ല്‍ ബോംബെയിലെ പാറ്റ്നി കമ്പ്യൂട്ടേഴ്സില്‍ ജനറല്‍ മാനേജറായി മൂര്‍ത്തിക്ക് ജോലി ലഭിച്ചതോടെ വിവാഹത്തിന് അനുമതിയായി. അങ്ങനെ രണ്ടുപേരുടെയും കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തില്‍ അടുത്ത വര്‍ഷം വിവാഹം നടന്നു. 800 രൂപയുടെ വിവാഹചെലവ് ഇരുവരും വീതിച്ചെടുക്കുകയായിരുന്നു.

സുധക്കൊപ്പം സെല്‍ഫി എടുക്കുന്നവര്‍
 


സുധയുടെ ചെലവില്‍ ഇന്‍ഫോസിസിന്‍െറ പിറവി
ഇന്‍ഫോസിസ് എന്ന പേരില്‍ നാരായണമൂര്‍ത്തി സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങാന്‍ പദ്ധതിയിടുമ്പോള്‍ മുടക്കാന്‍ കൈയില്‍ ഒന്നുമില്ലായിരുന്നു. സുധ സമ്പാദിച്ചുവെച്ച 10,000 രൂപ അദ്ദേഹത്തിന്‍െറ സ്വപ്നസാക്ഷാത്കാരത്തിന് കൈമാറുമ്പോള്‍ രാജ്യത്തെ ഐ.ടി വിപ്ളവത്തിനുള്ള സഹായം കൂടിയായി അത്. 1981ല്‍ സഹപ്രവര്‍ത്തകരായിരുന്ന ആറുപേര്‍ക്കൊപ്പം നാരായണമൂര്‍ത്തി ഇന്‍ഫോസിസിന്‍െറ പ്രവര്‍ത്തനം തുടങ്ങി. 1982ല്‍ ടെല്‍കോയിലെ ജോലിയുപേക്ഷിച്ച് സുധയും ഒപ്പം ചേര്‍ന്നു. പുണെയില്‍ ചെറിയ വീട് ലോണിന് വാങ്ങിയപ്പോള്‍ ഓഫിസും അതായി. അങ്ങനെ സുധ ഒരേ സമയം കുക്കും ക്ലര്‍ക്കും പ്രോഗ്രാമറുമായി. ഇതിനൊപ്പം വാള്‍ചന്ദ് ഗ്രൂപ് ഓഫ് ഇന്‍ഡസ്ട്രീസില്‍ സീനിയര്‍ സിസ്റ്റം അനലിസ്റ്റിന്‍െറ ജോലിയും നോക്കി. 1983ലാണ് ബംഗളൂരുവിലെ ‘മൈകോ’യുടെ രൂപത്തില്‍ ആദ്യ ഉപഭോക്താവിനെ കിട്ടുന്നത്. അതുവരെ സുധയുടെ ചെലവില്‍ കഴിഞ്ഞ മൂര്‍ത്തി ബംഗളൂരുവിലേക്ക് താമസംമാറുകയും ജയനഗറില്‍ ഒരു വീട് താമസത്തിനും മറ്റൊന്ന് ഓഫിസിനും വാടകക്കെടുക്കുകയും ചെയ്തു. കമ്പനി എം.ഡിയായിരുന്ന നന്ദന്‍ നിലേക്കനിയും ഭാര്യ രോഹിണിയും ഇവര്‍ക്കൊപ്പമായി താമസം.

സുധയെയും കമ്പനി ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ നിലേക്കനി ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് പറ്റില്ളെന്നായിരുന്നു മുര്‍ത്തിയുടെ നിലപാട്. ഇന്‍ഫോസിസിനായി എല്ലാം സമര്‍പ്പിച്ച തന്നെ ഉള്‍പ്പെടുത്തുന്നതില്‍ ഭര്‍ത്താവിന്‍െറ എതിര്‍പ്പ് സുധയെ ആശ്ചര്യപ്പെടുത്തി. എന്നാല്‍, സുധ ഇന്‍ഫോസിസില്‍ ജോലിചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ താന്‍ മാറാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നിരസിച്ച് ഒരു വീട്ടമ്മയിലേക്ക് ചുരുക്കപ്പെട്ടപ്പോള്‍ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് ക്രൈസ്റ്റ് കോളജിലും ബംഗളൂരു യൂനിവേഴ്സിറ്റിയുടെ പി.ജി സെന്‍ററിലും കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയാവുകയും ചെയ്തു.

