കൊച്ചി: കേരളത്തിലങ്ങുനിന്നിങ്ങോളമുള്ള തീരദേശത്തിന് സുരക്ഷയൊരുക്കാനും തീരദേശ പൊലീസ് സ്റ്റേഷനുകളും പൊലീസുകാരെയും നയിക്കാനും കൊച്ചിയിൽ ഐ.പി.എസ് ഓഫിസറായ ജി. പൂങ്കുഴലിയുണ്ട്. 2023 മെയിലാണ് ഇവർ കോസ്റ്റൽ അസി. ഇൻസ്പെക്ടർ ജനറലായി (എ.ഐ.ജി) ചുമതലയേറ്റത്. അന്നുമുതൽ കോസ്റ്റൽ പൊലീസിൽ പുതിയ പദ്ധതികളും പരിഷ്കാരങ്ങളും നടപ്പാക്കി, കോസ്റ്റൽ പൊലീസിനെ കൂടുതൽ ജനപ്രിയമാക്കുന്നതിൽ മുന്നിലുണ്ട് ഇവർ.
തീരദേശ വനിതകളെ വിവിധ വിഷയങ്ങളിൽ ബോധവത്കരിക്കുകയാണ് ഇതിലൊന്ന്. ഗാർഹിക പീഡനം, പോക്സോ, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് കോസ്റ്റൽ പൊലീസുകാർ ക്ലാസെടുക്കുന്നത്. കൊച്ചി നഗരത്തിൽ ഡി.സി.പിയായിരുന്നു നേരത്തെ ജി. പൂങ്കുഴലി. അന്നത്തെ നഗരത്തിലെ അനുഭവ സമ്പത്തുകൂടി കൊച്ചിയിൽ തന്നെ കോസ്റ്റൽ എ.ഐ.ജിയായപ്പോൾ തുണയാവുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. വയനാട്, തൃശൂർ ജില്ല പൊലീസ് മേധാവി, കൊച്ചി ഡി.സി.പി തുടങ്ങിയ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ടെങ്കിലും കോസ്റ്റൽ പൊലീസിന്റെ ചുമതല അതിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും പൂങ്കുഴലി പറയുന്നു.
ചുമതലയേറ്റ സമയത്ത് 18 കോസ്റ്റൽ സ്റ്റേഷനുകളിലായി ഉണ്ടായിരുന്ന ഏറെക്കുറെ എല്ലാ ബോട്ടും ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഇതെല്ലാം പ്രവർത്തനക്ഷമമാക്കി, 21ൽ 18 എണ്ണവും ഓടിക്കാൻ തുടങ്ങി. വിവിധ സ്റ്റേഷനുകൾ സന്ദർശിച്ച് പൊലീസുകാരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടറിഞ്ഞ് പരിഹാര ശ്രമങ്ങൾ ആരംഭിച്ചു.
വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരുടെ പ്രവർത്തന മികവിന് പ്രോത്സാഹനം പകരാനായി ഓരോ മാസവും ബെസ്റ്റ് ബീറ്റ് ഓഫിസറെ തെരഞ്ഞെടുക്കാനും അവർക്ക് ബഹുമതി നൽകാനും തുടങ്ങിയത് ഉദ്യോഗസ്ഥർക്കിടയിൽ പ്രചോദനമായി. കൂടാതെ, മികച്ച പൊലീസ് സ്റ്റേഷനെയും ഇക്കൂട്ടത്തിൽ തെരഞ്ഞെടുക്കും.
ഇക്കഴിഞ്ഞ ജനുവരിയിൽ പൂങ്കുഴലിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വനിത കോസ്റ്റൽ പൊലീസുകാരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനും ഇവർ സമയം കണ്ടെത്തുന്നു.
കോസ്റ്റ് ഗാർഡ് കമാൻഡൻറും നിലവിൽ ഷിപ്പിൽ സേവനമനുഷ്ടിക്കുന്നയാളുമായ രവിശങ്കറിന്റെ പിന്തുണയും കൂട്ടായി. കോസ്റ്റൽ പൊലീസിനെ കൂടുതൽ കാര്യക്ഷമവും ആളുകളിലേക്കിറങ്ങിച്ചെല്ലുന്നതുമായ പദ്ധതികളാവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ജി. പൂങ്കുഴലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.