എഴുത്തിലെ വൈവിധ്യം
ഇംഗ്ലീഷിലും കന്നഡയിലുമായി 30ഓളം പുസ്തകങ്ങള്‍ രചിച്ച സുധ ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന എഴുത്തുകാരിലൊരാള്‍ കൂടിയാണ്. നോവല്‍, വിദ്യാഭ്യാസം, യാത്രാവിവരണം, ഓര്‍മക്കുറിപ്പുകള്‍ എന്നിവയിലെല്ലാം തന്‍േറതായ ഇടമുറപ്പിച്ചു. ഇംഗ്ളീഷ്, കന്നഡ പത്രങ്ങളില്‍ കോളമിസ്റ്റായും തിളങ്ങി. ‘ഹൗസ് ഓഫ് കാര്‍ഡ്സ്’ ആയിരുന്നു ആദ്യ നോവല്‍. എന്നാല്‍ ‘ഡോളര്‍ സോസ്’ എന്ന നോവലാണ് ഏറെ ശ്രദ്ധ നേടിയത്്. ഇത് പിന്നീട് പ്രമുഖ ചാനലില്‍ സീരിയലായി സംപ്രേഷണം ചെയ്തു. ‘ഹൗ ഐ റ്റോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്’ എന്ന പുസ്തകം 15 ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്തത്. ‘ദ ഡേ ഐ സ്റ്റോപ്ഡ് ഡ്രിങ്കിങ് മില്‍ക്ക്’ ആണ് അവസാനമായി പുറത്തിറങ്ങിയ പുസ്തകം. സിനിമയെ അതിരറ്റ് സ്നേഹിച്ച സുധ കൂട്ടുകാരുടെ വെല്ലുവിളി സ്വീകരിച്ച് തുടര്‍ച്ചയായി 365 ദിവസം സിനിമ കാണാനും നൂറുകണക്കിന് സിനിമകള്‍ ശേഖരിച്ച് അതിന്‍െറ സംവിധാനവും എഡിറ്റിങ്ങും വിലയിരുത്താനും സമയം കണ്ടെത്തി.

സുധ മൂര്‍ത്തി ബാംഗ്ളൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ചേതന്‍ ഭഗതിനൊപ്പം
 


അംഗീകാരങ്ങളുടെ പൊന്‍തിളക്കം
സമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും സുധയെ തേടിയത്തെി. ഇന്ത്യയിലെ ഏഴ് സര്‍വകലാശാലകളാണ് ഹോണററി ഡോക്ടറേറ്റ് നല്‍കി ഇവരെ ആദരിച്ചത്. 2006ല്‍ രാജ്യത്തെ നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ അവാര്‍ഡ് നേടിയ സുധയെ തേടി മികച്ച സാമൂഹിക പ്രവര്‍ത്തകക്കുള്ള പബ്ലിക് റിലേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ അവാര്‍ഡ്, മദര്‍ തെരേസ മെമ്മോറിയല്‍ ഇന്‍റര്‍നാഷനല്‍ അവാര്‍ഡ്, കര്‍ണാടക സര്‍ക്കാറിന്‍െറ അത്തിമബ്ബെ സാഹിത്യ അവാര്‍ഡ്, 2000ത്തിലെ കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്, കമ്പ്യൂട്ടര്‍ വേള്‍ഡ് അന്താരാഷ്ട്ര അവാര്‍ഡ്, ആര്‍.കെ. നാരായണന്‍ സാഹിത്യ അവാര്‍ഡ്, സര്‍ എം. വിശ്വേശരയ്യ നവരത്ന അവാര്‍ഡ്, യശ്വന്ത് റാവു ചവാന്‍ ദേശീയ അവാര്‍ഡ്, ലക്ഷ്മി എന്‍. മേനോന്‍ അവാര്‍ഡ്, പോള്‍ ഹാരിസ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും തേടിയത്തെി. 2013ല്‍ സാമൂഹിക പ്രവര്‍ത്തനത്തിന് ഭര്‍ത്താവ് നാരായണമൂര്‍ത്തിക്കൊപ്പം ലഭിച്ച ബസവശ്രീ അവാര്‍ഡിന്‍െറ സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപ ഒരു അനാഥാലയത്തിന് നല്‍കിയും ഇവര്‍ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.
ഇല്ലായ്മക്കാരെയും ദുരിതമനുഭവിക്കുന്നവരെയും സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തുകയും ആദരിക്കുകയും ചെയ്തുവെന്നതാണ് സുധ മൂര്‍ത്തിയെ പ്രസക്തയാക്കുന്നത്്. 67ാം വയസ്സിലും തന്‍െറ ഉദ്യമത്തില്‍നിന്ന് അവര്‍ പിന്‍വാങ്ങിയിട്ടില്ല. ജീവന്‍ അവശേഷിക്കുന്ന കാലം മുഴുവന്‍ അത് തുടരുമെന്ന് പറയുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തിന്‍െറ മനോഹാരിതയുണ്ട്. ഭര്‍ത്താവ് നാരായണമൂര്‍ത്തിയുടെയും മക്കളായ അക്ഷത, രോഹന്‍ എന്നിവരുടെയും പിന്തുണയില്‍ സേവനരംഗത്ത് ലാളിത്യത്തിന്‍െറയും സൂക്ഷ്മതയുടെയും ചില പാഠങ്ങള്‍കൂടി ഇവര്‍ പകര്‍ന്നു നല്‍കുന്നു, ഒപ്പം എഴുത്തിലൂടെ നന്മയുടെ ജീവിതാനുഭവങ്ങളും.

സോണിയ ഗാന്ധിക്കൊപ്പം
 


ജനസേവനത്തിന്‍െറ പുതുവഴികള്‍
ഇന്‍ഫോസിസ് വളര്‍ന്നപ്പോള്‍ ജനസേവനത്തിന്‍െറ പുതുവഴികളിലേക്ക് സുധയെ നയിച്ചത് 1996ല്‍ സ്ഥാപിതമായ ഇന്‍ഫോസിസ് ഫൗണ്ടേഷനായിരുന്നു. ഇതിന്‍െറ ചെയര്‍പേഴ്സനെന്ന നിലയില്‍ വിദ്യാഭ്യാസം, ആരോഗ്യം, വനിതാക്ഷേമം, കല, സംസ്കാരം, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങി സുധ കൈവെക്കാത്ത മേഖലകളുണ്ടായിരുന്നില്ല. കര്‍ണാടകയിലെ എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടറും ലൈബ്രറിയും ഒരുക്കാന്‍ മുന്നിട്ടിറങ്ങിയ ഫൗണ്ടേഷന്‍, യു.എസ്.എയില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ഹാര്‍വഡ് യൂനിവേഴ്സിറ്റിയില്‍ ‘ദ മൂര്‍ത്തി ക്ലാസിക്കല്‍ ലൈബ്രറി ഓഫ് ഇന്ത്യ’ സ്ഥാപിക്കുകയും ചെയ്തു. ഗേറ്റ്സ് ഫൗണ്ടേഷന്‍െറ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളിലും സുധ സജീവ സാന്നിധ്യമായി. നിരവധി ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ അവര്‍ ഭര്‍ത്താവിന്‍െറ സ്വപ്നമായ ഓര്‍ഫനേജുകളും ആശുപത്രികളും സ്ഥാപിക്കലിലും വ്യാപൃതയായി. ഉന്നത വിദ്യാഭ്യാസത്തിനായി കാണ്‍പുര്‍ ഐ.ഐ.ടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്മെന്‍റും ദേശീയ നിയമ ലൈബ്രറിയും സ്ഥാപിച്ചു. 2012-13ല്‍ ഗ്രാമീണമേഖലയില്‍ 10,000 ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതിക്കും സഹായവുമായത്തെി.

തെരുവുകളിലും ചേരികളിലും കഴിയുന്ന കുട്ടികളുടെ പുനരധിവാസം ഏറ്റെടുത്ത ഫൗണ്ടേഷന്‍ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ 2300 വീടുകളും നിര്‍മിച്ചുനല്‍കി. റോഡ് നിര്‍മാണം, അഴുക്കുചാല്‍ നിര്‍മാണം, വൈദ്യുതിയെത്തിക്കല്‍ എന്നിവക്കെല്ലാം സഹായവുമായെത്തി. കര്‍ണാടകക്ക് പുറമെ തമിഴ്നാട്, ഗുജറാത്ത്, ഒഡിഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രകൃതിദുരന്തത്തിനിരയായവര്‍ക്കും ആശ്വാസവുമായെത്തി. കലാകാരന്മാരെ സഹായിക്കാനുള്ള ഭവന്‍സ് തിരുച്ചി കേന്ദ്രത്തില്‍ അക്കാദമി സ്ഥാപിക്കാന്‍ 70 ലക്ഷം രൂപ നല്‍കിയ ഫൗണ്ടേഷന്‍, ബംഗളൂരു നിംഹാന്‍സില്‍ വാര്‍ഡുകളും വിശ്രമ കേന്ദ്രങ്ങളും നിര്‍മിച്ചുനല്‍കി. വര്‍ഷം അഞ്ചുമുതല്‍ ആറുകോടി രൂപ വരെയാണ് ഫൗണ്ടേഷന്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. ഗ്രാമവികസനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമായി 40 കോടിയിലധികം രൂപയാണ് ഇതുവരെ ചെലവിട്ടത്. ദിവസവും സഹായമഭ്യര്‍ഥിച്ച് സുധയെ തേടിയെത്തുന്നത് 120ഓളം ഫോണ്‍കാളുകള്‍. സംഭാവനക്ക് ഓരോ വര്‍ഷവും 10,000 പേരെങ്കിലും അപേക്ഷിക്കുന്നു.

Tags:    
News Summary - Indian philanthropist and writer Sudha Murthy, wife of infosys chairman narayana murthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.